ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് നടത്തി
1460383
Friday, October 11, 2024 3:35 AM IST
കാക്കനാട്: സംസ്ഥാന ന്യുനപക്ഷകമ്മീഷന് ജില്ലാസിറ്റിംഗ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കമ്മീഷനംഗം എ. സെയ്ഫുദ്ദീന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ഹര്‍ജികള്‍ പരിഗണിച്ചു.
ജോലിസ്ഥലത്ത് ഉന്നതോദ്യോഗസ്ഥരുടെ മാനസിക പീഡനങ്ങള്‍ നേരിടുന്നതായി കാലടി പ്ലാന്റേഷന്റെ കല്ലാല എസ്റ്റേറ്റ് ഡിവിഷന് എഫ് ജീവനക്കാരന്റെ ഹര്‍ജിയില്‍ പരാതിക്കാരന് തൊഴില്‍പരമായോ മറ്റേതെങ്കിലും തരത്തിലോ വിവേചനങ്ങള്‍ നേരിടുന്നില്ലെന്ന് ഉറപ്പ് വരുത്തുവാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്ലാന്റേഷന് കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ക്ക് കമ്മീഷന് നിര്‍ദ്ദേശം നല്കി.
കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷനില്‍ 2011- 12 കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം താല്‍ക്കാലിക സേവനമനുഷിച്ചിരുന്നത് പരിഗണിച്ച് സ്ഥിരം നിയമനം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് എറണാകുളം എടവനക്കാട് സ്വദേശിയുടെ ഹര്‍ജിയും തീര്‍പ്പാക്കി.179 ദിവസത്തെ നിയമനകാലാവധി കഴിഞ്ഞയാളെ ജോലിയില്‍ നിന്നും വിടുതൽ ചെയ്തിട്ടുള്ളതായും 13 വര്‍ഷം കഴിഞ്ഞു സമര്‍പ്പിച്ച നിവേദനം നിലവിലെ ചട്ടങ്ങള്‍ പ്രകാരം പരിഗണിക്കുവാനാവില്ലെന്നും കോർപറേഷൻ അറിയിച്ചു.
സിറ്റിങ്ങില്‍ പരിഗണിച്ച അഞ്ച് പരാതികളില്‍ രണ്ടെണ്ണം തീര്‍പ്പാക്കി. മൂന്ന് പരാതികള്‍ വിശദമായ വാദം കേള്‍ക്കലിനായി അടുത്ത സിറ്റിംഗിലേക്ക് മാറ്റി.