കോണ്‍ഗ്രസ് ജില്ലാ ആശുപത്രി മാര്‍ച്ചില്‍ സംഘര്‍ഷം: മൂന്നു പ്രവര്‍ത്തകര്‍ക്കു പരിക്ക്
1574119
Tuesday, July 8, 2025 9:35 PM IST
മാവേലിക്കര: മാവേലിക്കര, നൂറനാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മി റ്റികളുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മാവേലിക്കര ജില്ലാ ആശുപത്രിയിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്നു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. പുതിയകാവ് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിനു മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പോലീസ് ജില്ലാ ആശുപത്രിക്ക് നൂറുമീറ്റര്‍ മുന്‍പായി തടഞ്ഞിരുന്നു.
ഇവിടേക്കെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് വലയം ഭേദിച്ച് ആശുപത്രിക്ക് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു. പോലീസ് പ്രവര്‍ത്തകര്‍ക്കുനേരേ ബലം പ്രയോഗിച്ചു. ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ പോലീസിനു നേരെയും ബലപ്രയോഗം നടത്തി. ഇതിനിടെ പോലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടാകുകയും സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മീനു സജീവിന് ലാത്തിക്ക് അടിയേറ്റുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപിതരായി. ഇതിനിടെയാണ് ഔട്ട് റീച്ച് സെല്‍ മുന്‍ സംസ്ഥാന ചെയര്‍പേഴ്സണ്‍ അഡ്വ. മുത്താര രാജ്, മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അനിത സജി എന്നിവര്‍ക്കു പരിക്കേറ്റത്. കെപിസിസി നിര്‍വാഹകസമിതി അംഗം കോശി എം. കോശി ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അനി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് പോലീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവര്‍ത്തകര്‍ പുതിയകാവിലേക്ക് മാര്‍ച്ചും പുതിയകാവ് ജംഗ്ഷനില്‍ നടന്ന പ്രതിഷേധ യോഗവും നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. കെ.ആര്. മുരളീധരന് യോഗം ഉദ് ഘാടനം ചെയ്തു.
നൂറനാട് ബ്ലോക്ക് പ്രസിഡന്റ് ജി. ഹരിപ്രകാശ് അധ്യക്ഷത വഹിച്ചു.