കാഴ്ചയേക്കാൾ വിശ്വാസത്തിന്റെ ഉൾക്കാഴ്ചയാണ് അനിവാര്യം: റവ. ജോർജ് ജോസ്
പി.പി. ചെറിയാൻ
Thursday, November 21, 2024 3:57 PM IST
ഹൂസ്റ്റൺ: ബാഹ്യ നേത്രങ്ങളിലൂടെയുള്ള കാഴ്ചയേക്കാൾ വിശ്വാസത്തിന്റെ ഉൾക്കാഴ്ചയാണ് ഇന്ന് വിശ്വാസ സമൂഹത്തിനു അനിവാര്യമായിരിക്കുന്നതെന്നു ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച മുൻ വികാരി റവ. ജോർജ് ജോസ്.
വഴിയരികിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന ബർത്തിമായി എന്ന അന്ധനായ മനുഷ്യന് ആ വഴി കടന്നുവന്ന ക്രിസ്തുവിനെ ബാഹ്യ നേത്രങ്ങളിലൂടെയല്ല കേൾവി ശക്തി കൊണ്ടാണ് തിരിച്ചറിയാൻ കഴിഞ്ഞത്.
കരുണ ലഭ്യമാകുന്ന വിശ്വാസത്തിന്റെ ഉടമയായിരുന്നു അന്ധനായ ബർത്തിമായി വല്ലതും തരണേ എന്നല്ല എന്നോട് കരുണ തോന്നേണമേ എന്ന പ്രാർഥനയാണ് നടത്തിയത്, കാഴ്ച ലഭിച്ചപ്പോൾ തുറന്ന് കണ്ണുകൊണ്ട് ആദ്യം ദർശിക്കുന്നതും അവനെ കാഴ്ച നൽകിയ ക്രിസ്തുവിനെയാണെന്നും അദ്ദേഹം പറഞ്ഞു.
നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയൺ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച പ്രത്യേക പ്രാർഥനാ സമ്മേളനത്തിൽ "ക്രൂശിങ്കൽ' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു മുഖ്യാതിഥിയായ റവ.ജോർജ് ജോസ്.
പ്രാർഥനാ സമ്മേളനത്തിൽ റവ. ഉമ്മൻ സാമുവേൽ പ്രാരംഭ പ്രാർഥന നടത്തി. സോഫി പരേൽ (എംടിസി ഡാളസ് കരോൾട്ടൻ) ഗാനമാലപിച്ചു. ഡാനിയൽ വർഗീസ് (ഇമ്മാനുവൽ എംടിസി ഹൂസ്റ്റൺ), പി.കെ. തോമസ് (ട്രിനിറ്റി എംടിസി, ഹൂസ്റ്റൺ) എന്നിവർ മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകി.
പ്രസിഡന്റ് റവ.ഫാ. അലക്സ് അധ്യക്ഷ പ്രസംഗം നടത്തി. ലില്ലി അലക്സ് നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. സൗത്ത് വെസ്റ്റ് റീജിയൺ മാർത്തോമ്മാ ഇടവകകളിലെ നിരവധി അംഗങ്ങൾ പ്രാർഥനാ സമ്മേളനത്തിൽ പങ്കെടുത്തു.
റോബി ചേലഗിരി (സെക്രട്ടറി) സ്വാഗതവും വൈസ് പ്രസിഡന്റ് സാം അലക്സ് നന്ദിയും പറഞ്ഞു. സമാപന പ്രാർഥനയും ആശീർവാദവും റവ. ഉമ്മൻ സാമുവേൽ നിർവഹിച്ചു.