അമേരിക്കയിൽ അയോധ്യ ക്ഷേത്രം ഉയരുന്നു
അനിൽ ആറന്മുള
Thursday, November 21, 2024 4:44 PM IST
ഹൂസ്റ്റൺ: ലോകത്തിലെ വിവിധ നഗരങ്ങളിൽ അയോധ്യ ക്ഷേത്രങ്ങൾ ഉയരുന്നു. ടെക്സസിലെ ഹൂസ്റ്റണിൽ ശ്രീ സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പെയർലാൻഡിൽ ആയിരിക്കും അയോധ്യ ക്ഷേത്രം ഉയരുക.
ടെക്സസിൽ പെയർലാൻഡിലെ പ്രശസ്തമായ ശ്രീ മീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായിട്ടായിരിക്കും ക്ഷേത്രം ഉയരുക. അതിനായി അഞ്ചേക്കർ സ്ഥലം സത്യാനന്ദ സരസ്വതി ഫൗണ്ടേഷൻ നേരത്തെ തന്നെ വാങ്ങിയിരുന്നു.
ശനിയാഴ്ച(നവംബർ 23) രാവിലെ സെൻട്രൽ സമയം 9.30ന് സൂമിലായിരിക്കും ക്ഷേത്ര നിർമാണ വിളംബരം ഔദ്യോഗികമായി ഉണ്ടാവുക. ആറ്റുകാൽ തന്ത്രി ശ്രീ വാസുദേവ ഭട്ടതിരിയുടെ പ്രാർഥനയോടെയായിരിക്കും ചടങ്ങുകൾ ആരംഭിക്കുക.
ചടങ്ങിന് സാക്ഷിയാകാൻ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ നിന്നുമുല്ല സത്യാനന്ദ സരസ്വതി ഫൗണ്ടേഷൻ ചെയർമാൻ ശ്രീശക്തി ശാന്താനന്ത മഹർഷിയോടൊപ്പം മുൻ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, തുഷാർ വെള്ളാപ്പള്ളി, അയ്യപ്പ സേവാസംഘം പ്രസിഡന്റ് സംഗീത് കുമാർ എന്നിവർ സന്നിഹിതരായിരിക്കും.
കഴിഞ്ഞവർഷം നവംബർ 23 കെഎച്ച്എൻഎയുടെ ഭാഗമായി മീനാക്ഷി ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല നടന്നിരുന്നു. ഈ വർഷം നവംബർ 23ന് ക്ഷേത്ര നിർമാണ വിളംബരത്തോടെ ക്ഷേത്രത്തിന്റെ പ്ലാനുകളും മറ്റും സിറ്റിക്കു സമർപ്പിക്കുന്നതും 2025 നവംബർ 23ന് ബാലാലയ പ്രതിഷ്ഠ കർമങ്ങൾ നടത്താനുമാണ് സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ തീരുമാനമെന്ന് ഫൗണ്ടേഷൻ ഡയറക്ടർമാരായ ജി.കെ. പിള്ള, രഞ്ജിത്ത് പിള്ള, ഡോ. രാമദാസ് പിള്ള, അശോകൻ കേശവൻ, സോമരാജൻ നായർ, അനിൽ ആറന്മുള, ജയപ്രകാശ് നായർ, മാധവൻ നായർ, സുനിൽ നായർ, വിശ്വനാഥൻ പിള്ള, രവി വള്ളത്തേരി, ഡോ. ബിജു പിള്ള എന്നിവർ അറിയിച്ചു.
വിശ്വാസികൾക്ക് തങ്ങളുടെ കേരളത്തിലെ കുടുംബ ക്ഷേത്രത്തിൽനിന്നോ ഭരദേവതാ ക്ഷേത്രത്തിൽനിന്നോ ഒരുപിടി മണ്ണ് കൊണ്ടുവന്ന് ക്ഷേത്ര ഭൂമിയിൽ ലയിപ്പിക്കാനും ഒപ്പം ഈ ക്ഷേത്രം തങ്ങളുടെ കുടുംബ ക്ഷേത്രമാക്കി മാറ്റാനും അപൂർവമായ അവസരമുണ്ടാക്കുമെന്നു ക്ഷേത്ര സമിതി കോഓർഡിനേറ്റർ രഞ്ജിത് പിള്ള പറഞ്ഞു. അങ്ങനെയുള്ള കുടുംബങ്ങളുടെ വിവരങ്ങൾ തകിടിൽ ആലേഖനം ചെയ്ത് ക്ഷേത്രത്തിൽ സൂക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള ക്ഷേത്രവും അവിടെ ഉയരുന്ന ഹനുമാൻ പ്രതിഷ്ഠയും അമേരിക്കയിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ധാരാളം പ്രത്യേകത ഉള്ളതായിരിക്കുമെന്നും രഞ്ജിത് അവകാശപ്പെട്ടു.
ക്ഷേത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ 23ന് നടക്കുന്ന സൂം മീറ്ററിംഗിൽ ലോകത്തിന്റെ നാനാഭാഗത്തുമുള്ളവരോടൊപ്പം ഭാഗമാകാൻ ഭക്തജനങ്ങളോട് രഞ്ജിത്ത് അഭ്യർഥിച്ചു.