മരണനിരക്ക് കുറയ്ക്കാന്‍ സഹായകരം : ഡോ. അവിനാഷ് ഹരിദാസിന്റെ അവന്തി ശസ്ത്രക്രിയയ്ക്ക് അന്താരാഷ്ട്ര അംഗീകാരം
1478926
Thursday, November 14, 2024 5:10 AM IST
ചേര്‍ത്തല: തലച്ചോറിലെ രക്തസ്രാവം നീക്കം ചെയ്യുന്നതിന് സ്വന്തമായി നൂതന ശസ്ത്രക്രിയാരീതി ആവിഷ്കരിച്ച ചേര്‍ത്തല കെവിഎം സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.അവിനാഷ് ഹരിദാസ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഈജിപ്തില്‍ ക്ലാസ് എടുത്ത് അവിസ്മരണീയനേട്ടം കൈവരിച്ചു.
ശസ്ത്രക്രിയാരംഗത്ത് വര്‍ഷങ്ങളുടെ നീണ്ട പഠനത്തിനൊടുവില്‍ ഡോ. അവിനാഷ് ഹരിദാസ് സ്വയം വികസിപ്പിച്ചെടുത്ത അവന്തി ന്യൂറോ എന്‍ഡോസ്കോപിക് താക്കോല്‍ദ്വാര ശസ്ത്രക്രിയ ചികിത്സാരീതിക്ക് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം.
മസ്തിഷ്കത്തിന്റെ ഉപരിതലത്തിലെ സങ്കീര്‍ണമായ സബ്ഡ്യൂറല്‍ രക്തസ്രാവം സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള അവന്തി ന്യൂറോ എന്‍ഡോസ്കോപ്പിക് സാങ്കേതികവിദ്യ ഇന്‍ട്രാക്രീനിയല്‍ സബ്ഡ്യുറല് ഹെമറ്റോമകളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതുമാത്രമല്ല ആവര്‍ത്തന സാധ്യതകള്‍ കുറയ്ക്കുന്നതിലൂടെ ഒരൊറ്റ ഓപ്പറേഷന്‍വഴി രോഗശമനം നടത്താനും സഹായിക്കുന്നു.
കൃത്യമായ ശസ്ത്രക്രിയയിലൂടെ മരണനിരക്ക് കുറയ്ക്കാനാകുമെന്നതാണ് അന്താരാഷ്ട്രതലത്തില്‍ ഈരീതി അംഗീകരിക്കപ്പെടാന്‍ കാരണം. ഡോ. അവിനാഷ് വികസിപ്പിച്ചെടുത്ത പുതിയ ശസ്ത്രക്രിയാരീതിയെക്കുറിച്ച് പഠിക്കാന്‍ അപ്പര്‍ ഈജിപ്തിലെ അസ്യൂട്ട് ന്യൂറോ യൂണിവേഴ്സിറ്റിയിലെ ന്യൂറോസര്‍ജറിയിലെ എമറിറ്റസ് പ്രഫ. റഡ്വാന്‍ നൗബി വിശിഷ്ടാതിഥിയായി ഡോ. അവിനാഷിനെ ക്ഷണിക്കുകയായിരുന്നു. ഈജിപ്ഷ്യന്‍ ന്യൂറോസര്‍ജിക്കല്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ലോകമെമ്പാടുമുള്ള രോഗികള്‍ക്ക് തന്റെ പുതിയ ചികിത്സാരീതിയുടെ പ്രയോജനം ലഭ്യമാക്കുന്നതിനായി വിവിധ രാജ്യങ്ങളില്‍ ന്യൂറോ സര്ജന്മാര് പങ്കെടുത്ത കോണ്‍ഫറന്‍സുകളില്‍ ഡോ. അവിനാഷ് പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.
സങ്കീര്‍ണമായ ഇന്‍ട്രാക്രീനിയല്‍ സബ്ഡ്യൂറല്‍ ഹെമറേജുകള്‍ അനുഭവിക്കുന്ന രോഗികളുടെ രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനു ഈ സാങ്കേതികവിദ്യയിലൂടെ കഴിയുമെന്ന് ഡോ. അവിനാഷ് ഹരിദാസ് പറഞ്ഞു.