വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ ഫോമ അനുശോചിച്ചു
ഷോളി കുമ്പിളുവേലി
Monday, July 28, 2025 3:52 PM IST
ന്യൂയോർക്ക് : മുതിർന്ന കമ്യൂണിസ്റ്റു നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്(ഫോമ) അനുശോചനം രേഖപ്പെടുത്തി.
പരിസ്ഥിതി, പൊതുജനക്ഷേമം എന്നീ വിഷയങ്ങളില്‍ ധീരമായ തീരുമാനങ്ങളെടുത്ത് മൂല്യാധിഷ്ഠിതമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു വി.എസ് എന്ന് ഫോമ എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.
വി.എസ് എന്നും പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും പോരാളിയായിരുന്നുവന്നു പ്രസിഡന്റ് ബേബി മണക്കുന്നേൽ അനുസ്മരിച്ചു. അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയ നേതാവായിരുന്നു വി.എസ് എന്ന് ജനറൽ സെക്രട്ടറി ബൈജു വർഗീസ് പറഞ്ഞു.
സിപിഎമ്മിന്റെ രൂപവത്കരണത്തില്‍ പങ്കാളിയായവരില്‍ ജീവനോടെ ഉണ്ടായിരുന്നവരില്‍ അവസാനത്തെ കണ്ണിയായിരുന്ന വി.എസ്, നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള തളരാത്ത ശബ്ദമായിരുന്നുവെന്നു ട്രഷറർ സിജിൽ പാലക്കലോടി അനുസ്മരിച്ചു.
ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന വി.എസ് എന്നും സ്ത്രീ പക്ഷത്തത്തു നിലകൊണ്ടിരുന്ന ജനകീയ നേതാവായിരുന്നുവെന്നു വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ പറഞ്ഞു.