പ്രതിപക്ഷ ആരോപണം രാഷ്ട്രീയപ്രേരിതം: ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്
1576911
Friday, July 18, 2025 10:27 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസിന്റെ നിർമാണം നിര്‍ത്തിവച്ചതുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള ആരോപണങ്ങള്‍ അവാസ്തവവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്.
അനുവദിച്ച തുക അപര്യാപ്തമാണെന്ന ആരോപണം യാഥാർഥ്യം മനസിലാക്കാതെയുള്ളതാണ്. 78.69 കോടി രൂപയാണ് പദ്ധതിക്കായി ആകെ ഭരണാനുമതി കിഫ്ബിയില്‍നിന്ന് ലഭിച്ചിട്ടുള്ളത്. 24.76 കോടി രൂപയാണ് സ്ഥലമേറ്റെടുക്കലിന് ആകെ ചെലവായിട്ടുള്ളത്. റോഡ് രൂപീകരിക്കുന്നതിനും ഫ്ലൈഓവര്‍ നിര്‍മാണത്തിനുമായി ആകെ കണക്കാക്കിയിട്ടുള്ള തുക 26.17 കോടി രൂപയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ ഇ-ടെൻഡര്‍ ചെയ്തതില്‍ പ്രസ്തുത തുകയില്‍നിന്ന് 1.63 ശതമാനം കുറവ് ക്വോട്ട് ചെയ്ത കരാറുകാരന് എഗ്രിമെന്റ് ഒപ്പിട്ട ശേഷം തുക അപര്യാപ്തമാണെന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല.
2023 ഓഗസ്റ്റ് മൂന്നിന് എഗ്രിമെന്റ് ഒപ്പിട്ട കരാറുകാരന് പദ്ധതി പൂര്‍ത്തിയാക്കാന്‍ അനുവദിച്ച സമയം 2025 ഫെബ്രുവരി ഒന്‍പതിന് അവസാനിച്ചതാണ്. കിഫ്ബിയുടെ ഗുണപരിശോധനാ സെല്‍ പരിശോധിച്ചതില്‍ നിര്‍മാണത്തിന്റെ 40 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ശക്തമായ താക്കീത് നല്‍കുകയും 2025 ജൂണ്‍ 30 വരെ താത്കാലികമായി കാലാവധി നീട്ടിക്കൊടുക്കുകയും ചെയ്തു.
എന്നിട്ടും കരാറുകാരന് പ്രവൃത്തി ചെയ്യുന്നതില്‍ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കാത്ത സ്ഥിതി എംഎല്‍എ എന്ന നിലയില്‍ കിഫ്ബിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും കരാറുകാരനെ ഒഴിവാക്കാന്‍ തീരുമാനത്തിലെത്തുകയും ചെയ്തു. നിലവിലെ കരാറുകാരനെ തന്നെ ചുമതല ഏല്‍പ്പിച്ചാല്‍ ഒരു വര്‍ഷം കഴിഞ്ഞാലും പദ്ധതി ഇതേ നിലവാരത്തില്‍ മാത്രമേ തുടരൂ എന്ന ബോധ്യത്തിലാണ് കരാറുകാരനെതിരേ നടപടികള്‍ സ്വീകരിച്ചത്.
വസ്തുതകള്‍ ഇതായിരിക്കേ പ്രതിപക്ഷം ഇക്കാര്യത്തില്‍ കരാറുകാരന്റെ ഭാഗം കേട്ടില്ലെന്ന ആരോപണം ഉന്നയിക്കുന്നതിലെ സാംഗത്യം മനസിലാകുന്നില്ല. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാത്ത കരാറുകാരനെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല. എത്രയും വേഗം പദ്ധതി യാഥാർഥ്യമാകാന്‍ റീടെൻഡര്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് എല്ലാ ശ്രമങ്ങളും നടന്നുവരുന്നതായും ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു.