കെ.കെ. കൊച്ചിന് നാട് വിടനല്‍കി
1532982
Saturday, March 15, 2025 12:02 AM IST
കടുത്തുരുത്തി: അന്തരിച്ച ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ചിന് നാട് വിട നല്കി. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക കലാരംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. അര്‍ബുദ ബാധിതനായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെയാണ് കെ.കെ. കൊച്ച് അന്തരിച്ചത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ വെള്ളാശേരിക്ക് സമീപമുള്ള തത്തപ്പള്ളി കബനി വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിനു വച്ച കടുത്തുരുത്തി മിനി സിവില്സ്റ്റേഷനിലുമെത്തി അന്തിമോപചാരമര്‍പ്പിച്ചു. ഇന്നലെ രാവിലെ 10.30 ഓടെയാണ് മൃതദേഹം പൊതുദര്‍ശനത്തിനായി സിവില്‍ സ്റ്റേഷന്റെ താഴത്തെ ഹാളിലെത്തിച്ചത്. ഉച്ചയ്ക്ക് രണ്ടോടെ മൃതദേഹം സംസ്കാരത്തിനായി തിരികെ വീട്ടിലെത്തിച്ചു.
തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയുടെ ഭാഗമായി പോലീസ് സേനാംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. കെ.കെ. കൊച്ചിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയാണ് സംസ്കാരം നടന്നത്. മന്ത്രി വി.എന്‍. വാസവന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, ജോസ് കെ. മാണി എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, എംഎല്‍എമാരായ മോന്‍സ് ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അനൂപ് ജേക്കബ്, സി.കെ. ആശ, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, വൈക്കം വിശ്വന്, നാട്ടകം സുരേഷ്, വി.ബി. വിനു, ജി. ലിജിന്‍ ലാല്‍, എം. ഗീതാനന്ദന്, സണ്ണി കപിക്കാട്, സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ്, ഡിഎസ്എം ജനറല്‍ സെക്രട്ടറി പി.എ. പ്രസാദ്, കേരള ദളിത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്, സാംബവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി രാമചന്ദ്രന് മുല്ലശേരി, സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രവികുമാര്‍ തുടങ്ങി നിരവധിയാളുകളാണ് പ്രിയപ്പെട്ട എഴുത്തുകാരന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. വൈകുന്നേരം കടുത്തുരുത്തി ടൗണില്‍ അനുശോചന യോഗവും നടന്നു.