കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും നവജീവനിലും മുപ്പതു വർഷം മുടങ്ങാതെ രോഗീസന്ദർശനം നടത്തുകയും വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയും പാവപ്പെട്ടവരെ സഹായിക്കുകയും ചെയ്തുപോന്ന ഒരു അമ്മച്ചിയെപ്പറ്റി മുൻപ് ഈ കോളത്തിൽ പരാമർശിച്ചിട്ടുണ്ട്. പാവങ്ങളുടെ അത്താണിയായിരുന്ന പൊൻകുന്നം സ്വദേശിനിയായ അമ്മച്ചി 96ാം വയസിൽ കഴിഞ്ഞയാഴ്ച ഭാഗ്യമരണം പ്രാപിച്ചു. സന്പന്ന കുടുംബാംഗമായിരിക്കെയും രോഗികളെയും അഗതികളെയും ആശ്വസിപ്പിക്കാനും കൈമറന്നു സഹായിക്കാനും കാണിച്ച കൃപകളെ മറക്കാനാവില്ല. പുരയിടത്തിലെ ജാതി മരത്തിൽനിന്നുള്ള വരുമാനവും മക്കൾ സമ്മാനിക്കുന്ന പണവും അവർ പൂർണമായി രോഗികളുടെ ആശ്വാസത്തിനായി വിനിയോഗിച്ചുപോന്നു.
നവജീവനിലെയും മെഡിക്കൽ കോളജിലെയും ശുശ്രൂഷയ്ക്കുപുറമെ നിരവധി മെഡിക്കൽ ഷോപ്പുകളിലൂടെ പാവപ്പെട്ട രോഗികൾക്ക് അമ്മച്ചി സൗജന്യമായി മരുന്നും നൽകിയിരുന്നു. നവജീവൻ കൂട്ടായ്മയുടെ അന്നദാനവണ്ടിയിൽ തുടർച്ചയായി നട്ടുച്ചനേരത്ത് ഒന്നര മണിക്കൂർ ക്ഷീണം മറന്നു നിന്ന് അയ്യായിരത്തോളം പേർക്ക് ചോറും കറികളും വിളന്പിക്കൊടുത്തിരുന്ന അമ്മച്ചി. ക്ഷീണിതയാകുന്നതിനു മുൻപ് 95-ാം വയസുവരെ അനേകായിരങ്ങളുടെ വിശപ്പകറ്റാൻ കാണിച്ചിരുന്ന കരുതലിന്റെ മാതൃസ്നേഹം മറക്കാനാവില്ല.
പാവങ്ങൾക്കായി നാം ചെറുവിരൽകൊണ്ടു ചെയ്യുന്ന സഹായം പോലും സ്വർഗത്തിൽ നിക്ഷേപമായി മാറുമെന്നത് തീർച്ചയാണ്. ജീവിച്ചിരിക്കെ നൻമ ചെയ്യുന്നവർക്ക് ജീവിതകാലത്തുതന്നെ ഭൂമിയിൽ വലിയ അനുഗ്രഹവും ഐശ്വര്യവും ലഭിക്കുമെന്നതിനും സംശയം വേണ്ട. അവരുടെ തലമുറകൾക്കും ദൈവികമായ കൃപ ലഭിക്കുമെന്നതും തീർച്ച. നവജീവൻ കൂട്ടായ്മയുടെ തുടക്കഘട്ടത്തിൽ മെഡിക്കൽ കോളജിലെ നിരവധി വിദ്യാർഥികളും ജീവനക്കാരും രോഗികളെയും അനാഥരെയും ശുശ്രൂഷിക്കാൻ കാണിച്ച ഉദാത്തമായ കാരുണ്യം പ്രത്യേകം ഓർമിക്കേണ്ടതുണ്ട്.
