കമല ഹാരിസിന്റെ സീക്രട്ട് സർവീസ് സുരക്ഷ റദ്ദാക്കി ട്രംപ് ഭരണകൂടം
പി .പി. ചെറിയാൻ
Wednesday, September 3, 2025 7:23 AM IST
വാഷിംഗ്ടൺ: 2024 ലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയും മുന്‍ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ സീക്രട്ട് സർവീസ് സുരക്ഷ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻവലിച്ചു. സെപ്റ്റംബർ 23 ന് പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുതിയ പുസ്തകമായ 107 ഡേയ്സിന്റെ മൾട്ടിസിറ്റി ടൂറിനായി കമല ഹാരിസ് തയാറെടുക്കുന്നതിനിടെയാണ് ഈ തീരുമാനം.
കമല ഹാരിസിന്റെ സുരക്ഷ 2025 ജനുവരിയിൽ ജോ ബൈഡൻ 2026 ജനുവരി വരെ ഒരു വർഷത്തേക്ക് നീട്ടിയിരുന്നു. എന്നാൽ, വൈറ്റ് ഹൗസ് ഇപ്പോൾ അത് ഔദ്യോഗികമായി അവസാനിച്ചതായി പ്രഖ്യാപിച്ചു.
സാധാരണയായി, യുഎസിലെ മുൻ വൈസ് പ്രസിഡന്റുമാർക്ക് പദവി ഒഴിഞ്ഞതിന് ശേഷം 6 മാസത്തേക്ക് മാത്രമേ സീക്രട്ട് സർവീസ് സംരക്ഷണം ലഭിക്കൂ. യുഎസ് സീക്രട്ട് സർവീസിന്റെ പ്രഫഷനലിസത്തിനും, സമർപ്പണത്തിനും, സുരക്ഷയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും മുൻ വൈസ് പ്രസിഡന്റ് നന്ദിയുള്ളതായി കമല ഹാരിസിന്റെ മുതിർന്ന ഉപദേഷ്ടാവ് കിർസ്റ്റൺ അലൻ പറഞ്ഞു.