പെരുവന്താനം ഹൈറേഞ്ച് അക്കാദമി ചാന്പ്യന്മാർ
1458512
Thursday, October 3, 2024 1:37 AM IST
നെടുങ്കണ്ടം: കായിക കരുത്തിന്റെ ജില്ലയാണ് ഇടുക്കിയെന്ന് ഡീൻ കുര്യാക്കോസ് എംപി. ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നെടുങ്കണ്ടം സിന്തറ്റിക്സ് ട്രാക്കിൽ രണ്ടു ദിവസമായി നടന്നുവന്ന ജൂണിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചാന്പ്യൻഷിപ്പിൽ 405 പോയിന്റോടെ ഓവറോൾ ചാന്പ്യന്മാരായ പെരുവന്താനം ഹൈറേഞ്ച് സ്പോർട്സ് അക്കാദമിക്ക് അദ്ദേഹം ട്രോഫി സമ്മാനിച്ചു.183 പോയിന്റ് നേടി എൻ.ആർ. സിറ്റി എസ്എൻവി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 130 പോയിന്റോടെ അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അസോസിയേഷൻ പ്രസിഡന്റ് വി.ഡി. ഏബ്രഹാം യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചൻ, അംഗങ്ങളായ എം.എസ്. മഹേശ്വരൻ, രാജേഷ് അന്പഴത്തിനാൽ, ഷിഹാബ് ഈട്ടിക്കൽ, ജൂഡോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എൻ. ഗോപി, കെ.കെ. ഷിജോ, ഷൈജു ചന്ദ്രശേഖർ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ കായിക മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ റെയ്സൻ പി. ജോസഫിനെയും സാഫ് ഗെയിംസ് വെങ്കല മെഡൽ ജേതാവ് ജുവൽ തോമസിനെയും എംപി ആദരിച്ചു.
ചാന്പ്യൻഷിപ്പിൽ വിവിധ ഇനങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർ 10, 11, 12 തിയതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന ചാന്പ്യൻഷിപ്പിൽ ഇടുക്കി റവന്യു ജില്ലയെ പ്രതിനിധീകരിക്കും.