വൃക്കകളുടെ പ്രവർത്തനം മന്ദീഭവിച്ചു ഡയാലിസീസിലൂടെ ആയുസിനു നീളം കൂട്ടിക്കൊണ്ടിരുന്ന ജോസ് എന്ന ചെറുപ്പക്കാരൻ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽ മരണാസന്നനായി കിടന്ന ജോസിനു ശുശ്രൂഷയേക്കാൾ ആവശ്യം സാന്ത്വനമായിരുന്നു. വൈകുന്നേരം അത്താഴപ്പൊതിയുമായി വാർഡിലെത്തുന്പോൾ ജോസ് വാവിട്ടു കരയുകയാണ്.
തനിക്ക് മണിക്കൂറുകളുടെ ജീവിതംമാത്രമേ ബാക്കിയുള്ളുവെന്നും ഭാര്യയും രണ്ട് ആണ്കുഞ്ഞുങ്ങളുമുള്ള കുടുംബത്തെ ആരു പോറ്റുമെന്നുമായിരുന്നു ജോസിന്റെ ഉത്തരമില്ലാത്ത ചോദ്യം. പ്രണയിച്ചു വിവാഹം കഴിച്ച ജോസിന് ഭാര്യയെ എന്നേക്കുമായി വിട്ടുപിരിയുന്നതോർക്കുന്പോൾ ഹൃദയം പിളരുന്ന വേദന.
താൻ മരിച്ചാൽ ദുഃഖം താങ്ങാനാവാതെ ഭാര്യ ജീവനൊടുക്കുമോ എന്നുപോലും ജോസിന് ഭയം. കുഞ്ഞുമക്കളെയോർത്ത് ആ രാത്രി ജോസ് മുഖംപൊത്തി കരയുകയാണ്. വാരിക്കൊടുത്ത ചോറ് അൽപം മാത്രം കഴിച്ച് ആ ചെറുപ്പക്കാരൻ വേദനയുടെ കിടക്കയിൽ കണ്ണീരൊഴുക്കി കിടന്നു. ജോസിനെ കെട്ടിപ്പുണർന്ന് പ്രാർഥനയും ആശ്വാസവാക്കുകളും പകർന്നു മടങ്ങുന്പോൾ മനസ് പറഞ്ഞു, ജോസിന് മണിക്കൂറുകളേ ബാക്കിയുള്ളുവെന്ന്.
പിറ്റേന്ന് പുലർച്ചെ ജോസ് മരിച്ചു. ഞാൻ വാർഡിൽ ഓടിയെത്തുന്പോൾ അദ്ദേഹത്തിന്റെ ഭാര്യ വാവിട്ടു നിലവിളിക്കുന്നുണ്ട്. സമനില തെറ്റിയതുപോലെ അവർ ഭിത്തിയിൽ തുടരെ തലയിടിക്കുന്നു. നെറ്റി പൊട്ടി ചോര വാർന്നൊഴുകുന്നു. ബോധരഹിതയായി വീണ അവരുടെ മുറിവുകളിൽ നിരവധി തുന്നലുകൾ വേണ്ടിവന്നു. കണ്ണുതുറന്നപ്പോൾ ആവുന്നത്ര ആശ്വാസ വാക്കുകൾ അവരോടു പറഞ്ഞ് മൃതദേഹം ആംബുലൻസിൽ കയറ്റി നാട്ടിലേക്ക് അയച്ചു. ഒരാഴ്ചയ്ക്കുശേഷം അവർ കരഞ്ഞുകലങ്ങിയ മുഖത്തോടെ ദുഃഖഭാരത്താൽ ആർപ്പൂക്കര നവജീവൻ ഭവനത്തിലെത്തി. ആവും വിധമുള്ള സാന്ത്വനവാക്കുകളിൽ അവരെ ആശ്വസിപ്പിച്ചു, ഏറെപ്പേർ അവർക്കായി പ്രാർഥിച്ചു.
’ജോസിന്റെ മരണമുണ്ടാക്കിയ ആഘാതം നിങ്ങൾക്കു വലുതാണെന്നറിയാം. ഈ തകർച്ചയിൽ തളർന്നുപോകരുത്. ദൈവം നിങ്ങൾക്കു മുന്നേ തിരികെ വിളിച്ച ജോസിന്റെ ആത്മശാന്തിക്കായി പ്രാർഥിക്കാനുള്ള നിയോഗം നിങ്ങളിലുണ്ട്. ആത്മഹത്യ മാപ്പില്ലാത്ത അപരാധവും പാപവുമായതിനാൽ അതേക്കുറിച്ച് ഒരിക്കൽപോലും ചിന്തിക്കരുത്. തെറ്റുകൾക്കും കുറ്റങ്ങൾക്കും ക്ഷമചോദിച്ച് പാപകടങ്ങൾ പോക്കാൻ നിങ്ങൾ മരണം വരെ ജോസിനുവേണ്ടി പ്രാർഥിക്കണം. ആ സഹനപ്രാർഥന ദൈവം കേൾക്കാതിരിക്കില്ല. നിങ്ങൾക്കും മക്കൾക്കും സമാധാനവും ആശ്വാസവും ദൈവം തരും.’
സമാനമായ മരണ വേർപാടുകളിൽ ദൈവം പല കുടുംബങ്ങളെയും കൈപിടിച്ചു നയിച്ചതിന്റെ സാക്ഷ്യങ്ങൾ പങ്കുവെച്ചതോടെ അവരിൽ ആശ്വാസവും പ്രത്യാശയും ജനിച്ചുതുടങ്ങി. സാന്പത്തിക ഞെരുക്കം അവരെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ആവുന്ന സഹായങ്ങൾ നവജീവനിൽ നിന്ന് നൽകുകയും ചെയ്തു. വേദനകളെ സഹിച്ചും തകർച്ചകളെ തരണം ചെയ്തും അവർ മക്കളെ വളർത്തി, കുടുംബം പോറ്റി.
ഇരുപതു വർഷം പിന്നിടുന്പോൾ ആ കുടുംബം സാന്പത്തികമായി ഭദ്രതയിലാണെന്നു കാണുന്നതിൽ ദൈവത്തിനു നന്ദി. രണ്ടു മക്കൾക്കും ജോലി ലഭിച്ചിരിക്കുന്നു. കടബാധ്യതകളില്ല. രോഗികൾക്കും അഗതികൾക്കും സഹായങ്ങളുമായി ആ കുടുംബം നവജീവനിൽ ഇടയ്ക്കിടെ വരാറുണ്ട്. വേദനയിലും നഷ്ടത്തിലും തകർച്ചയിലും ദൈവത്തെ മുറുകെപ്പിടിച്ചാൽ അവിടുന്നു കൈവിടില്ലെന്നതിന് എത്രയോ അനുഭവങ്ങൾ ഓർമയിലുണ്ട്.
പി.യു. തോമസ്, നവജീവൻ