നാസയിലെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി ഇന്ത്യൻ വംശജൻ അമിത് ക്ഷത്രിയയെ നിയമിച്ചു
പി.പി. ചെറിയാൻ
Wednesday, September 10, 2025 7:19 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിലെ ഏറ്റവും ഉയർന്ന സിവില്‍ സര്‍വീസ് പദവിയായ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി ഇന്ത്യൻ വംശജനായ അമിത് ക്ഷത്രിയയെ നിയമിച്ചു. 20 വർഷമായി നാസയിൽ പ്രവർത്തിച്ചുവരുന്ന ബഹിരാകാശ ശാസ്ത്രജ്ഞനാണ് അമിത്. നാസയുടെ ആക്ടിംഗ് അഡ്മിനിസ്ട്രേറ്ററായ ഷോൺ പി. ഡഫിയാണ് സെപ്റ്റംബർ 4ന് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പുതിയ ചുമതല ഏറ്റെടുക്കുന്നതിനു മുൻപ്, വാഷിംഗ്ടണിലെ നാസ ആസ്ഥാനത്തുള്ള എക്സ്പ്ലോറേഷൻ സിസ്റ്റംസ് ഡെവലപ്മെന്റ് മിഷൻ ഡയറക്ടറേറ്റിന്റെ ഭാഗമായ ’മൂൺ ടു മാർസ്’ പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ഇൻചാർജ് ആയിരുന്നു അമിത്.
ബഹിരാകാശ പര്യവേക്ഷണത്തോടുള്ള നാസയുടെ പ്രതിബദ്ധതയുടെ സൂചനയാണ് ഈ നിയമനമെന്ന് ഡഫി പ്രശംസിച്ചു. വിസ്കോൻസെനിൽ ജനിച്ച അമിത്, കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മിഷൻ കൺട്രോൾ ഫ്ലൈറ്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ച 100 പേരിൽ ഒരാളാണ് അദ്ദേഹം.