കോഴികൊത്തി, പുളിമാക്കൽ പാലങ്ങൾ പുനർനിർമിക്കണമെന്ന് കോൺഗ്രസ്
1576617
Friday, July 18, 2025 2:59 AM IST
ആനക്കല്ല്: മാസങ്ങളായി പൊളിച്ചിട്ടിരിക്കുന്ന വില്ലണി കോഴികൊത്തി പാലവും മഞ്ഞപ്പള്ളി പുളിമാക്കൽ പാലവും അടിയന്തരമായി പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ആനക്കല്ല്, മഞ്ഞപ്പള്ളി വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലണിയിൽനിന്നു മഞ്ഞപ്പള്ളിയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.
തമ്പലക്കാട്, എറികാട്, തുമ്പമട പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകൾ കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലേക്കെത്താൻ ഉപയോഗിച്ചിരുന്ന പാലങ്ങൾ പുനർനിർമിക്കാനെന്ന പേരിൽ മാസങ്ങളായി പൊളിച്ചിട്ടിരിക്കുകയാണ്. ഇതു മൂലം പൊതുജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടുകയാണ്. പാലങ്ങൾ അടിയന്തരമായി പുനർനിർമിച്ച് ജനങ്ങളുടെ ബുദ്ധിമുട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.
വില്ലണിയിൽനിന്നാരംഭിച്ച പ്രതിഷേധ മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി റോണി കെ. ബേബി ഫ്ലാഗ് ഓഫ് ചെയ്തു. കോൺഗ്രസ് ആനക്കല്ല് വാർഡ് പ്രസിഡന്റ് ഷാജി പെരുന്നേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. മഞ്ഞപ്പള്ളിയിൽ നടന്ന പ്രതിഷേധ ധർണ ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മഞ്ഞപ്പള്ളി വാർഡ് പ്രസിഡന്റ് റോബിൻ വെങ്ങാലൂരിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഡാനി ജോസ് മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പത്യാല, ബ്ലോക്ക് ഭാരവാഹികളായ സിബു ദേവസ്യ, മാത്യു കുളങ്ങര, നായിഫ് ഫൈസി , അബ്ദുൾ ഫത്താക്ക്, രാജു തേക്കുംതോട്ടം, ദിലീപ് ചന്ദ്രൻ, അജ്മൽ പാറക്കൽ, ടി. കെ. ജയപ്രകാശ് , യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്. ഷിനാസ്, വൈസ് പ്രസിഡന്റ് നെൽസൺ ജോസഫ്, കർഷക കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി . അശോക് ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.