"വല്ലഭനു പുല്ലും ആയുധം' എന്നു കേട്ടിട്ടല്ലേയുള്ളൂ, എന്നാൽ, ശ്രീജ കളപ്പുരയ്ക്കൽ എന്ന യുവകലാകാരിയെ കണ്ടാൽ മതി, അതു സത്യമാണെന്ന് ആരും സമ്മതിക്കും! കൈയിൽ കിട്ടുന്നതെന്തും അതു പക്ഷിത്തൂവലോ കല്ലോ കടൽച്ചിപ്പിയോ എന്തുമാകട്ടെ, ശ്രീജയുടെ കൈയിലെത്തിയാൽ അതിന്റെ തലവര മാറും. തീർഥാടനത്തിനു പോകുന്നവർക്കു കല്ലും മുള്ളും കാലുക്കു മെത്തൈ ആണെങ്കിൽ ശ്രീജയ്ക്കു കല്ലും മുള്ളുമെല്ലാം കലയ്ക്കു മെത്തൈ ആണ്. കൽക്കഷണങ്ങളും കക്കത്തോടും കിളിത്തൂവലുകളും കാൻവാസുമെല്ലാം ശ്രീജ തൊട്ടാൽ കലാമൂല്യമുള്ളതായി മാറും. ശ്രീജ ഇടയ്ക്കിടെ രാജ്യത്തെ കലാകേന്ദ്രങ്ങളിലേക്കു യാത്രകൾ പോകും. കലാരൂപങ്ങളുണ്ടാക്കാനുള്ള കല്ലുകൾ തേടിയും വിവിധ കേന്ദ്രങ്ങളിലെ കലാവസ്തുക്കൾ കാണാനുമാണ് ഈ യാത്ര.
കല്ലിലെ കവിത
ഒഡീഷയിലെ ഹിരാക്കുഡിൽ പോയി മടങ്ങിയത് റോയൽ ചിത്രങ്ങൾ തീർക്കാനുള്ള കല്ലുകളുമായിട്ടാണ്. ഇവിടത്തെ വെള്ളാരം കല്ലുകളാണ് മൈസൂർ, താഞ്ചൂർ, സുർപൂർ പെയിന്റിംഗുകൾക്കുപയോഗിച്ചത്. സ്വർണം ചാലിച്ചെഴുതിയവയെന്നാണ് മൈസൂർ രീതി അറിയപ്പെടുന്നത്. താഞ്ചൂർ വരകളിൽ മുത്തും പൊന്നുമാണ് മുന്നിട്ടുനിൽക്കുന്നതെങ്കിൽ, സുർപൂർ രചനകളുടെ സവിശേഷത വൈരക്കല്ലും പവിഴവുമാണ്.
ആസാം കല്ലിൽ രാജസ്ഥാൻ വരകൾ
കാപ്പിപ്പൊടി നിറമുള്ള ആസാം കല്ലുകളിലാണ് രാജസ്ഥാൻ ശൈലികൾ വരച്ചിട്ടത്. ഇതിഹാസങ്ങളിലെയും പുരാണങ്ങളിലെയും ദൃശ്യങ്ങളും കഥാരംഗങ്ങളും നിറഞ്ഞു നിൽക്കുന്നതിനാൽ രാജസ്ഥാൻ വരകൾ രജപുത് പെയിന്റിംഗ്സ് എന്നും അറിയപ്പെടുന്നു. നിരവധി രാജസ്ഥാൻ വർക്കുകൾ ഇതിനകം ചെയ്തു. കുറെയെണ്ണം പണിപ്പുരയിലാണ്.
