’ജോയ് ടു ദി വേൾഡ് 7’ കരോൾ ഗാന മത്സരത്തിൽ കിരീടം ചൂടിയത് ബിർമിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാർ മിഷൻ
ബിനു ജോർജ്
Friday, December 13, 2024 2:43 AM IST
കവൻട്രി : കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഡിസംബർ 7 ശനിയാഴ്ച കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഗർഷോം ടിവിയും , ലണ്ടൻ അസഫിയൻസും ചേർന്നൊരുക്കിയ ജോയ് ടു ദി വേൾഡ് എക്യൂമെനിക്കൽ കരോൾ ഗാന മത്സരത്തിന്റെ ഏഴാം പതിപ്പിൽ നിറഞ്ഞു നിന്നത് സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ക്രിസ്മസ് കിരണങ്ങൾ.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ പള്ളികളെയും , സംഘടനകളെയും ക്വയർ ഗ്രൂപ്പുകളെയും പ്രതിനിധീകരിച്ചു എത്തിയ ഗായകസംഘങ്ങൾ മാറ്റുരച്ചപ്പോൾ കിരീടം ചൂടിയത് ബിർമിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാർ മിഷൻ. ഹെർമോൻ മാർത്തോമാ ചർച്ച് മിഡ്ലാൻഡ്സ് രണ്ടാം സ്ഥാനവും, കവൻട്രി സെന്റ് ജോസഫ് സീറോ മലബാർ മിഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനായ് മാർത്തോമാ ചർച്ച് ലണ്ടൻ നാലാം സ്ഥാനവും, സഹൃദയ ടൺബ്രിഡ്ജ് വെൽസ് അഞ്ചാം സ്ഥാനവും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള ’ബെസ്റ്റ് അപ്പിയറൻസ്’ അവാർഡിന് ലെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് അർഹരായി. ഒന്നാം സ്ഥാനം നേടിയ ടീമിന് ആയിരം പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനം നേടിയ ടീമിന് അഞ്ഞൂറ് പൗണ്ടും ട്രോഫിയും , മൂന്നാം സമ്മാനം നേടിയ ടീമിന് ഇരുനൂറ്റി അമ്പതു പൗണ്ടും ട്രോഫിയും , നാലും അഞ്ചും സ്ഥാനത്തെത്തിയവർക്ക് ട്രോഫികളും സമ്മാനിച്ചു.
കവൻട്രി സെന്റ് ജോൺ വിയാനി കാത്തലിക് ചർച്ച് വികാരി റവ. ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ ’ജോയ് ടു ദി വേൾഡ് 7’ ന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. ഈ വർഷത്തെ പ്രോഗ്രാമിന്റെ വിശിഷ്ടാതിഥിയായി പങ്കെടുത്തു ആശംസകൾ അർപ്പിച്ചത് യുകെ മലയാളികളുടെ അഭിമാനമായി മാറിയ റോയൽ കോളേജ് ഓഫ് നഴ്സിംഗ് (ആർസിഎൻ) ന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ ആയിരുന്നു. സ്റ്റോക്ക്ഓൺട്രെന്റ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ. ടോം ജേക്കബ് ക്രിസ്മസ് സന്ദേശം നൽകി. കരോൾ മത്സരത്തോടനുബന്ധിച്ച് യുകെയിലെ മികവുറ്റ ഗായകരെ അണിനിരത്തി ലണ്ടൻ അസാഫിയൻസ് ബാൻഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ് ഏറെ ശ്രദ്ധേയമായി.
മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് റവ. ഫാ. ടോം ജേക്കബ്, ശ്രീ ബിജോയ് സെബാസ്റ്റ്യൻ, അഡ്വ. ഫ്രാൻസിസ് മാത്യു കവളക്കാട്ടിൽ, ദീപേഷ് സ്കറിയ, മനോജ് തോമസ്, ജോമോൻ കുന്നേൽ , ബിനു ജോർജ്, സുനീഷ് ജോർജ്, ജോയ് തോമസ്, ജോഷി സിറിയക്, സുമി സണ്ണി, പ്രവീൺ ശേഖർ, ടെസ്സ ജോൺ, ജെയ്സ് ജോസഫ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജോയ് ടു ദി വേൾഡിന്റെ എട്ടാം സീസൺ, 2025 ഡിസംമ്പർ 6 നു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.