തീർഥാടനം പടിവാതിൽക്കൽ: ഒരുക്കങ്ങൾക്കു പണമില്ല
1478529
Tuesday, November 12, 2024 7:25 AM IST
ചെങ്ങന്നൂർ: ശബരിമലയിലേക്ക് തീർഥാടക ലക്ഷങ്ങളെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും പ്രധാന ഇടത്താവളമായ ചെങ്ങന്നൂരിൽ നഗരസഭയ്ക്ക് മുന്നൊരുക്കങ്ങൾക്കു പണമില്ല. ഇടത്താവളങ്ങൾക്കു സർക്കാർ എല്ലാവർഷവും പണമനുവദിക്കാറുണ്ട്.
എന്നാൽ, ഈവർഷത്തെ തീർഥാടന ഒരുക്കങ്ങൾക്കായി പണമനുവദിച്ചിട്ടില്ല. കഴിഞ്ഞവർഷത്തെ സഹായം ഏതാനും മാസങ്ങൾക്കു മുൻപാണ് ലഭിച്ചത്. ഈ വർഷവും തീർഥാടനം കഴിഞ്ഞ ശേഷമായിരിക്കും പണം അനുവദിക്കാൻ സാധ്യതയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
25 ലക്ഷം രൂപയുടെ സഹായമാണ് മുൻ വർഷം ലഭിച്ചത്. ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന അവലോകനയോഗത്തിൽ സഹായം 50 ലക്ഷമാക്കി ഉയർത്തണമെന്ന് നഗരസഭാധികൃതർ ആവശ്യപ്പെട്ടിരുന്നു.
തനതു ഫണ്ടില്ലാത്തതാണ് നഗരസഭയെ വലയ്ക്കുന്നത്. സി ഗ്രേഡ് നഗരസഭയായ ചെങ്ങന്നൂരിൽ ഫണ്ടിന്റെ കുറവുമൂലം റോഡ് നിർമാണം അടക്കമുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികളെ ബാധിച്ചിരുന്നു. ഒരേസമയം നൂറിലധികം തീർഥാടകർക്കു വിരി വയ്ക്കാൻ കഴിയുന്ന താത്കാലിക വിശ്രമകേന്ദ്രം നഗ രസഭ നിർമിക്കുന്നുണ്ട്.
കൂടാതെ ഓടകളുടെ വൃത്തിയാക്കലും മറ്റു ശുചീകരണപ്രവർത്തനങ്ങളും നടത്താനുണ്ട്. എന്നാൽ, പണമില്ലാ ത്തതിനാൽ ഇവയെല്ലാം മന്ദഗതിയിലാണ്. ഈ വർഷവും റെയിൽവേ സ്റ്റേഷനു മുന്നിൽ സഹായ കേന്ദ്രം അടക്കമുള്ളവ തുറക്കുന്നുണ്ട്. ശുചീകരണപ്രവർത്തനങ്ങൾക്ക് 25 തൊഴിലാളികളെ താത്കാലി കമായി നിയമിക്കും.
ടേക്ക് എ ബ്രേക്ക് കെട്ടിടം തീർഥാടനകാലത്ത്
നഗരസഭാ ബസ് സ്റ്റാൻഡിനോടുചേർന്ന് ഉന്നതനിലവാരത്തിലുള്ള ശൗചാലയങ്ങളടങ്ങിയ ടേക്ക് എ ബ്രേക്ക് കെട്ടിടം തീർഥാടനത്തോടനുബന്ധിച്ചുണ്ടാകും. പത്ത് ശൗചാലയങ്ങൾ കെട്ടിടത്തിലുണ്ട്. വിശ്രമിക്കാനുള്ള സൗകര്യവുമുണ്ട്. 42 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമിച്ചത്. എന്നാൽ, ഇതിനു സമീപത്ത് അരക്കോടിരൂപ ചെലവഴിച്ചു നിർമിച്ച മാലിന്യസംസ്കരണകേ ന്ദ്രം തുറക്കാറായിട്ടില്ല. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതാണു പ്രശ്നം. അതേസമയം, മാലിന്യസംസ്കരണകേന്ദ്രം പ്രവർത്തിപ്പിക്കണമെന്നയാവശ്യം ശക്തമാണ്. തീർഥാടനകാലത്തുണ്ടാകുന്ന മാലിന്യം സംസ്കരിക്കാൻ മറ്റൊരു മാർഗമില്ല.
ഒരുദിവസം 50 ടൺ ജൈവ, അജൈവമാലിന്യം സംസ്കരിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്. ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങൾറിപ്പോർട്ടുചെയ്യുന്ന സാഹചര്യത്തിൽ തീർഥാടനക്കാലത്ത് മാലിന്യസംസ്കരണത്തിനുഫലപ്രദമായ സംവിധാനം വേണമെന്ന ആവശ്യം ശക്തമാണ്.