നിയന്ത്രണംവിട്ട ബൈക്ക് പൈപ്പ് ലൈനിൽ ഇടിച്ചു യുവാവ് മരിച്ചു
1458763
Friday, October 4, 2024 3:19 AM IST
വൈക്കം: നിയന്ത്രണംവിട്ട ബൈക്ക് ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനില്‍ ഇടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുലശേഖരമംഗലം മേക്കര പടിഞ്ഞാറെ നടുച്ചിറയിൽ പരേതനായ താമരാക്ഷന്റെയും ആശയുടെയും മകന് അക്ഷയ്(22)ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10ന് ടോള്‍- ചെമ്മനാകരി റോഡില്‍ ചാലുംകടവ് പാലത്തിനു സമീപമായിരുന്നു അപകടം.
ചെമ്മനാകരി ഭാഗത്തുനിന്നു ടോള്‍ ജംഗ്ഷനിലേക്ക് വരികയായിരുന്ന അക്ഷയ് ഓടിച്ച ബൈക്ക് എതിരേ വന്ന വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് പാലത്തിനുസമീപത്തെ പൈപ്പ് ലൈനില്‍ ഇടിച്ച് മറിയുകയായിരുന്നു. റോഡില്‍ തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റ യുവാവിനെ സംഭവം അറിഞ്ഞെത്തിയ വൈക്കം പോലീസ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു അക്ഷയ്. വൈക്കം പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു. സഹോദരന്: അഭിഷേക്.