അന്താരാഷ്ട്ര ലീഗൽ അഫയേഴ്സ് ഫോറം രൂപീകരിച്ചു
അനിൽ ആറന്മുള
Thursday, November 21, 2024 4:22 PM IST
ഫ്ലോറിഡ: ഫൊക്കാന ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലീഗൽ അഫയേഴ്സ് ഫോറം നിലവിൽ വന്നതായി പ്രസിഡന്റ് സണ്ണി മറ്റമന അറിയിച്ചു. ഫ്ലോറിഡയിൽ നിന്നുള്ള അറ്റോർണി അഭിലാഷ് ടി. മത്തായി (എൽഎൽഎം - ഇന്റർനാഷണൽ ലോ) ചെയർ പേഴ്സണും ടെക്സസിലെ ഡാളസിൽ നിന്നുള്ള ബെനഡിക്ട് ജോർജ് (എൽഎൽബി, സിപിഎ), ബാൾട്ടിമോറിൽനിന്നുള്ള അഡ്വ. ജോയ് കൂടാലി, ന്യൂജഴ്സിയിൽ നിന്നുള്ള ജീമോൻ ജോസഫ് (എൽഎൽബി) എന്നിവർ ലീഗൽ കോർഡിനേറ്റർമാരുമായിരിക്കും.
ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തുന്ന നിയമ ബിരുദധാരികൾക്കു അമേരിക്കയിൽ നിയമ പഠനം തുടർന്ന് ഇവിടത്തെ ഡിഗ്രി കരസ്ഥമാക്കാനുള്ള ക്ലാസുകൾ, പരീക്ഷാ സഹായം തുടങ്ങിയ മാർഗനിർദേശങ്ങൾ നൽകുക, ഇന്ത്യയിൽ വസ്തുവകകളിലും മറ്റും നിയമ പ്രശ്നങ്ങൾ ഉള്ളവർക്ക് ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകാനും ഉദ്ദേശിച്ചുള്ളതാണ് ലീഗൽ അഫയേഴ്സ് ഫോറം അഥവാ നിയമോപദേശക സമിതി.
അമേരിക്കയിലെ ഇന്ത്യൻ ലീഗൽ എംപവർമെന്റ് ഫോറത്തിന്റെ നാഷണൽ അംബാസിഡർ ആണ് അഭിലാഷ് മത്തായി. ഇന്ത്യയിൽ നിന്നുള്ള നിയമജ്ഞരെയും നിയമ വിദ്യാർഥികളെയും അമേരിക്കയിൽ മുന്നേറാൻ സഹായിക്കുക അതുപോലെ ഇന്ത്യക്കാരായ നിയമ ബിരുദധാരികൾക്ക് യുണൈറ്റഡ് നേഷൻ, ഇന്റർനാഷണൽ ക്രിമിനൽ കോർട്ട്, വേൾഡ് ട്രേഡ് ഓർഗനൈസഷൻ, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് എന്നീ സംരംഭങ്ങളിൽ ജോലി കരസ്ഥമാക്കാനും അന്താരാഷ്ട്ര നിയമത്തിൽ പ്രാവീണ്യം നേടാനും സഹായിക്കുന്ന സംഘടനയാണ് ലീഗൽ എംപവർമെന്റ് ഫോറം.
ഫൊക്കാന ഇന്റർനാഷണലിലൂടെ തന്റെ പ്രവർത്തനങ്ങൾക്ക് പുതിയ മാനം കൈവരിക്കാനാകുമെന്നു അഭിലാഷ് മത്തായി പറഞ്ഞു. ടെക്സസിലെ ഡാളസിൽ സ്വന്തം സിപിഎ സ്ഥാപനം നടത്തുകയാണ് ബെനഡിക്ട് ജോർജ് എന്ന ബെന്നി. കേരളത്തിൽ നിന്നും നിയമബിരുദവും അമേരിക്കയിൽ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റുമായ ബെന്നി നാൽപതു വർഷത്തിലധികമായി ഡാലസിലാണ്.
നാട്ടിൽ നിന്നും നിയമബിരുദം കരസ്ഥമാക്കിയ ആളാണ് അഡ്വക്കേറ്റ് ജോയ് കൂടാലി. അമേരിക്കയിലെ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്തു സജീവ സാന്നിധ്യമായ ജോയ് ബാൾട്ടിമോർ കൈരളിയുടെ അഡ്വൈസറി ബോർഡ് ചെയർമാനാണ്.
മാംഗ്ലൂർ സർവകലാശാലയിൽ നിന്നും നിയമബിരുദം കരസ്ഥമാക്കിയ ജീമോൻ ജോസഫ് 2003ലാണ് അമേരിക്കയിലെത്തുന്നത്. ന്യൂജഴ്സിയിൽ ന്യൂ ബ്രെൻസ്വിക്കിൽ താമസിക്കുന്നു.
ഇന്ത്യയിൽ ഉടമസ്ഥാവകാശമുള്ള സ്വത്തുക്കളിൽ തർക്കങ്ങൾ ഉള്ള ധാരാളം മലയാളികൾക്ക് ഈ നിയമസഹായ വേദി ഉപകരിക്കുമെന്ന് പ്രസിഡന്റ് സണ്ണി മറ്റമന പ്രത്യാശ പ്രകടിപ്പിച്ചു.