കുട്ടികൾ വഴിപിഴച്ചുപോകുന്നുവെന്ന ആശങ്ക അധ്യാപകരിലും രക്ഷിതാക്കളിലും പതിവായി കേൾക്കാറുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികളെ പഠിക്കാൻ ഇരുപത് സർക്കാർ സ്കൂളുകൾ ഞാൻ പതിവായി സന്ദർശിച്ച് അവരോട് ഏറെ അടുപ്പത്തോടെ സംസാരിക്കാറുണ്ട്. ബിരിയാണിയും ചോക്ലേറ്റും സ്നേഹസമ്മാനങ്ങളുമൊക്കെക്കൊടുത്ത് കുട്ടികളുമായി ചങ്ങാത്തമായപ്പോൾ എനിക്കു ലഭിക്കുന്നത് വലിയ തിരിച്ചറിവുകളാണ്. കുട്ടികളല്ല, സാഹചര്യങ്ങളാണ് ഇക്കാലത്തെ പ്രശ്നം. കുട്ടികളെ വിശ്വസിച്ചും മനസിലാക്കിയും ഒപ്പം നിലകൊണ്ട് കുട്ടികളുടെ വിശ്വാസം നേടിയെടുത്താൽ അവരെ നല്ലവരാക്കി മാറ്റാം എന്ന തിരിച്ചറിവ് എനിക്കുണ്ടായി.
ലഹരിക്കും ഇന്റർനെറ്റിനും ഒരിക്കലും അടിമയാവില്ലെന്നും അച്ഛനമ്മമാരെ വേദനിപ്പിക്കില്ലെന്നും പ്രതിജ്ഞ ചൊല്ലിച്ചാണ് കുട്ടികളെ ഞാൻ സ്വന്തമാക്കുക. തുറന്നു സംസാരിക്കുന്പോൾ അവരിൽ പലരുടെയും മനസുകളിൽ മുറിവുകളും ആശങ്കകളും ദുഖങ്ങളുമുള്ളതായി കാണാം.
പഠനഭാരം പലരെയും അസ്വസ്ഥതപ്പെടുത്തുന്നു. അച്ഛനമ്മമാരിൽനിന്ന് സ്നേഹം കിട്ടുന്നില്ലെന്നാണ് ചിലർക്ക് പരാതി. രക്ഷിതാക്കളിലും സഹോദരങ്ങളിലുംനിന്നു കരുണയും കരുതലും ലഭിക്കാത്ത കുട്ടികളാണ് സമൂഹത്തിൽ അരക്ഷിതരായി മാറുന്നത്. അവരുടെ ഹൃദയത്തിലെ വേദനയും നൊന്പരങ്ങളും പ്രശ്നങ്ങളും അറിയാൻ ആരുമില്ല. സാമൂഹിക ബന്ധങ്ങളെക്കാൾ മാധ്യമബന്ധനം ഇക്കാലത്ത് ആഴത്തിൽ സ്വാധീനിക്കുന്നു. സ്മാർട്ട് ഫോണും ഇന്റർനെറ്റും വാട്സ് ആപ്പും സ്വന്തമായതോടെ അധാർമികതയിലേക്ക് അറിഞ്ഞോ അറിയാതെയോ കുട്ടികൾ കൂപ്പുകുത്തുകയാണ്. അതിനാൽ മാധ്യമ ചതിക്കെണികളെക്കുറിച്ചു കാലോചി തമായ ബോധവത്കരണം നൽകേണ്ടത് അധ്യാപകരാണ്.
വീട്ടിൽ മക്കളെ ചങ്ങാതികളെപ്പോലെ രക്ഷിതാക്കൾ കരുതുകയും ലളിതവും രസകരവുമായ ജോലികളിൽ പങ്കാളികളാക്കുകയും ചെയ്താൽ ഇന്റർനെറ്റ് അടിമത്തത്തിൽനിന്നു കുറെയൊക്കെ മോചിപ്പിക്കാം. വിനോദത്തിനു മാത്രമായി ടിവിയും മൊബൈലും ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കാൻ അവർക്ക് അഭിരുചിയും താത്പര്യവുമുള്ള ഹോബികളിലേക്കു വഴിതിരിച്ചുവിടണം.
ചെറിയ സമ്മാനങ്ങളും പ്രോത്സാഹനവാക്കുകളും ആത്മവിശ്വാസം വർധിപ്പിക്കും. കുറ്റപ്പെടുത്തലുകളും ശാസനകളും ശിക്ഷകളും ഇക്കാലത്ത് തിരുത്തലിന് ഉപകരിക്കില്ല. നന്നായി ചെയ്യാനും നല്ലതു കൂടുതൽ ചെയ്യാനും ശ്രമിക്കണമെന്ന പ്രാത്സാഹനമാണ് ഉത്തേജനമായി മാറുക. അച്ഛനമ്മമാരും മക്കളും ഒരുമിച്ച് പ്രാർഥിക്കുകയും ജോലി ചെയ്യുകയും ഭക്ഷിക്കുകയും ചെയ്യുന്പോൾ കുടുംബത്തിൽ ഐക്യവും സന്തോഷവും വളരും.
ലഹരിക്ക് അടിമപ്പെട്ട അച്ഛൻ മക്കളോട് മദ്യപിക്കരുതെന്ന് പറഞ്ഞിട്ടുകാര്യമില്ലല്ലോ. ദാന്പത്യബന്ധങ്ങളിലെ ഉലച്ചിലുകൾ ഏറ്റവും ആഘാതമുണ്ടാക്കുന്നത് കുട്ടികളിലാണ്. സ്കൂളുകളിൽ കൗണ്സിലർമാരുടെ സാന്നിധ്യം കൂടുതലായി വേണ്ടിയിരിക്കുന്നു. ഒരു കുട്ടിയും ഒറ്റ ദിവസംകൊണ്ടല്ല പ്രശ്നക്കാരനോ പ്രശ്നക്കാരിയോ ആവുന്നത്.
വീടുകളിൽ കരുതലും ശ്രദ്ധയും ലഭിക്കാതെയും മോശം സാഹചര്യങ്ങളിൽപ്പെട്ടു പോവുകയും ചെയ്യുന്പോഴാണ് തെറ്റുകളിലും അരുതുകളിലും എത്തിക്കുന്നത്. മാതാപിതാക്കളെ വേദനിപ്പിക്കുന്നതും അനുസരണക്കേട് കാട്ടുന്നതും വലിയ അപരാധവും പാപവുമാണെന്ന ബോധ്യം പകരുന്പോൾ കുറ്റബോധത്തോടെ തിരിച്ചറിവിൽ പല കുട്ടികളുടെയും കണ്ണുനിറയുന്നത് കാണാറുണ്ട്.
പി.യു. തോമസ്, നവജീവൻ