മണ്ഡലകാലത്തെ വരവേൽക്കാൻ അമ്പലപ്പുഴ ഒരുങ്ങി
1478929
Thursday, November 14, 2024 5:13 AM IST
അമ്പലപ്പുഴ: മണ്ഡലകാലത്തെ വരവേൽക്കാൻ അയ്യപ്പന്റെ മാതൃദേശമായ അമ്പലപ്പുഴ ഒരുങ്ങി. അമ്പലപ്പുഴ പേട്ട സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രധാന പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള, പ്രസിഡന്റ് ആർ. ഗോപകുമാർ, കെ. ചന്ദ്രകുമാർ, ബിജു സാരംഗി, രഥഘോഷയാത്രാ കമ്മിറ്റി കൺവീനർ മധു. ആർ എന്നിവർ പറഞ്ഞു.
വൃശ്ചികം ഒന്നായ ശനിയാഴ്ച രാവിലെ ഭക്തർ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തി മുദ്രമാല ധരിക്കും. തുടർന്ന് ഈശ്വരാർപ്പിത പ്രവർത്തനങ്ങൾ നടക്കും. അമ്പലപ്പുഴ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഉച്ചയ്ക്കും വൈകിട്ടും അന്നദാനം, ശബരിമല തീർഥാടകർക്ക് വിവരങ്ങൾ നല്കുന്നതിനായി സേവന കേന്ദ്രത്തിന്റെ പ്രവർത്തനം എന്നിവ ശനിയാഴ്ച ആരംഭിക്കും.
ആഴി പൂജയ്ക്ക് 23 നു തുടക്കമാകും. ജനുവരി അഞ്ചിന് കെട്ടുനിറച്ച് ആറിന് യാത്ര ആരംഭിക്കും. 9ന് മണിമല ആഴിപുജ, 11ന് എരുമേലി പേട്ട തുള്ളൽ, 13ന് പമ്പ സദ്യ, 14ന് നെയ്യഭിഷേകം, മകരവിളക്ക് ദർശനം, മഹാനിവേദ്യം 15ന് ശിവേലി എഴുന്നള്ളത്ത് എന്നീ ചടങ്ങുകൾ പൂർത്തിയാക്കി 16ന് മടങ്ങിയെത്തും.
സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 8ന് ക്ഷേത്രം മേൽശാന്തി യദുകൃഷ്ണൻ നമ്പുതിരിയും അന്നദാനത്തിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി. ജയലക്ഷ്മിയും നിർവഹിക്കും. ആദ്യ ആഴിപുജ മുഹമ്മ ചീരപ്പൻചിറ കളരിയിൽ നടക്കും. 18 ആഴിപുജകളാണ് ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത്.
ദേവസ്വത്തിൽനിന്ന് രസീത് വാങ്ങിവരുന്നവർക്ക് കെട്ടുനിറയ് ക്കുന്നതിനുള്ള സൗകര്യം സേവന കേന്ദ്രത്തിൽ ലഭ്യമാണ്. 61 ദിവസത്തെ വ്രതാനുഷ്ഠാനവും 51 ദിവസത്തെ അന്നദാനത്തിനും ശേഷമാണ് സംഘത്തിന്റെ നേതൃത്വത്തിൽ എരുമേലി പേട്ടതുള്ളൽ നടക്കുക.
സമുഹപ്പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. കരപ്പെരിയോൻമാരായ പി.സദാശിവൻപിള്ള, കെ. ചന്തു, പി. ഉണ്ണികൃഷ്ണൻ, പി. ശോഭനൻ, ആർ. മണിയൻ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക.