ബൗദ്ധിക വെല്ലുവിളിയോടെ ജനിച്ച ഏക മകൻ അഖിലുമായി ആശുപത്രികൾ കയറിയിറങ്ങുന്നതിനിടെയാണ് ജാസ്മിന്റെ കണ്ണിൽ ഇരുൾ പരന്നു തുടങ്ങിയത്. എല്ലാവിധ ചികിത്സകളും പരീക്ഷിച്ചെങ്കിലും മങ്ങിമങ്ങി കാഴ്ച പൂർണമായി നഷ്ടമാകുമെന്ന് ഡോക്ടർമാർ ഒടുവിൽ വിധിയെഴുതി. തളർച്ചയും തകർച്ചയും ഒരേപോലെ വേദനിപ്പിച്ച ആ ദിവസങ്ങളിൽ ജാസ്മിനൊരു തീരുമാനമെടുത്തു. കണ്ണുകളിൽ ഇരുൾ പരന്നാലും എന്നെ കൈപിടിച്ചു നടത്താൻ മുന്നിലും പിന്നിലും മുകളിലും ദൈവമുണ്ടാകും. അഖിൽ എന്ന അപ്പുവിനു കാവലും വീടിനു കരുതലുമായി പ്രത്യാശ കൈവിടാതെ ജീവിക്കും. കഠിനമായ കണ്ണുവേദനയിലും തലവേദനയിലും അഗ്നിപരീക്ഷകളിലും ഞാൻ തളരില്ല. പ്രകാശം എന്നേക്കുമായി അണയും മുൻപ് ഇരുൾ ജീവിതത്തിലേക്കു പരുവപ്പെടാൻ ജാസ്മിൻ കണ്ണുകളടച്ചു ജോലികൾ തനിയെ ചെയ്യാൻ പരിശീലിച്ചുതുടങ്ങി.
ഇരുളിനെ പേടിക്കാതെ
തേങ്ങാക്കൊത്ത് അരിയുന്നതിലായിരുന്നു ആദ്യ പരിശീലനം. മീൻ വെട്ടാനും ഇറച്ചി നുറുക്കാനും വസ്ത്രം കഴുകാനുമൊക്കെ കണ്ണുകളടച്ചു പിടിച്ചു പരിശീലിച്ചു. അടുപ്പും അടുക്കളസാധനങ്ങളും എവിടെയെന്ന് കൈയകലത്തിൽ പരതി തനിയെ പാചകം ചെയ്തു. വീടിന്റെ ഓരോ മുറിയും മുറ്റവും ദിശനോക്കി മനപ്പാഠമാക്കി. മകനെ കുളിപ്പിക്കുന്നതിനും ഭക്ഷണം വാരിക്കൊടുക്കുന്നതിനും പരസഹായം തേടിയില്ല. വേദനകൾക്കു ശമനമുണ്ടായില്ലെന്നു മാത്രമല്ല അനുദിനം ഇരുൾ കണ്ണിനെ മൂടിക്കൊണ്ടിരുന്നു.
വിധിയെന്നു പഴിച്ചു കീഴടങ്ങാതെ, കഷ്ടദുരിതങ്ങളിൽ ദൈവാശ്രയം തേടിയ ജാസ്മിൻ അതിജീവനപാതയിൽ ഇന്നൊരു വിസ്മയമാണ്. മുപ്പത് വനിതകൾക്കു ജോലി നൽകുന്ന സംരംഭകയാണ് ഈ വീട്ടമ്മ. നെയ്യപ്പവും അവലോസ്പൊടിയും ധാന്യപ്പൊടികളും അപ്പൂസ് ഫുഡ്സ് ബ്രാൻഡിൽ വിറ്റഴിക്കുന്ന ജാസ്മിന്റെ വിജയഗാഥയെ അപാരം എന്നു വിശേഷിപ്പിച്ചാൽ പോരാ ഇവരുടെ ജീവിതം ഒരു പാഠപുസ്തകം തന്നെയാണ്.
തൊടുപുഴ തുടങ്ങനാട് വിച്ചാട്ട് അജിയുടെ ഭാര്യ അൻപത്തിരണ്ടുകാരി ജാസ്മിന്റെ കൈപ്പുണ്യം ദിവസവും ആസ്വദിക്കുന്നവർ ആയിരക്കണക്കിനാണ്. അകക്കണ്ണിന്റെ വെളിച്ചത്തിൽ പതിനായിരം നെയ്യപ്പം വരെ ജാസ്മിൻ പലഹാരപ്പുരയിൽ തയാറാക്കുന്പോൾ ആവോളം സ്നേഹസാന്ത്വനം ചൊരിഞ്ഞ് വിളപ്പാടകലെ കരുതലോടെ അജിയുമുണ്ട്.
ഓരോന്നായി വെല്ലുവിളികൾ
ഹോം സയൻസും തയ്യലും ബ്യൂട്ടീഷൻ കോഴ്സും പാസായി 1998ലായിരുന്നു ജാസ്മിന്റെ വിവാഹം. അജിയുടെ പലചരക്ക് കടയോടുചേർന്ന് ഒരു തയ്യൽക്കട തുടങ്ങാനായിരുന്നു അവരുടെ ആഗ്രഹം. ആ സന്തോഷദാന്പത്യത്തിനു സമ്മാനമായി 1999ൽ അഖിൽ പിറന്നു. അവനെ ഓമനിച്ചു വളർത്തുന്നതിനിടെയാണ് തിരിച്ചടികളുടെ തുടക്കം. ആദ്യമാസങ്ങളിൽത്തന്നെ അഖിലിന് സെറിബ്രൽ പാൾസി അഥവാ ബൗദ്ധിക പരിമിതിയുണ്ടെന്നു ഞെട്ടലോടെ തിരിച്ചറിഞ്ഞു. ചികിത്സാ വഴികൾ തേടിയുള്ള യാത്രകളായി. മണിപ്പാൽ, മൈസൂർ, ചെന്നൈ, മധുര തുടങ്ങി പോകാത്ത സ്ഥാപനങ്ങളും സ്ഥലങ്ങളുമില്ല.
2001ൽ ചെന്നൈയിൽ താമസമാക്കി ആയുർവേദവും അലോപ്പതിയും ഹോമിയോപ്പതിയുമൊക്കെ പരീക്ഷിച്ചുനോക്കി. സ്വന്തം കാര്യങ്ങൾ നോക്കാനെങ്കിലും അഖിൽ ബൗദ്ധിക ശാരീരിക വളർച്ച നേടണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളു. ഒന്നര വർഷം ചെന്നൈയിൽ കഴിയുന്പോഴാണ് അടുത്ത തിരിച്ചടി.
ജാസ്മിന് കാഴ്ച അല്പം മങ്ങിയതുപോലെ. തിമിരമോ മറ്റോ ആവാമെന്നു കരുതി തൈലവും തുള്ളിമരുന്നും വാങ്ങി ഉപയോഗിച്ചിട്ടും ഫലപ്രാപ്തി കിട്ടിയില്ല. റെറ്റിനിറ്റിസ് പിഗ്മെന്റോസ എന്ന അപൂർവ നേത്രരോഗമാണെന്ന് അവസാനം വൈദ്യശാസ്ത്രം നിർണയിച്ചു. വശങ്ങളിലേക്കുള്ള കാഴ്ച മങ്ങിയതോടെ ഡ്രൈവിംഗ് അസാധ്യമായി. തുടർന്ന് നേർക്കാഴ്ചയും മങ്ങിമങ്ങിവന്നു. സൂചിവട്ടത്തിലേക്കെന്നതുപോലെ കാഴ്ച ചെറിയൊരു ദിശയിലേക്കു ചെറുതായി.
അടുത്ത വേദനാപർവം
അതികഠിനമായ പല്ലുവേദന. പല്ലിനു കേടില്ല താനും. കണ്ണുവേദന പല്ലിലും അനുഭവപ്പെടുന്നതാണെന്ന് ആദ്യമൊക്കെ കരുതി. വിദഗ്ധ പരിശോധനയിൽ ജാസ്മിന് ട്രൈജീമിനൽ ന്യൂറാൾജിയ എന്ന അപൂർവ രോഗമാണെന്നു തിരിച്ചറിഞ്ഞു. കവിളിൽ ഉൾപ്പെടെ മുഖത്തെ ഞരന്പുകൾ വലിഞ്ഞുമുറുകുന്ന അവസ്ഥ. അസഹനീയമായ ആ വേദനകളെയും മകനെപ്രതി മറന്ന് ജാസ്മിനും അജിയും പ്രാർഥനയിൽ ആശ്രയിച്ചു. ഇടയ്ക്കിടെ വേളാങ്കണ്ണി പള്ളിയിലെത്തി പ്രാർഥിക്കുകയായിരുന്നു ആശ്വാസം.
മരുന്നും ചികിത്സയുമില്ലാതെ പൂർണ അന്ധതയിലേക്ക് ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു. നനവും പീളയും കണ്ണിനെ അടച്ചുകൊണ്ടിരിക്കെ 2008ൽ നടത്തിയ ശസ്ത്രക്രിയ വിജയം കണ്ടില്ല. പരിമിതികളിൽ പിച്ചവയ്ക്കാൻ വിതുന്പുന്ന അഖിലിനെ ഉമ്മ വയ്ക്കുന്പോൾ ഈ ദന്പതികളുടെ ഹൃദയങ്ങൾ ഒരുപോലെ വിതുന്പി, കോർത്തുപിടിച്ച വിരലുകൾ വിറച്ചു. വറചട്ടിയിൽനിന്ന് എരിതീയിലേക്കെന്നപോലെ കനലെരിയുന്ന കണ്ണുകളിൽനിന്ന് കണ്ണീർ തോരാതൊഴുകി. 2011ൽ പൂർണ അന്ധത ജാസ്മിന്റെ ജീവിതത്തെ പൊതിഞ്ഞു.
വേളാങ്കണ്ണിയിൽ സംഭവിച്ചത്
വേദനകൾക്കും ദുരിതങ്ങൾക്കും ആശ്വാസം തേടി വേളാങ്കണ്ണി പള്ളിയിലെത്തിയ വേളയിൽ ഒരു വൈദികൻ ജാസ്മിനു നൽകിയ ഉപദേശവും ആശ്വാസവും പ്രത്യാശയുമാണ് ഇന്നത്തെ നിലയിലേക്കു ജീവിതത്തെ മാറ്റിമറിച്ചത്. പരീക്ഷണത്തിലും തകർച്ചയിലും മനസ് പതറുകയോ നിരാശപ്പെടുകയോ ചെയ്യാതെ ദൈവത്തിൽ ആശ്രയിച്ച് ചെയ്യാവുന്ന ജോലികൾ ചെയ്തു കരുത്തു നേടാനായിരുന്നു അച്ചന്റെ ഉപദേശം. അദ്ദേഹം ശിരസിൽ കൈവച്ചു പ്രാർഥിച്ചുകൊണ്ടിരിക്കെ ജാസ്മിന്റെ മനസിൽ തെളിഞ്ഞ ആശയമായിരുന്നു നെയ്യപ്പം തയാറാക്കി വിൽക്കുകയെന്നത്.
തുടങ്ങനാട്ടെ വീട്ടിലെത്തി കുറെ നെയ്യപ്പമുണ്ടാക്കി ഒരു പരീക്ഷണം. അതു കഴിച്ചവരൊക്കെ രുചിമാധുര്യത്തെ പുകഴ്ത്തി ഇതൊരു സംരംഭമാക്കാൻ പ്രോത്സാഹിപ്പിച്ചു. അവരുടെയൊക്കെ നിർബന്ധത്തിൽ അടുത്ത ദിവസം രണ്ടു കിലോ അരിയുടെ നെയ്യപ്പമുണ്ടാക്കി. അത് അജി കടയിൽ വച്ചപ്പോൾ അന്നുതന്നെ വിറ്റുതീർന്നു. അതോടെ അടുക്കളയിൽ ഒരേയിരുപ്പിൽ പാത്രങ്ങൾ കൈയകലത്തിൽ വച്ച് രണ്ടു സഹായികളുമായി ജാസ്മിൻ നാലും അഞ്ചും കിലോ അരിയുടെ നെയ്യപ്പം ദിവസവും തയാറാക്കി അജിയെ ഏൽപ്പിച്ചു. മധുരവും മയവുമുള്ള നെയ്യപ്പത്തിന് ആവശ്യക്കാരേറിവന്നു. പലരും പലേടങ്ങളിൽനിന്നു വീട്ടിൽ അന്വേഷിച്ചെത്തി. ശ്രാദ്ധം തുടങ്ങിയ ചടങ്ങുകൾക്ക് ഓർഡറുകൾ എത്തിത്തുടങ്ങി. അങ്ങനെ ഇതൊരു സംരംഭത്തിന്റെ തുടക്കമായി.
വിശുദ്ധയുടെ കരുതൽ
2009ൽ ഭരണങ്ങാനം പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ആയിരം കിലോ നെയ്യപ്പത്തിന് അപ്രതീക്ഷിതമായി ഓർഡർ ലഭിച്ചു. പാത്രങ്ങൾ വാടകയ്ക്കെടുത്ത് സാധന സാമഗ്രികൾ കടം വാങ്ങി മുറ്റത്ത് പന്തൽ കെട്ടി ജാസ്മിനും സഹായികളും 1,200 കിലോ നെയ്യപ്പം തയാറാക്കി. ഭരണങ്ങാനം പള്ളിയിൽനിന്നുള്ള ഓർഡർ അൽഫോൻസാമ്മ കരവലയം തീർത്ത കരുതലായിരുന്നുവെന്ന് ജാസ്മിനും അജിയും പറയുന്നു. നേർച്ചയായി മാറിയ നെയ്യപ്പം അപാരമായൊരു മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു. ഇപ്പോൾ ഭരണങ്ങാനം, മാന്നാനം തീർഥാടന കേന്ദ്രങ്ങളിൽ ദിവസവും നെയ്യപ്പം തയാറാക്കി എത്തിക്കുന്നത് ജാസ്മിനാണ്. കുറവിലങ്ങാട്, മാന്നാനം, അരുവിത്തുറ, കാഞ്ഞിരപ്പള്ളി, നാഗപ്പുഴ, കൂത്താട്ടുകുളം, കിഴതടിയൂർ, ചങ്ങനാശേരി തുടങ്ങിയ പള്ളികളിലും തീർഥാടനകേന്ദ്രങ്ങളിലുംനിന്ന് ആയിരം പതിനായിരം കണക്കിൽ ഓർഡറുകൾ വരുന്നു. ഇതോടെ സംരംഭം അതിവേഗം വളർന്നു. ലാഭവും വായ്പയും സ്വരൂപിച്ച് വീടിനോടു ചേർന്നൊരു ഷെഡ് പണിത് പാത്രങ്ങളും യന്ത്രങ്ങളും വാങ്ങി പാചകം വിപുലമാക്കി.
ഒരേ ദിവസം എണ്ണൂറു കിലോ വരെ നെയ്യപ്പം ഓർഡർ വന്ന ദിവസങ്ങളുണ്ട്. അങ്ങനെ വരുന്പോൾ മുപ്പതിലേറെ വനിതകൾ സഹായിക്കാനുണ്ടാകും. അകക്കാഴ്ചയും ആത്മവിശ്വാസവും പിൻബലമാക്കിയ ജാസ്മിന്റെ കരവിരുതും കൈപ്പുണ്യവുമാണ് അരിയും പാലും പഞ്ചസാരയും ജീരകവുമൊക്കെ അളവുതെറ്റാതെയും കുറവുവരാതെയും കുഴച്ചു പാകമാക്കുന്നത്. ആത്മബന്ധുക്കളെപ്പോലെ സഹപ്രവർത്തകരായ വനിതകൾ നെയ്യപ്പം തയാറാക്കി യന്ത്രത്തിൽ പായ്ക്ക് ചെയ്യുന്നു.
കോവിഡ് കാലത്തു നേരിയ മാന്ദ്യമുണ്ടായെങ്കിലും അപ്പൂസ് ഫുഡ്സ് അതിനെയൊക്കെ അതിജീവിച്ചു. അവലോസ് പൊടി നിർമാണമായിരുന്നു രണ്ടാം ഘട്ടം. അതും ഹിറ്റായതോടെ അരി, ഗോതന്പ്, റാഗി തുടങ്ങിയവ സ്വന്തം മില്ലിൽ പൊടിച്ചു വിൽക്കാൻ തുടങ്ങി. മേന്മയിലും രുചിയിലും വൃത്തിയിലും ജാസ്മിനു വിട്ടുവീഴ്ചയില്ല.
വേളാങ്കണ്ണി മാതാവ് അയച്ചതുപോലെയെന്നോണം കാണാനിടയായ വൈദികനാണ് ഈ വിജയത്തിനും ഭദ്രതയ്ക്കുമെല്ലാം പിന്നിലെന്നു ജാസ്മിൻ പറയുന്നു. അച്ചനെ പിന്നീട് ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നു സാധാരണ ദിവസങ്ങളിൽ 60 കിലോ അരിയുടെ നെയ്യപ്പമാണ് ഇവിടെ തയാറാക്കുന്നത്.
