പാലാ രൂപത ആഗോള പ്രവാസിസംഗമം "കൊയ്നോനിയ-2025' നാളെ ചൂണ്ടച്ചേരി സെന്റ് ജോസഫ് കോളജില്‍
1576600
Friday, July 18, 2025 2:58 AM IST
പാലാ: പാലാ രൂപത പ്രവാസി അപ്പൊസ്തലേറ്റിന്റെ നേതൃത്വത്തിലുള്ള ആഗോള പ്രവാസി സംഗമം "കൊയ്നോനിയ-2025' നാളെ ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനിയറിംഗ് കോളജില്‍ നടക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പാലാ രൂപതാംഗങ്ങളായ പ്രവാസികളുടെ നാലാമത് ആഗോളസംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു.
നാളെ രാവിലെ ഒന്‍പതിന് സംഗമത്തിനെത്തുന്നവരുടെ രജിസ്ട്രേഷന് ആരംഭിക്കും. 9.30ന് വിശുദ്ധ കുര്‍ബാന. 10.30ന് സമ്മേളനം ആരംഭിക്കും. സംഗമം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിക്കും. പാലാ രൂപത പ്രവാസി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ ആമുഖപ്രഭാഷണം നടത്തും. രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ സന്ദേശം നല്‍കും. പ്രവാസി ഹെല്‍ത്ത് കെയര്‍ പദ്ധതി മിഡില്‍ ഈസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സിവി പോള്‍ സംഗമത്തില്‍ അവതരിപ്പിക്കും. മിഡില്‍ ഈസ്റ്റ് സെക്രട്ടറി രജിത് മാത്യു സംവിധാനം ചെയ്ത ഡോക്യുമെന്ററി സംഗമത്തില്‍ പ്രദര്‍ശിപ്പിക്കും.
വിവിധ മേഖലകളിലെ പ്രതിഭകളെ സംഗമത്തില്‍ ആദരിക്കും. കലാപരിപാടികളും നടത്തും. പാലാ രൂപത പ്രവാസി അപ്പൊസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജിമോന്‍ മങ്കുഴിക്കരി, ജനറല്‍ കണ്‍വീനര്‍ മനോജ് പി. മാത്യു, സെന്‍ട്രല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോഷി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികളാണ് സംഗമത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തിലെ സംഗമമെന്നത് ഇക്കുറി ഇരട്ടി മധുരം സമ്മാനിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ ചെറിയ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചാണ് രൂപതാതലസംഗമത്തിലേക്ക് പ്രവേശിക്കുന്നത്.
കഴിഞ്ഞവര്‍ഷം ഒട്ടേറെ വേറിട്ട കര്‍മപരിപാടികള്‍ പൂര്‍ത്തീകരിച്ചാണ് വാര്‍ഷിക സംഗമത്തിന് ആതിഥ്യമരുളുന്നതെന്നതും ശ്രദ്ധേയം. പ്രഗത്ഭരായ അധ്യാപകര്‍ നേതൃത്വം നല്കുന്ന ട്രെയിനിംഗ് ആൻഡ് ഓറിയന്റേഷന്‍ പ്രോഗ്രാം (ടോപ്പ് ) ഫോര്‍ പ്രവാസി സ്റ്റുഡന്റ്സ്, പാലാ മെഡിസിറ്റിയുമായി ചേര്‍ന്ന് പ്രവാസി മെഡിക്കെയര്‍ പ്രോഗ്രാം, ഓണ്‍ലൈന്‍ മെഡി ടോക്ക്സ്, 100 നിര്‍ധനര്‍ക്ക് വീല്‍ചെയര്‍, രൂപത ഭവന നിര്‍മാണ പദ്ധതിയായ ഹോം പാലായുമായി ചേര്‍ന്നുള്ള ഭവനനിര്‍മാണം എന്നിവ കഴിഞ്ഞ വര്‍ഷം നടപ്പിലാക്കാൻ കഴിഞ്ഞതായി രൂപത ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ അറിയിച്ചു.