അനധികൃത മണല്‍കടത്ത്, നാലുപേര്‍ വള്ളങ്ങളുമായി പിടിയില്‍
1574126
Tuesday, July 8, 2025 9:35 PM IST
ചേര്‍ത്തല: ചെങ്ങണ്ട കായലില്‍ രാത്രികാലത്തു നടക്കുന്ന അനധികൃത മണല്‍ കടത്തല്‍ നെടുമ്പ്രക്കാട് വിളക്കുമരം പാലത്തിനു ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില്‍ മണല്‍ കടത്താന്‍ ശ്രമിച്ച നാലുവള്ളങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയും ചേര്‍ത്തല സ്റ്റേഷന് ഓഫീസര്‍ ജി. അരുണിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പിടികൂടിയിരുന്നു.
നെടുമ്പ്രക്കാട് വിളക്കുമരം പാലത്തിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. പള്ളിപ്പുറം, നെടുമ്പ്രക്കാട് സ്വദേശികളായ പ്രസന്നന്, രജിമോന്, അശോകന്, ഉദയകുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പിടിച്ചെടുത്ത വള്ളങ്ങള്‍ കളക്ടര്‍ക്കു കൈമാറി. രാത്രികാലങ്ങളിലും പുലര്‍ച്ചെയുമാണ് വള്ളങ്ങളില്‍ സ്ഥിരമായി മണല്‍ കടത്തുന്നത്.
കായലില്‍നിന്നും എടുക്കുന്ന മണല്‍ കരയിലെത്തിച്ച് ലോറികളില്‍ കടത്തുകയാണ് പതിവ്. വള്ളത്തിന് 4000 മുതല്‍ 7000 രൂപക്കുവരെ വില്‍ക്കുന്നു. നെടുമ്പ്രക്കാട് വിളക്കുമരം പാലം നിര്‍മാണം പൂര്‍ത്തിയായി ഗതാഗതത്തിനു തുറന്നുകൊടുക്കാന്‍ സജ്ജമായിരിക്കുകയാണ്.
20 കോടിയോളം മുടക്കിയാണ് പാലം പൂര്‍ത്തിയാക്കിയത്. ഏറെ അടിയൊഴുക്കുള്ള കായലിലെ പാലത്തിനുസമീപമുള്ള മണല്‍ വാരുന്നത് പാലത്തിന്റെ തൂണുകളുടെ ബലക്ഷയത്തിനു കാരണമാകുമെന്ന് കാണിച്ച് നിര്‍മാണഘട്ടത്തില്‍ തന്നെ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്.