കോവിഡ് പ്രതിസന്ധി ബാധിച്ച കമ്പനികള്‍ക്ക് ജര്‍മനി വായ്പാ സഹായം തുടരും
Wednesday, November 11, 2020 2:53 PM IST
ബര്‍ലിന്‍: കോവിഡ്- 19 വ്യാപനവും അനുബന്ധ ലോക്ഡൗണും കാരണം പ്രതിസന്ധിയിലായ വ്യവസായ സ്ഥാപനങ്ങളെ സഹായിക്കാന്‍ പ്രഖ്യാപിച്ച വായ്പാപദ്ധതി തുടരാന്‍ ജര്‍മന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2021 മധ്യം വരെ ഇതു തുടരും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

കഴിഞ്ഞ വര്‍ഷത്തെ ടേണോവറിന്‍റെ 25% വരെയോ, അല്ലെങ്കില്‍ പരമാവധി എട്ടു ലക്ഷം യൂറോയോ ആണ് കമ്പനികള്‍ക്ക് വായ്പ നല്‍കുക. രാജ്യത്തെ പല ചെറുകിട~ഇടത്തരം കമ്പനികള്‍ക്കും ജീവവായു തന്നെയാണ് ഈ പദ്ധതി. ലോക്ഡൗണ്‍ സമയത്ത് ഉടനീളും പൂട്ടിയിടാന്‍ നിര്‍ബന്ധിതമായ ഈ കമ്പനികളില്‍ പലതും ഇപ്പോഴും പൂട്ടിപ്പോകാതെ പിടിച്ചു നില്‍ക്കുന്നത് ഈ പദ്ധതിയുടെ ബലത്തിലാണ്.

പത്ത് ജീവനക്കാര്‍ വരെയുള്ള കമ്പനികളെയും സ്വയംതൊഴില്‍ ചെയ്യുന്നവരെയുമാണ് പദ്ധതിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2021 ജൂണ്‍ 30 ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന കാലാവധി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