തിരുവില്വാമല: വികെഎൻ ഓർമകളിൽ വടക്കേ കൂട്ടാല മുറ്റം. വലിയ ചിരിയുടെയും ചിന്തകളുടെയും ഓർമകൾ പങ്കിടാൻ നാട്ടുകാരും വീട്ടുകാരും വിദ്യാർഥികളും വികെഎൻ ആരാധകരും വടക്കേ കൂട്ടാല മുറ്റത്ത് ഒത്തുചേർന്നു. കഥാകാരനും കഥകളും അനുസ്മരണച്ചടങ്ങിൽ പങ്കെടുത്തവരുടെ ഓർമകളിൽ നിറഞ്ഞപ്പോൾ വടക്കേ കൂട്ടാല മുറ്റം സജീവമായി. കേരള സാഹിത്യ അക്കാദമിയും വികെഎൻ സ്മാരക സമിതിയും സംയുക്തമായാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. എം.എം. നാരായണൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അധ്യക്ഷത വഹിച്ചു. വികെഎൻ സ്മാരക സമിതി പ്രസിഡന്റ് എൻ.രാംകുമാർ, കെ.ആർ. മനോജ് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ, വൈസ് പ്രസിഡന്റ് എം. ഉദയൻ, സിന്ധു സുരേഷ്, കെ. ബാലകൃഷ്ണൻ, വിനി ഉണ്ണികൃഷ്ണൻ, സ്മിത സുകുമാരൻ, രഞ്ജന, വി.കെ.കെ. രമേഷ് എന്നിവർ പ്രസംഗിച്ചു .
മച്ചാട് മാമാങ്കം: പ്രതിഷ്ഠാദിനാഘോഷം ഇന്ന്
വടക്കാഞ്ചേരി: മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് തെക്കുംകരതിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഇന്ന്. പുലർച്ചെ 4.30 മുതൽ ക്ഷേത്രത്തിൽ വിവിധ പൂജകൾ, ഒന്പതിന് കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം നടക്കും.11ന് മാമാങ്കം അലങ്കാര പന്തലിന്റെ കാൽനാട്ടൽ ചടങ്ങ്. തുടർന്ന് 11.30ന് പ്രസാദ ഉൗട്ടും, വൈകീട്ട് ആറിന് നിറമാല, ചുറ്റുവിളക്ക്, 6.30ന് ദീപാരാധന, ഏഴിന് ചോറ്റാനിക്കര വിജയൻമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, 8ന് അത്താഴപൂജ തുടർന്ന് ഫാൻസി വെടിക്കെട്ട് എന്നിവ ഉണ്ടാകുമെന്ന് ഭാരവാഹികളായ രഘു പാലിശേരി, പി.കെ. രാമചന്ദ്രൻ, എം.വി. പ്രവീണ്, കെ. പ്രകാശൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.