പഴയ കെട്ടിടം പൊളിച്ചുനീക്കാൻ നടപടിയില്ല
1574120
Tuesday, July 8, 2025 9:35 PM IST
ചാരുംമൂട്: വള്ളികുന്നം പഞ്ചായത്തിലെ തോപ്പിൽഭാസി മെമ്മോറിയൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ പഴയ കെട്ടിടം പൊളിച്ചുനീക്കാൻ നടപടിയില്ല. കാലപ്പഴക്കത്താൽ ജീർണിച്ച കെട്ടിടം ഏതു നിമിഷവും നിലം പതിക്കുന്ന സ്ഥിതിയിലാണ്. കെട്ടിടത്തിന് നൂറുവർഷത്തിന്മേൽ പഴക്കമുണ്ട്.
ആദ്യകാലങ്ങളിൽ ആശുപത്രിയുടെ പ്രവർത്തനം പൂർണമായി ഈ കെട്ടിടത്തിലായിരുന്നു. കെട്ടിടത്തിന്റെ പല ഭാഗങ്ങളും വർഷങ്ങളായി തകർന്നുവീണുകൊണ്ടിരിക്കുകയാണ്.
കെട്ടിടത്തിനു സമീപമാണ് ജീവനക്കാരുടെ ഇരുചക്രവാഹനങ്ങൾ വയ്ക്കുന്നതും ചികിത്സതേടിയെത്തുന്ന രോഗികളും ഒപ്പം എത്തുന്നവരും വിശ്രമിക്കുന്നതും.
രണ്ടു വർഷം മുമ്പ് ഐപി വാർഡിനുവേണ്ടി നിർമിച്ച കെട്ടിടത്തിലേക്ക് ആശുപത്രിയുടെ ഒപി വിഭാഗത്തിന്റെ ചികിത്സ മാറ്റി. പഴക്കം ചെന്ന മറ്റൊരു കെട്ടിടത്തിലാണ് ഇപ്പോഴും പ്രതിരോധ കുത്തിവയ്പും എച്ച്ഐമാരുടെ ഓഫീസും പ്രവർത്തിക്കുന്നത്. സി.എസ്. സുജാത എംപിയായിരുന്ന കാലത്ത് എക്സറേ യൂണിറ്റിനുവേണ്ടി നിർമിച്ച കെട്ടിടത്തിലാണ് ഇപ്പോൾ ഫാർമസി പ്രവർത്തിക്കുന്നത്.
ജില്ലയുടെ തെക്കേയറ്റത്ത് 1957ൽ പ്രവർത്തനം ആരംഭിച്ചതാണ് തോപ്പിൽ ഭാസി മെമ്മോറിയൽ ആശുപത്രി. കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുനീക്കി ആ സ്ഥാനത്ത് പുതിയ കെട്ടിടം നിർമിച്ച് എല്ലാം ഒരു കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കണമെന്നാണ് വർഷങ്ങളായി ജനങ്ങളുടെ ആവശ്യം.