പൊതുമരാമത്ത് റോഡുകളോടു ചേർന്നുള്ള ഭൂമിയുടെ പട്ടയപ്രശ്നത്തിന് പരിഹാരം
1576609
Friday, July 18, 2025 2:59 AM IST
മുണ്ടക്കയം: കർഷകർ കൈവശ ഭൂമിക്ക് പട്ടയ അപേക്ഷകൾ നൽകുമ്പോൾ ഭൂമിയുടെ ഏതെങ്കിലും അതിര് ചേർന്ന് പൊതുമരാമത്ത് വകുപ്പ് റോഡുകൾ കടന്നു പോകുന്നുണ്ടെങ്കിൽ അത്തരം ഭൂമികൾക്ക് പട്ടയം നൽകുന്നതിനുണ്ടായിരുന്ന തടസ്സം പരിഹരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ 2009- ലെ ഉത്തരവ് പ്രകാരം പൊതുമരാമത്ത് വകുപ്പ് റോഡിനോട് ചേർന്നുള്ള കൈവശ ഭൂമികൾക്ക് പട്ടയം നൽകുന്നതിന് പൊതുമരാമത്ത് വകുപ്പ് തടസ്സം ഉന്നയിച്ചിരുന്നു. ആയതിനാൽ റോഡിനോട് ചേർന്നുള്ള ഭൂമിക്ക് പട്ടയം നൽകിയിരുന്നില്ല. ഇതുമൂലം നിരവധി ചെറുകിട-നാമമാത്ര കർഷകർക്ക് തങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാതെ പ്രതിസന്ധി നേരിട്ടിരുന്നു. പലരുടെയും ഭവന നിർമ്മാണം അടക്കമുള്ള ജീവിതാവശ്യങ്ങളും തടസ്സം നേരിട്ടിരുന്നു. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഇപ്രകാരം നിരവധി ആളുകൾക്ക് തങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് കഴിയാതെ വന്നിരുന്നു.
ഗൗരവമായ ഈ പ്രശ്നം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിയമസഭയിൽ സബ്മിഷനായി ഉന്നയിക്കുകയും അതേ തുടർന്ന് ഈ പ്രശ്നം പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ നിയമസഭയിൽ മറുപടി നൽകിയിരുന്നു.
തുടർന്ന് പ്രശ്ന പരിഹാരത്തിനായി റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽയുടെ സാന്നിധ്യത്തിൽ റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. യോഗത്തിൽ വിഷയം ചർച്ച ചെയ്ത് പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പുറമ്പോക്കുകളിൽ പെടാത്ത റവന്യൂഭൂമികൾക്ക് കൈവശക്കാർക്ക് പട്ടയം നൽകുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് നിശ്ചയിച്ചു.
ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിനും തീരുമാനമെടുത്തു. യോഗത്തിൽ മന്ത്രിയെയും, എംഎൽഎയും കൂടാതെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ.ഗീത ഐഎഎസ്, റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായർ ഐഎഎസ്, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ തുടങ്ങിയവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.