കടപ്പ കല്ലിൽ ഗുഹാചിത്രങ്ങൾ
കലർപ്പില്ലാത്ത കറുപ്പാണ് കടപ്പ കല്ലുകളുടെ പ്രത്യേകത. അതിനാൽ ഗുഹാചിത്രങ്ങളും മ്യൂറലുകളും വരച്ചിടാൻ തെക്കൻ ആന്ധ്രയിലെ കല്ലുകളാണ് ഉത്തമം. ചില അജന്ത, എല്ലോറ, ഭീംബട്ക ഗുഹാചിത്രങ്ങളും ഇന്ത്യ-നേപ്പാൾ അതിർത്തിയിലുള്ള ലാമ ചിത്രങ്ങളും പുനരാവിഷ്കരിച്ചത് കടപ്പ കല്ലുകളിലാണ്. മുനിയറകളും ഗുഹാക്ഷേത്രവും ശിലാലിഖിതങ്ങളുമുള്ള ഇടുക്കി ജില്ലയിലെ മറയൂരിലെയും ചെറുശിലായുഗസംസ്കാര ലിഖിതങ്ങളുള്ള വയനാട്ടിലെ എടയ്ക്കൽ ഗുഹയിലെയും ചില ദൃശ്യങ്ങളും കടപ്പ കല്ലുകളിൽ ശ്രീജ വരച്ചുണ്ടാക്കിയിട്ടുണ്ട്.
ചാലിയാർ കല്ലിൽ ഗോത്ര രചനകൾ
പെയിന്റിംഗിന് ഉചിതമായ കല്ലുകൾ ലഭിക്കാൻ കേരളത്തിലും ശ്രമം നടത്തിയെങ്കിലും ചാലിയാറിൽനിന്നു മാത്രമാണ് ഏതാനും കല്ലുകൾ കിട്ടിയത്. പരപരപ്പ് ആർജിച്ച അവയുടെ പ്രതലങ്ങൾ ട്രൈബൽ ആർട്ടിന് ഏറ്റവും ചേർന്നതായിരുന്നു. മധ്യേന്ത്യയിലെ ഏറ്റവും വലിയ ഗോത്രമായ ഗോണ്ട് ജനതയുടെ നാടോടി ജീവിതങ്ങളാണ് കേരളക്കല്ലുകളിൽ വരച്ചത്. കൂടാതെ, മഹാരാഷ്ട്രയിൽ പിറവികൊണ്ട വർലി ആർട്ട് എന്നറിയപ്പെടുന്ന ഗോത്രകലയ്ക്കും ചായം ചാലിച്ചു. സൗറ, ചൗരപഞ്ചസിക, മധുബാനി, അപഭ്രംശ രീതികളിലും വർക്കുകൾ ചെയ്തു.
അഞ്ചു മുതൽ പത്തിഞ്ചു വരെ വലിപ്പമുള്ള ഉരുണ്ടതും പരന്നതും നീണ്ടതുമായ കല്ലുകളാണ് കലാസപര്യയ്ക്കു തെരഞ്ഞെടുത്തത്. ഇതുവരെ ഇരുനൂറോളം കല്ലുകൾക്കു ചാരുതയേകി.
ചിപ്പികളിൽ പ്രകൃതി
കടൽച്ചിപ്പികൾ വാങ്ങാൻ പോയത് കന്യാകുമാരി, രാമേശ്വരം, തൂത്തുക്കുടി, കച്ച് എന്നിവിടങ്ങളിലേക്കാണ്. മുത്തുച്ചിപ്പികൾ വാങ്ങിയത് ഹൈദരാബാദിൽനിന്നാണ്. ഏറ്റവും വലിയ കടൽചിപ്പിക്ക് 42 സെന്റിമീറ്റർ നീളവും 28 സെന്റിമീറ്റർ വീതിയുമുണ്ടായിരുന്നു. നല്ല വില കൊടുക്കേണ്ടിവന്നു. ഗർജിക്കുന്ന സിംഹത്തെയാണ് വരച്ചത്. കച്ചിൽനിന്നു കൊണ്ടു വന്ന 37x17 സെ.മീ. ചിപ്പിയിൽ ജിറാഫ് തെളിഞ്ഞു. പ്രകൃതിദൃശ്യങ്ങളും ജീവജാലങ്ങളുമെല്ലാം ചിപ്പികൾ കോറിയിട്ടു. 2018ലെയും 19ലെയും വെള്ളപ്പൊക്കങ്ങളും കടൽചിപ്പികളെ സചിത്രമാക്കി. ആരെയും വിസ്മയിപ്പിച്ച് ചിപ്പികളിൽ വിരിഞ്ഞ 207 കലാരൂപങ്ങൾകണ്ട് "കടൽ ചിപ്പികളുടെ കലാകാരി' എന്നു പ്രമുഖർതന്നെ വിശേഷിപ്പിച്ചു.
