മാതൃവേദി അല്‍ഫോന്‍സ തീര്‍ഥാടനം ഭക്തിസാന്ദ്രമായി
1576924
Friday, July 18, 2025 11:34 PM IST
പാലാ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പുണ്യകുടീരം സ്ഥിതിചെയ്യുന്ന ഭരണങ്ങാനത്തേക്കു പാലാ രൂപത മാതൃവേദി അംഗങ്ങള്‍ നടത്തിയ തീര്‍ഥാടനം ഭക്തിസാന്ദ്രമായി. മൂവായിരത്തോളം അമ്മമാരാണ് 171 ഇടവകകളില്‍നിന്നായി എത്തിച്ചേര്‍ന്നത്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് പാലാ രൂപത മാതൃവേദിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
രാവിലെ 9.30ന് നടന്ന ജപമാലയ്ക്കുശേഷം ഭരണങ്ങാനം അല്‍ഫോന്‍സ ഷ്റൈന്‍ റെക്ടര്‍ റവ. ഡോ.അഗസ്റ്റിന് പാലയ്ക്കപ്പറമ്പില്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാമിലി അപ്പൊസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യു മുതുപ്ലാക്കല്‍ നേതൃത്വം നല്കി. പാലാ രൂപത മാതൃവേദി ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍ വചനസന്ദേശം നല്കി. മാതൃവേദി ഭരണങ്ങാനം മേഖലയുടെയും യൂണിറ്റിന്റെയും നേതൃത്വത്തില്‍ ഫൊറോന പള്ളിലേക്ക് ആഘോഷമായ ജപമാല പ്രദക്ഷിണം നടത്തി. കൈയില്‍ ജപമാലയേന്തി അമ്മമാര്‍ നടത്തിയ റാലി ഭക്തിസാന്ദ്രമായി.
സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ എത്തിച്ചേര്‍ന്ന റാലിയുടെ സമാപനത്തില്‍ വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട് ആശീര്‍വാദം നല്കി. പാരിഷ് ഹാളില്‍ നടന്ന സ്നേഹവിരുന്നോടെയാണ് ചടങ്ങുകള്‍ അവസാനിച്ചത്.
പാലാ രൂപത മാതൃവേദി ഭാരവാഹികളായ ഷേര്‍ളി ചെറിയാന്, സബീന സക്കറിയാസ്, മേഴ്സി മാണി, ലൗലി ബിനു, ഡയാന രാജു, ഭരണങ്ങാനം മേഖലാ-യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.
എസ്എംവൈഎം
അല്‍ഫോന്‍സ തീര്‍ഥാടനം നാളെ
പാലാ: പാലാ രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ നാളെ ഭരണങ്ങാനത്തേക്ക് അല്‍ഫോന്‍സ തീര്‍ഥാടനം നടത്തും. രൂപതയിലെ 20 ഫൊറോനകളില്‍ നിന്നുള്ള എസ്എംവൈഎം പ്രവര്‍ത്തകര്‍ തീര്‍ഥാടനത്തില്‍ പങ്കെടുക്കും.
വൈകുന്നേരം 4.30ന് ഭരണങ്ങാനം അല്‍ഫോന്‍സ തീര്‍ഥാടനകേന്ദ്രത്തില്‍ റംശ പ്രാര്‍ഥന. എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി നയിക്കും. അഞ്ചിന് വിശുദ്ധ കുര്‍ബാന - വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്. തുടര്‍ന്ന് ആറിന് ജപമാല പ്രദക്ഷിണം. രൂപത പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടില്‍, ജനറല്‍ സെക്രട്ടറി റോബിന് താന്നിമല, വൈസ് പ്രസിഡന്റ് ബില്‍ന സിബി, ജോസഫ് തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.