വി.പി. സത്യൻ മെമ്മോറിയൽ സോക്കർ ടൂര്ണമെന്റിന് ഉജ്വല തുടക്കം
മാർട്ടിൻ വിലങ്ങോലിൽ
Tuesday, September 9, 2025 5:02 PM IST
ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ മലയാളി ഫുട്ബോൾ ക്ലബുകൾ പങ്കെടുക്കുന്ന നാലാമത് വി.പി. സത്യൻ മെമ്മോറിയൽ സോക്കർ ടൂർണമെന്റ് അഥവാ നോർത്ത് അമേരിക്കൻ സോക്കർ ലീഗിന് (എൻഎഎംഎസ്എൽ) ടെക്സസിലെ ഹൂസ്റ്റണിൽ ഉജ്വല തുടക്കം.
ഈ മാസം അഞ്ചിന് പ്രാഥമിക റൗണ്ടുകളോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്. ആറിന് നടന്ന ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മലയാളികളായ 240-ാം ടെക്സസ് ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് അറ്റ് ലോ 3 ജഡ്ജ് ജൂലി മാത്യു, മലയാളി അസോസിയേഷൻ എന്നിവർ പന്ത് തട്ടി നിർവഹിച്ചു.
ഗ്രേറ്റർ ഹൂസ്റ്റൺ പ്രസിഡന്റ് ജോസ് കെ. ജോൺ, എൻഎഎംഎസ്എൽ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് അശാന്ത് ജേക്കബ്, വൈസ് പ്രസിഡന്റ് അജിത് വർഗീസ്, സെക്രട്ടറി പ്രദീപ് ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജോൺ പോൾ ചുള്ളിയിൽ, ട്രഷറർ പ്രിൻസ് തോമസ്, ചെയർമാൻ ഹൂസ്റ്റൺ യുണൈറ്റഡ് പോൾ സ്റ്റീഫൻ എന്നിവർ സന്നിഹിതരായി.

ഇന്ത്യൻ മുൻ ദേശീയ താരങ്ങളുടെ സാന്നിധ്യം ടൂർണമെന്റിൽ ആവേശമായി. സന്തോഷ് ട്രോഫി കേരള ടീം മുൻ ക്യാപ്റ്റനും ഇന്ത്യൻ ലീഗ് താരവുമായ ലേണൽ തോമസ്, സന്തോഷ് ട്രോഫി (മഹാരാഷ്ട്ര), ഇന്ത്യൻ ബാങ്ക്, എയർ ഇന്ത്യ തുടങ്ങിയ ടീമുകളിൽ കളിച്ച ഡെന്നീസ് ജോർജ് എന്നിവർ കാനഡയിൽ നിന്നെത്തിയ എഫ്സി ഡയമണ്ട് ടീമിന് വേണ്ടി ബൂട്ടണിഞ്ഞു.
ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത് ഹൂസ്റ്റൺ യുണൈറ്റഡ് ആണ്. ക്യാമ്പ് സിയന്ന സ്പോർട്സ് കോംപ്ലക്സാണ് മത്സരവേദി. ഓപൺ, 30 പ്ലസ്, 45 പ്ലസ് വിഭാഗങ്ങളിലായി അമേരിക്കയിൽനിന്നും കാനഡയിൽനിന്നുമായി ഇരുപതോളം ടീമുകൾ പങ്കെടുക്കുന്നു.