ശംഖിൽ വിരിഞ്ഞ കുരിശ്
രണ്ടര അടി പൊക്കത്തിൽ കൊച്ചു കൊച്ചു ശംഖുകളെക്കൊണ്ടു നിർമിച്ച കുരിശ് കൊള്ളാമെന്നു പറയാത്തവരില്ല! എറണാകുളം പറവൂർ ചെട്ടിക്കാട്ടെ അന്തോണീസ് പുണ്യാളന്റെ തീർഥാടന കേന്ദ്രത്തിന് ആ വെൺ ശംഖു കുരിശ് അർപ്പണം ചെയ്തു. തൃശൂർ വടക്കുംനാഥൻ ക്ഷേത്രം ശംഖിൽ തീർക്കാൻ മൂന്നു മാസമെടുത്തു. മൂന്നടി നീളവും രണ്ടരയടി പൊക്കവുമുള്ള അമ്പലത്തിനു വലുതും ചെറുതുമായ 15 കിലോ ശംഖ് വേണ്ടിവന്നു. കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ്, തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, അനന്തപുരിയിലെ മഹാവിഷ്ണുക്ഷേത്രം ഇങ്ങനെ നീളുന്നു ശംഖിലെ കലകൾ. നാലടി പൊക്കത്തിൽ മൂന്നരയടി വീതിയിൽ ഏഴു നില പാണ്ഡ്യൻ ശൈലി ഗോപുരം പണിഞ്ഞത് ഊണും ഉറക്കവുമില്ലാത്ത രണ്ടര മാസംകൊണ്ടാണ്.
തൂവൽ ചിത്രങ്ങൾ
തൂവലുകൾ ശ്രീജയ്ക്കു പറത്തിവിടാനുള്ളതല്ലെന്നു തെളിയിക്കുകയാണ് ഈ രംഗത്തു ലഭിച്ച എട്ട് റിക്കാർഡുകളും രണ്ടു പുരസ്കാരങ്ങളും. 108 വലിയ തൂവൽ ചിത്രങ്ങളിൽ പൂന്തോട്ടവും സൂര്യാസ്തമയവും മുതൽ നീലപ്പൊന്മാനും തുമ്പിയും വരെ ഉൾപ്പെടുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന ഏഴു തരം ഫെസെന്റ് പക്ഷികളുടേത് (ഹെവൻലി ബേഡ്സ്) ഉൾപ്പെടെയുള്ളവയുടെ തൂവലുകൾ ശ്രീജയുടെ ശേഖരത്തിലുണ്ട്. തത്ത കുടുംബത്തിൽ ഏറ്റവും നീളമുള്ള സപ്തവർണക്കിളിയായ മക്കൗ, പഞ്ചവർണതത്തകൾ, കിഴക്കൻ പാലിയാർട്ടിക് സ്വദേശിയായ മാൻഡാരിൻ താറാവ്, ഗിനിയ കോഴി മുതലായവയോടൊപ്പം 50 തരം പ്രാവുകളും 60 തരം ചെറുകിളികളും കൂടിയാകുമ്പോൾ തൂവൽ ശേഖരം 300ൽ അധികം വളർത്തു പക്ഷികളുടേതാണ്.