മനോരോഗികളെയും മാറാരോഗികളെയും കുളിപ്പിക്കാനും അവരുടെ വസ്ത്രം കഴുകിക്കൊടുക്കാനും മെഡിക്കൽ വിദ്യാർഥികൾ മുന്നോട്ടുവന്നു. മുടിവെട്ടി ക്ഷൗരം ചെയ്തു കൊടുക്കാൻ നഴ്സിംഗ് വിദ്യാർഥികളും കടന്നുവന്നു. ഇവർ ചെയ്തുപോയ നൻമകളെല്ലാം പിൽക്കാലത്ത് വലിയ അനുഗ്രഹങ്ങളായി ഇവരുടെമേൽ ഇപ്പോഴും ചൊരിയപ്പെട്ടുകൊണ്ടിരിക്കുന്നു. അനാഥരെ ഉടുപ്പിക്കുകയും ഉൗട്ടുകയും ചെയ്യുന്നതിൽ മുന്നോട്ടിറങ്ങിയ അന്നത്തെ വിദ്യാർഥികളിൽ പലരും മെഡിക്കൽ കോളജുകളിൽ ഉൾപ്പെടെ വിവിധ ആശുപത്രികളിലെ അതിപ്രശസ്തരായ ഡോക്ടർമാരായി സേവനം തുടരുന്നു.
പഠനകാലത്ത് കാണിച്ച അതേ നൻമയും സാമൂഹികപ്രതിബദ്ധതയും തുടർന്നുപോരുകയും ചെയ്യുന്നു. നൻമയുടെ മഹോന്നത ശുശ്രൂഷ അർപ്പിച്ച പൂർവ വിദ്യാർഥികളിൽ ഏറെപ്പേരും വിദേശങ്ങളിൽ വലിയ ശന്പളം പറ്റുന്ന നഴ്സുമാരും ഡോക്ടർമാരുമാണ്. അവധിക്ക് നാട്ടിലെത്തിയാൽ ഒന്നോ രണ്ടോ ദിവസമോ ഒരാഴ്ചക്കാലമോ നവജീവൻ കൂട്ടായ്മയ്ക്കൊപ്പം അവർ പഴയകാലശുശ്രൂഷ തുടരുന്നുമുണ്ട്. അവരെല്ലാം രോഗികൾക്കു മരുന്നും അഗതികൾക്കു ഭക്ഷണവുമായി വലിയ സഹായം നൽകിയശേഷമാണ് മടങ്ങിപ്പോരുന്നത്.
ഹൃദയശുദ്ധിയോടെയുള്ള ഏതു ശുശ്രൂഷയും സേവനവും അനേകമടങ്ങ് പ്രതിഫലമായി ജീവിച്ചിരിക്കെത്തന്നെ തിരിച്ചുകിട്ടും.ലോകം വഷളായി നശിച്ചുകൊണ്ടിരിക്കുന്നുവെന്ന് പരിഭവിക്കുന്പോഴും നൻമയുള്ള ഒട്ടേറെ മനുഷ്യർ നമുക്കിടയിൽ ഇപ്പോഴുമുണ്ടെന്നതിൽ ആശ്വസിക്കാം. നൻമമരം ചില്ലകളും ഇലകളുമായി പൂവിട്ടു പന്തലിച്ചുകൊണ്ടേയിരിക്കും. ചെറുതും വലുതുമായ കരുതലുകൾ സമ്മാനിക്കുന്ന മുപ്പതിനായിരം പേരുടെ കൂട്ടായ്മയുടെ പിൻബലത്തിലാണ് ദിവസവും അനേകായിരങ്ങളുടെ വിശപ്പകറ്റാൻ ഞങ്ങളുടെ കൂട്ടായ്മയ്ക്കാവുന്നത്. മുന്നൂറിലേറെ കിടപ്പുരോഗികൾക്കും അത്രത്തോളം മനോരോഗികൾക്കും മരുന്നിനും സംരക്ഷണത്തിനുമുള്ള വകയൊരുങ്ങുന്നതും അനേകം നല്ല മനസ്കരുടെ ഫലമാണ്.
പി.യു. തോമസ്, നവജീവൻ