എക്സൈസിന്റെ മാവേലിക്കര റേഞ്ച് ഓഫീസ് തകര്‍ച്ചയുടെ വക്കില്‍
1574122
Tuesday, July 8, 2025 9:35 PM IST
മാവേലിക്കര: എക്സൈസ് മാവേലിക്കര റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഒരോ നിമിഷവും ജീവനില്‍ ഭയന്നാണ് ജോലിയില്‍ മുഴുകുന്നത്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ജീര്‍ണിച്ച കെട്ടിടത്തിലാണ് നിലവില്‍ എക്സൈസ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മൂന്നു വനിതകള്‍ ഉൾപ്പെടെ 26 പേരാണ് ഇവിടെ ജീവന് പണയംവച്ച് ജോലിചെയ്തുവരുന്നത്. ഒന്നാംനില പൂര്‍ത്തിയായ പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റണമെന്ന ആവശ്യത്തിന് വകുപ്പ് ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല.
നിലവിലെ എക്സൈസ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് കൊറ്റാര്‍കാവ് 78-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ 75 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ജീര്‍ണിച്ച കെട്ടിടത്തിലാണ്. കെട്ടിടത്തിന്റെ ഭിത്തികളും മറ്റും വിള്ളല്വന്ന് അപകടാവസ്ഥയിലും മഴ വന്നാല്‍ ചോരുന്ന നിലയിലുമാണ്.
മേല്‍ക്കൂരയിലെ തടികളും ദ്രവിച്ച നിലയിലാണ്. എന്‍എസ്എസ് കരയോഗം കെട്ടിടം ഉപയോഗയോഗ്യമല്ലെന്നും ഓഫീസിന്റെ പ്രവര്‍ത്തനം നടത്തുന്നത് അപകടഭീഷണി ഉയര്‍ത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി എക്സൈസ് വകുപ്പിന് കത്തു നല്‍കിയിട്ടുണ്ട്. കെട്ടിടത്തോട് ചേര്‍ന്ന തൊണ്ടിമുറിയുടെ ഒരു ഭാഗത്തെ ഭിത്തി പൂര്‍ണമായും തകര്‍ന്ന് മേല്‍ക്കൂര നിലം പതിക്കാറായി നില്‍ക്കുകയുമാണ്. കൂടാതെ കാടുപിടിച്ചു കിടക്കുന്ന ഓഫീസ് പരിസരത്ത് ഇഴജെന്തു ശല്യവും രൂക്ഷമാണ്.
വിദ്യാഭ്യാസവകുപ്പില്‍നിന്നു കൈമാറി കിട്ടിയ അടച്ചുപൂട്ടിപോയ വഴുവാടി ഗവ. എല്‍പിജി സ്കൂളിന്റെ സ്ഥലത്ത് 2023ല്‍ എക്സൈസ് റേഞ്ച് ഓഫീസിനായുള്ള കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. നിലവില്‍ താഴത്തെ നിലയില്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ ഓഫീസ്, തൊണ്ടി മുറി, കാത്തിരുപ്പ കേന്ദ്രം, ശൗചാലയങ്ങള്‍, ഡ്യൂട്ടി മുറി, സ്വീകരണ മുറി, ഉദ്യോഗസ്ഥരുടെ വിശ്രമമുറി, പാര്‍ക്കിംഗ് ഏരിയ എന്നിവ പൂര്‍ത്തിയായിട്ടുണ്ട്. ഭിത്തികളുടേയും മേല്‍ക്കൂരയുടെ പണി പൂര്‍ത്തിയായ ഒന്നാം നിലയിലെ അസിസ്റ്റന്റ് എക്സൈസ് ഓഫീസറുടെ മുറി, ഓഫീസ് ഏരിയ, സ്റ്റോര്‍ മുറി, സെല്‍, ശൗചാലയ സൗകര്യമുള്ള ഉദ്യോഗസ്ഥരുടെ വിശ്രമമുറി എന്നിവയാണ് പൂര്‍ത്തിയാക്കാനുള്ളത്.
ഭാവിയില്‍ രണ്ടാംനില നിര്‍മിച്ച് തട്ടാരമ്പലത്തില്‍ വാടകകെട്ടിടത്തില് പ്രവര്‍ത്തിക്കുന്ന എക്സൈസ് സര്ക്കിംള് ഇന്‍സ്പെക്ടര്‍ ഓഫീസ് കൂടി ഇവിടേക്ക് കൊണ്ടുവരാനാണ് പദ്ധതി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ് സ്വന്തമായി കെട്ടിടമില്ലാതിരുന്ന മാവേലിക്കര എകസൈസ് ഓഫീസിന് കെട്ടിടത്തിനായി അഞ്ചു കോടി രൂപ അനുവദിച്ചത്. ഇതിന്റെ ആദ്യഘട്ടമായി 2.47 കോടി രൂപ അനുവദിച്ചു. ഓന്നാം നിലയുടെ രൂപരേഖ തയാറാക്കി സമര്‍പ്പിച്ച ശേഷം രണ്ടാം ഘട്ടത്തിനായി കാത്തിരിക്കുകയാണിപ്പോള്‍.
മഴ കനക്കുന്ന സാഹചര്യത്തില്‍ നിലവില്‍ എക്സൈസ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ അവസ്ഥ മോശമായി തുടരുകയാണ്. റോഡ് നിരപ്പില്‍നിന്നും താഴെയായ സ്ഥലത്ത് മഴമൂലം ഉണ്ടാകുന്ന വെള്ളക്കെട്ടും കെട്ടിടത്തിനു ഭീഷണിയാണ്. ഏതു നിമിഷവും തകര്‍ന്നു വീഴാറായ വാടക കെട്ടിടത്തില്‍നിന്നും ഉടനടി ഓഫീസ് മാറിയില്ലെങ്കില്‍ വലിയ ദുരന്തം തന്നെ സംഭവിക്കാന്‍ സാധ്യതയുള്ളതായാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.