ഏറ്റവുമധികം പക്ഷികളുടെ തൂവൽ ശേഖരത്തിനുള്ള "ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡും മികച്ച തൂവൽ ചിത്രങ്ങൾക്ക് "ദ ലിംക ബുക്ക് ഓഫ് വേൾഡ് റിക്കാർഡും'' തേടിയെത്തി. പക്ഷിവളർത്തലിൽ തത്പരരായ അനിൽ തമ്പി, ഷിജു, സുകു മുതലായവരുടെ സംഭാവനകളാണ് തൂവൽ ശേഖരം സന്പന്നമാക്കിയത്. തൂവൽ കൈകാര്യം ചെയ്യുന്പോൾ ത്വക് രോഗങ്ങളും അലർജികളും പിടിക്കാൻ സാധ്യതയുള്ളതിനാൽ കഴുകി വൃത്തിയാക്കി അണുനാശം വരുത്തണം. തൂവൽ സംരക്ഷണവും പ്രയാസമുള്ളതാണ്.
പ്രദർശനങ്ങൾ
15 ഏകാംഗ പ്രദർശനം ശ്രീജ നടത്തി. പ്രഥമ പ്രദർശനം എണ്ണച്ചായാചിത്രങ്ങളുടേതായിരുന്നു. അങ്ങനെ 2014ൽ തൃശൂർ കേരള ലളിതകലാ അക്കാദമിയിൽ "കേരളത്തിലെ നാട്ടുപൂക്കൾ'' എന്ന പേരിൽ 65 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. 2015ൽ തൃശൂർ ചർച്ച് മിഷൻ സൊസൈറ്റി ഹയർ സെക്കൻഡറി സ്കൂളിൽ തൂവൽ പ്രദർശനം. മൂന്നാം പ്രദർശനം കൊച്ചിയിലെ ലുലൂ മാളിൽ ഓയിൽ ചിത്രങ്ങളുടെയും തൂവൽ ചിത്രങ്ങളുടെയും. നാലാം പ്രദർശനം കല്ലുകളുടെ രചനകളുമായി ലളിതകലാ അക്കാദമിയിൽ. തുടർന്ന് വിവിധ വർഷങ്ങളിൽ തൃശൂർ, നിലന്പൂർ, തിരുവനന്തപുരം, പൊന്നാനി, ഫോർട്ട് കൊച്ചി എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽ പ്രദർശനങ്ങൾ. അടുത്തത് നൊസ്റ്റാൾജിയ എന്ന വേറിട്ട വിഷയമാണ്. അതിന്റെ പണിപ്പുരയിലാണിപ്പോൾ.
കണ്ണു തുറക്കാതെ അധികൃതർ
അപേക്ഷകൾ പലവട്ടം നൽകിയെങ്കിലും കേരള ലളിതകലാ അക്കാദമി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളൊന്നും ഇതുവരെ ഒരു ധനസഹായവും ചെയ്തില്ല എന്നൊരു സങ്കടം ശ്രീജയ്ക്കുണ്ട്. എന്നെങ്കിലും അവർ കണ്ണുതുറക്കാതിരിക്കില്ല എന്ന പ്രതീക്ഷയിലാണ് ഈ കലാകാരി.
തൃശൂരിലെ കോട്ടപ്പുറമാണ് സ്വദേശം. വാണിജ്യശാസ്ത്രത്തിലും അധ്യാപനത്തിലും ബിരുദങ്ങളുണ്ടെങ്കിലും ചിത്രകലാ അധ്യാപനമാണ് വരുമാന മാർഗം. കേരള വികാസ് കേന്ദ്രയുടെ വനിതാരത്നം പുരസ്കാരവും ഐഇഎസ് ജ്വാലയുടെ സ്ത്രീരത്നം അവാർഡും ലഭിച്ചു. മകൻ മഹേശ്വർ വിദ്യാർഥിയാണ്.
വിജയ് സിയെച്ച്