പൊൻകുന്നം ടൗണിലും പരിസരത്തും തെരുവുനായശല്യം രൂക്ഷം
1576619
Friday, July 18, 2025 2:59 AM IST
പൊൻകുന്നം: ടൗണിലും പരിസരങ്ങളിലുമായി നൂറോളം നായ്ക്കൾ നാട്ടുകാർക്ക് ശല്യമാകുന്നതായി പരാതി. തെരുവ്നായ്ക്കൾ മൂലം ഇരു ചക്രവാഹന യാത്രക്കാരും നാട്ടുകാരും ഭീതിയിലാണ്. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ മാത്രം പത്തോളം നായ്ക്കളാണുള്ളത്.
പ്രൈവറ്റ് ബസ് സ്റ്റാൻഡ്, രാജേന്ദ്ര മൈതാനം, പാലാ റോഡ്, കെഎസ്ആർടിസി ജംഗ്ഷൻ, അട്ടിക്കൽ, ചിറക്കടവ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലും ഇടവഴികളിലും ഇടറോഡുകളിലുമാണ് തെരുവുനായശല്യം രൂക്ഷമായിരിക്കുന്നത്.
സംഘം ചേർന്ന് നടക്കുന്ന തെരുവ് നായ്ക്കൾ പുലർച്ചയും രാത്രി കാലങ്ങളിലും കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്. തെരുവിൽ അലയുന്ന നായ്ക്കൾക്ക് ചില സ്ഥലങ്ങളിൽ കുറച്ചുപേർ ഇറച്ചിയും മീനും എല്ലുകക്ഷണങ്ങളും ഇട്ടു കൊടുത്ത് വളർത്തുന്നുണ്ടെന്നും ഇവരെ ചുറ്റിപ്പറ്റിയാണ് നായ്ക്കൾ വിലസുന്നതെന്നും നാട്ടുകാർ ആരോപിച്ചു. ഇതു മൂലം മറ്റുള്ളവർക്ക് റോഡിലൂടെയും ഇടവഴിയിലൂടെയും നടക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
സ്കൂളിൽ പോകുന്ന കൊച്ചുകുട്ടികൾ പലപ്പോഴും നായ്ക്കളുടെ ശല്യം പേടിച്ച് മുതിർന്നവരുടെ സഹായത്തോടെയാണ് പോകുന്നത്. രാത്രിയിലും പകൽ സമയത്തും നായകൾ കൂട്ടത്തോടെ ഓടിയെത്തുമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
കാൽനട യാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുന്ന തെരുവ് നായകൾക്കെതിരേ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.