ഉൾക്കാഴ്ചയാണ് വലുത്
അപ്പൂസ് പ്രോസസിംഗ് യൂണിറ്റിൽ നിന്നും ദിവസേന ആയിരക്കണക്കിന് നെയ്യപ്പം വിവിധ ജില്ലകളിലേക്കു വണ്ടി കയറിപ്പോകുന്നു. മൊബൈൽ കോളുകൾ അറ്റന്റ് ചെയ്യുന്നതും ഓർഡറെടുക്കുന്നതുമൊക്കെ ജാസ്മിൻതന്നെ. ഒപ്പം നിൽക്കാൻ അജിയും. പരിഭവങ്ങളും പരാതികളുമില്ലാതെ നിറപുഞ്ചിരിയോടെ പ്രതീക്ഷയുടെ വെളിച്ചമായി മാറുകയാണ് മേരിലാൻഡ് കാര്യാങ്കൽ കുടുംബാംഗമായ ജാസ്മിൻ. നെയ്യപ്പത്തിനു കുഴയ്ക്കുക മാത്രമല്ല ഇറച്ചി പാകം ചെയ്യാനും മീൻകറി വയ്ക്കാനും തുണി കഴുകാനും മകനെ ശുശ്രൂഷിക്കാനുമെല്ലാം അകക്കണ്ണിന്റെ കാഴ്ച ധാരാളം. ചായ തയാറാക്കുന്നതും പാലു തിളപ്പിക്കുന്നതും മാത്രമാണ് ജാസ്മിന് പരിമിതി.
ജോലിക്കാരുടെ ശന്പളത്തിൽനിന്ന് ഒരു ഭാഗം മാറ്റിവച്ച ശേഷമാണ് ജാസ്മിൻ വേതനം നൽകുക. ഈ തുക പോസ്റ്റോഫീസിലും ഇതര സന്പാദ്യ പദ്ധതികളിലും അവരുടെതന്നെ പേരിൽ നിക്ഷേപിക്കുന്നു. വിവാഹം, വിദ്യാഭ്യാസം, വീടുനിർമാണം എന്നവയ്ക്കൊക്കൊക്കെ ജീവനക്കാർക്ക് അതു കരുതലായി മാറുന്നു. കുടുംബാംഗങ്ങളെപ്പോലെയാണ് ജാസ്മിൻ ഇവർക്കൊപ്പം കഴിയുന്നത്. ദീപികയിൽനിന്ന് ഞങ്ങളെത്തുന്പോൾ ജാസ്മിനും അജിയും അഖിലും അവരുടെ ജീവനക്കാർക്കൊപ്പം പൂക്കളവും സദ്യയും ഒരുക്കി ഓണം ആഘോഷിക്കുകയായിരുന്നു.
സഹനങ്ങൾ സാധ്യതകൾ
എല്ലാം വിധിയെന്നു പഴിച്ച് ദുഃഖിച്ചു തീർക്കുകയല്ല സഹനങ്ങളെ സാധ്യതകളാക്കി മാറ്റാമെന്ന് ജാസ്മിൻ തെളിയിച്ചിരിക്കുന്നു. 25 വയസുള്ള അഖിലിന് സ്വയം എഴുന്നേൽക്കാനും വീൽചെയറിൽ ഇരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ജാസ്മിന്റെയും അജിയുടെയും സഹായം വേണം. പ്രതിസന്ധികളും വഴിത്തിരിവുകളും നിറഞ്ഞ ജീവിതത്തെക്കുറിച്ച് ജാസ്മിൻ 2014ലും 2015ലും കോഴിക്കോട് ഐഐഎമ്മിലെ വിദ്യാർഥികളുടെ മുന്പിലും മറ്റ് വേദികളിലും അനുഭവം പങ്കുവച്ചിരുന്നു. ഇടയ്ക്കിടെ കണ്ണിന് വേദന വരാറുണ്ടെങ്കിലും അതൊക്കെ മറന്ന് ജോലിയിൽ ശ്രദ്ധവയ്ക്കുന്നു. ജീവിതം സാധ്യതകളുടേതാണ്. ആകാശത്തോളം ഉയരാൻ അവസരങ്ങളുണ്ട്. അതു പ്രയോജനപ്പെടുത്തുകയാണ് നമ്മുടെ ദൗത്യം. വേദനകളും തകർച്ചകളും വരുന്പോൾ ദൈവത്തിൽ ആശ്രയിക്കുക, അവിടത്തെ മുറുകെപ്പിടിക്കുക. ദൈവം ഒരാളെയും കൈവിടില്ല എന്നതാണ് എന്റെ ജീവിതാനുഭവം - ജാസ്മിൻ പറഞ്ഞു.
റെജി ജോസഫ്