ധന്യൻ മാർ ഈവാനിയോസ് ഓർമപ്പെരുന്നാൾ: തീർഥാടന പദയാത്രയ്ക്ക് ഇന്നു തുടക്കം
1574130
Tuesday, July 8, 2025 9:35 PM IST
മാവേലിക്കര: മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തയും മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയുമായ ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ് തിരുമേനിയുടെ 72-ാം ഓർമപ്പെരുന്നാളിന് മുന്നോടിയായി തിരുവനന്തപുരം പട്ടത്തെ കബറിങ്കലിലേക്കുള്ള തീർഥാടന പദയാത്ര ഇന്ന് പുറപ്പെടും.
ഈവാനിയോസ് തിരുമേനിയുടെ ജന്മഗൃഹമായ മാവേലിക്കര പുതിയകാവ് പണിക്കരുവീട്ടിൽനിന്ന് ഇന്നു രാവിലെ 9ന് നടക്കുന്ന ധൂപപ്രാർഥനയ്ക്കും ദിവ്യബലിക്കും ശേഷം വള്ളിക്കുരിശ് കൈമാറി മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പോസ് ഉദ്ഘാടനം ചെയ്യും.
എംസിവൈഎം മാവേലിക്കര ഭദ്രാസനസമിതിയുടെ നേതൃത്വത്തിലാണ് പദയാത്ര നടത്തുന്നത്. കറ്റാനം, കടമ്പനാട് വഴി കൊല്ലം വൈദിക ജില്ലയുടെ പദയാത്ര സംഘത്തോടൊപ്പം ചേർന്ന് പുത്തൂർ കുണ്ടറ, കല്ലുവാതുക്കൽ, ആറ്റിങ്ങൽ വഴി ദേശീയപാതയിലൂടെ വിവിധ ഇടവകകൾ സന്ദർശിച്ച് 14ന് വൈകുന്നേരം ആറിന് പദയാത്ര പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ എത്തിച്ചേരും.