തീർഥാടകബസുകൾ കൂട്ടിയിടിച്ചു; അപകടപാതയായി വീണ്ടും കണമല
1576620
Friday, July 18, 2025 2:59 AM IST
കണമല: കണമല ഇറക്കത്തിൽ മിനി ബസ് നിയന്ത്രണം തെറ്റി എതിരേ കയറ്റം കയറിവന്ന ബസിൽ ഇടിച്ച് അപകടം. മിനി ബസിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഈ ബസിലെ മൂന്നു പേർക്കും പരിക്കുണ്ട്. എതിരേ വന്ന ബസിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ എരുമേലി - പമ്പ ശബരിമല പാതയിൽ കണമല ഇറക്കത്തിലെ അട്ടിവളവിലാണ് അപകടം. മിനി ബസിന്റെ ഡ്രൈവർ തമിഴ്നാട് മധുര സ്വദേശി രാജ്കുമാറിനാണ് (32) ഗുരുതരമായ നിലയിൽ പരിക്കേറ്റത്. ഇയാളുടെ കാൽ ഡ്രൈവിംഗ് സീറ്റിനിടയിൽ കുടുങ്ങിയ നിലയിലായിരുന്നു.
നാട്ടുകാരും ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും ചേർന്ന് ഡ്രൈവിംഗ് സീറ്റിലെ വാതിലും മുൻവശത്തെ ഭാഗങ്ങളും പൊളിച്ച്ഇളക്കിമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ഈ ബസിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മുനിയാണ്ടി (62), അംബിക (53), കരുമലൈ (64) എന്നിവർക്ക് പരിക്കേറ്റിരുന്നു. ഡ്രൈവർ ഉൾപ്പെടെ പരിക്കേറ്റവരെ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഡ്രൈവറെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. അപകടത്തിന് കാരണം മിനി ബസ് അമിത വേഗത്തിൽ സഞ്ചരിച്ച് നിയന്ത്രണം തെറ്റിയതു മൂലമാണെന്ന് നാട്ടുകാർ പറയുന്നു. മിനി ബസുകൾ പരമാവധി വേഗം കുറച്ച് സഞ്ചരിക്കേണ്ട ഇറക്കം ആണ് കണമലയിലേത്.
ശബരിമല തീർഥാടകരായ തമിഴ്നാട് സ്വദേശികളാണ് രണ്ട് ബസിലും ഉണ്ടായിരുന്നത്. മിനി ബസിൽ 17 പേരും എതിരെ വന്ന് അപകടത്തിൽപ്പെട്ട ബസിൽ 38 പേരുമാണ് ഉണ്ടായിരുന്നത്. ശബരിമല ദർശനത്തിന് പോവുകയായിരുന്നു മിനി ബസിലെ തീർഥാടകർ. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുന്ന തീർഥാടകരാണ് എതിരേ കയറ്റത്തിൽ വന്ന ബസിലുണ്ടായിരുന്നത്. അപകടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് എരുമേലി പോലീസും മോട്ടോർ വാഹന വകുപ്പും അറിയിച്ചു.
ശബരിമല സീസണുകളിലും മലയാള മാസാദ്യ പൂജാസമയത്തെ തീർഥാടന ദിവസങ്ങളിലും ശബരിമല തീർഥാടകരുടെ തിരക്കേറുന്ന കണമല പാതയിൽ ഇതിനോടകം നിരവധി അപകടങ്ങളും മരണങ്ങളുമാണ് സംഭവിച്ചിട്ടുള്ളത്. വാഹനങ്ങളുടെ വേഗതയാണ് അപകടകാരണം.