ഡോണൾഡ് ട്രംപിന്റെ ജനപ്രീതി ഉയരുന്നതായി പുതിയ സർവേ
പി.പി. ചെറിയാൻ
Wednesday, September 10, 2025 7:40 AM IST
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജനപ്രീതി കുത്തനെ ഉയരുന്നതായി പുതിയ സർവേ ഫലങ്ങൾ. ഡെയ്ലി മെയിൽ, ജെ.എൽ. പാർട്ണേഴ്സ് എന്നിവർ സംയുക്തമായി നടത്തിയ സർവേയിൽ ട്രംപിന് 55 ശതമാനം അംഗീകാര റേറ്റിംഗ് ലഭിച്ചു. ഇത് ട്രംപിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ഉയർന്ന ജനപ്രീതിയാണിതെന്ന് ജെ.എൽ. പാർട്ണേഴ്സിന്റെ സഹസ്ഥാപകൻ ജെയിംസ് ജോൺസൺ വ്യക്തമാക്കി.
ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 1 വരെ 867 രജിസ്റ്റർ ചെയ്ത വോട്ടർമാരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. കുടിയേറ്റം, കുറ്റവാളികളെ നാടുകടത്തൽ തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് സ്വീകരിച്ച കർശന നിലപാടുകളാണ് ഈ ജനപ്രീതി വർധനവിന് പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ട്രംപിന്റെ നയത്തിന് സമൂഹത്തിൽ വലിയ പിന്തുണയുണ്ടെന്ന് സർവേ ഫലം സൂചിപ്പിക്കുന്നു. ഈ നയത്തിന് 80 ശതമാനം പേരുടെ പിന്തുണയുണ്ട്. ഇതിൽ 88 ശതമാനം റിപ്പബ്ലിക്കൻമാരും, 80 ശതമാനം സ്വതന്ത്ര വോട്ടർമാരും, 72 ശതമാനം ഡെമോക്രാറ്റുകളും ഉൾപ്പെടുന്നു.
അതിർത്തി സംരക്ഷണം, താരിഫ് വരുമാനം വർധിപ്പിക്കൽ, തലസ്ഥാന നഗരിയിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കൽ എന്നിവയിൽ ട്രംപിന്റെ ഭരണകൂടം വിജയിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ പ്രതികരിച്ചു. ട്രംപിന്റെ ’അമേരിക്ക ഫസ്റ്റ്’ അജണ്ട മികച്ച ഫലങ്ങൾ നൽകുന്നതായും അവർ കൂട്ടിച്ചേർത്തു. മറ്റൊരു സർവേയിൽ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിനെക്കാൾ മുന്നിലാണെന്നും കണ്ടെത്തി.