ഹൈസ്കൂൾ വിദ്യാർഥികൾക്കായി നേതൃ പരിശീലനം സംഘടിപ്പിച്ചു
Thursday, September 4, 2025 3:44 AM IST
ന്യൂജേഴ്സി: ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ ഇന്റർപേഴ്സണൽ കമ്യൂണിക്കേഷൻ’ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഫ്ലോറിഡയിലെ ടാമ്പയിലെ സെന്റ് ജോസഫ് സിറോ മലബാർ കത്തോലിക്കാ പള്ളിയാണ് പരിശീലന പരിപാടിക്ക് വേദിയായത്.
ബ്രാൻഡൻ ടോസ്റ്റ് മാസ്റ്റേഴ്സിന്റെ എജ്യൂക്കേഷൻ വൈസ് പ്രസിഡന്റ് എസ്ലിൻ ലിയോൺ 16 ഹൈസ്കൂൾ വിദ്യാർഥികൾക്ക് പരിശീലനം നൽകി. ന്യൂയോർക്കിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിതയായ ഹോൺ. ഡോ.ആനി പോൾ (റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ) പരിപാടി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ഫാ.ജിമ്മി ജെയിംസ് പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമാക്കി.
ടോസ്റ്റ് മാസ്റ്റേഴ്സിന്റെ യൂത്ത് ലീഡർഷിപ്പ് ട്രെയിനിംഗിന്റെ വിപുലീകരണത്തിന്റെ ഭാഗമായിരുന്നു പരിശീലനം. വിദ്യാർഥികളുടെ വ്യക്തിഗത ആശയവിനിമയ ശൈലികൾ തിരിച്ചറിയുക, ശ്രദ്ധാപൂർവ്വം കേൾക്കുകയും ഫലപ്രദമായി പ്രതികരിക്കുകയും ചെയ്യുക, സാമൂഹിക ഇടപെടലുകളിൽ വികാരങ്ങളെ നിയന്ത്രിക്കുക, വിവിധ സാമൂഹിക സാഹചര്യങ്ങളിലെ പ്രയാസകരമായ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുക എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.
പരിശീലനത്തിന്റെ ഭാഗമായി, വിദ്യാർഥികൾക്ക് ഡിബേറ്റുകളിൽ മികച്ച വിജയം നേടാനുള്ള പരിശീലനവും നൽകി. ലോക പ്രസംഗ ചാംപ്യൻഷിപ്പിലെ സെമിഫൈനലിൽ യോഗ്യത നേടിയ ബ്രാൻഡൻ എഫ്എല്ലിലെ ഡിസ്റ്റിങ്വിഷ്ഡ് മാസ്റ്റർ ഡെറിക് ലോറ്റ് തന്റെ മേഖലാ മത്സരത്തിൽ വിജയം നേടിയ പ്രസംഗം അവതരിപ്പിച്ചത് ശ്രദ്ധേയമായി.
45,000 പേരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 പേരിൽ ഒരാളാണ് ഡെറിക്.തോമസ് തോട്ടുകടവിൽ, മരിയ തോട്ടുകടവിൽ എന്നിവരാണ് പരിശീലനപരിപാടി ഏകോപിപ്പിച്ചത്. ബ്രാൻഡൻ ടോസ്റ്റ് മാസ്റ്റേഴ്സിലെ റൗൾ മരിൻ, സിസ്റ്റർ ഡോ. ഫിലോ ജോസ്, ഡോ.ബാബു ജോസഫ്, ഡോ.ബാബു മണി എന്നിവർ ഉൾപ്പെടെ പരിശീലനത്തിന് മികച്ച സംഭാവന നൽകി.
എസ്ലിൻ ലിയോണിന്റെ നേതൃത്വത്തിലുള്ള സംഘം, പങ്കെടുത്ത വിദ്യാർഥികളുടെ പുരോഗതി വിലയിരുത്തുകയും, ഫീഡ്ബാക്ക് നൽകുകയും, വിജയകരമായ വ്യക്തി ആശയവിനിമയത്തിന് ആവശ്യമായ കഴിവുകളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുകയും ചെയ്തു.