ഡാളസ് ലവ് ഫീൽഡ് ബോംബ് ഭീഷണി: സ്ത്രീ അറസ്റ്റിൽ
പി.പി. ചെറിയാൻ
Wednesday, July 30, 2025 7:51 AM IST
ഡാളസ് ഡാളസ് ലവ് ഫീൽഡ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ വൃദ്ധയെ പോലീസ് അറസ്റ്റ് ചെയ്തു. റെബേക്ക ഫിലിപ്സ്(67) ആണ് ബാഗിൽ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തിയത്. മദ്യപിച്ച് സൗത്ത്വെസ്റ്റ് എയർലൈൻസ് വിമാനത്തിൽ പ്രശ്നമുണ്ടാക്കിയ റെബേക്കയെ വിമാനത്തിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ ഭീഷണി മുഴക്കിയത്.
ബാഗിൽ ബോംബുണ്ടെന്നും അത് ഇപ്പോൾ നിങ്ങൾക്ക് നിർവീര്യമാക്കാൻ കഴിയുമോയെന്ന് റെബേക്ക എയർലൈൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടർന്ന് വിമാനത്തിലെ എല്ലാ യാത്രക്കാരെയും പുറത്തിറക്കി.
ഡാളസ് പോലീസ് സ്ഥലത്തെത്തി ഗേറ്റും പരിസരവും അടച്ചുപൂട്ടി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി. ബാഗ് പരിശോധിച്ച ശേഷം ബോംബില്ലെന്ന് സ്ഥിരീകരിച്ചു.സംഭവത്തെ തുടർന്ന് വിമാനം മൂന്ന് മണിക്കൂർ വൈകിയാണ് യാത്ര പുറപ്പെട്ടത്.
ബാഗ് റെബേക്കയ്ക്ക് തിരികെ നൽകി. പക്ഷേ ബോംബ് ഭീഷണി മുഴക്കിയതിനെ തുടർന്ന് ഇവരുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.