കാഞ്ഞിരപ്പള്ളി-എലിക്കുളം റോഡിൽ കൂട്ടിയിട്ടിരിക്കുന്ന മെറ്റിലും മക്കും കാൽനടക്കാർക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു
1460705
Saturday, October 12, 2024 3:39 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-എലിക്കുളം റോഡിൽ തമ്പലക്കാട് സെന്റ് തോമസ് പള്ളിക്കു മുൻവശത്ത് കൂട്ടിയിട്ടിരിക്കുന്ന മെറ്റിലും മക്കും കാൽനടയാത്രയ്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈൻ ഇടുന്നതിനായി വാട്ടർ അഥോറിറ്റി എടുത്ത കുഴി മൂടുന്നതിനുവേണ്ടി ഇറക്കിയ പാറപ്പൊടി കലർന്ന മെറ്റിൽക്കൂനകളാണ് പള്ളിക്കു മുന്പിലായി കൂടിക്കിടക്കുന്നത്. മാസങ്ങളേറെയായിട്ടും ഇതു മാറ്റാൻ നടപടിയില്ലെന്നു നാട്ടുകാർ പറയുന്നു.
ഞായറാഴ്ചകളിലും മറ്റു വിശേഷ ദിവസങ്ങളിലും വിവാഹം, മൃതസംസ്കാരം തുടങ്ങിയ ചടങ്ങുകൾ നടക്കുന്ന ദിവസങ്ങളിലും പള്ളിയിലെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്ത വിധമാണ് ഇവ കൂട്ടിയിട്ടിരിക്കുന്നത്. പള്ളിയിലെത്തുന്ന വാഹനങ്ങൾക്ക് കടന്നുപോകുന്നതിനും തടസമുണ്ടാകുന്നു.
നിലവിൽ മേഖലയിൽ വാട്ടർ അഥോറിറ്റിയുമായി ബന്ധപ്പെട്ട ഒരു പണികളും നടക്കുന്നില്ലെന്നും അതിനാൽ ഇവ എത്രയുംവേഗം മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മറ്റൊരിടത്ത് ഇറക്കിയിട്ടിരുന്ന ഇവ അവിടത്തെ നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഇവിടേക്കു മാറ്റിയിട്ടതാണെന്നും നാട്ടുകാർ പറയുന്നു.