ഇട്ടി അച്യുതൻമുതൽ ഡോ. ടെസിയും സോമനാഥുംവരെ
1478920
Thursday, November 14, 2024 5:09 AM IST
ആലപ്പുഴ: സംസ്ഥാനസ്കൂൾ ശാസ്ത്രമേള ഇക്കുറി ആലപ്പുഴയിലെത്തുന്പോൾ ജില്ലയുടെ സന്പന്നമായ ശാസ്ത്രപൈതൃകത്തിന്റെ ഓർമപ്പെടുത്തൽ കൂടിയായി മേള മാറും. 17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രഗത്ഭ വൈദ്യൻ ഇട്ടി അച്യുതൻ മുതൽ ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥ് വരെ നീളുന്ന ശാസ്ത്രലോകത്തെ പ്രതിഭകളുടെ നീണ്ട നിരയുണ്ട് ജില്ലയുടെ അഭിമാനമായി. മേളയുടെ ഭാഗമായി ജില്ലയിലെത്തുന്ന പുതുതലമുറയിലെ ശാസ്ത്രതൽപരരായ കുട്ടികൾക്ക് ഈ സന്പന്നമായ ശാസ്ത്രപൈപതൃകം ഉൗർജം പകരുന്ന രീതിയിലാണ് പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ സസ്യസന്പത്തിനെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ രചനയിൽ മുഖ്യപങ്കുവഹിച്ച പ്രഗത്ഭ നാട്ടുവൈദ്യൻ ഇട്ടി അച്യുതൻ ചേർത്തല കടക്കരപ്പള്ളിയിലെ കൊല്ലാട്ട് കുടംബക്കാരനായിരുന്നു. കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രി വാൻ റീഡ് സമാഹരിച്ച ഹോർത്തൂസ് മലബാറിക്കസിൽ പരാമർശിക്കുന്ന സസ്യലതാദികളെക്കുറിച്ചുള്ള വിവരങ്ങളുടെ ആധികാരികത തെളിയിക്കാൻ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയ സാക്ഷ്യപത്രങ്ങളിലൊന്ന് ഇട്ടി അച്യുതന്റേതാണ്.
നമ്മുടെ നാട്ടിലെ അപൂർവസസ്യജാലത്തെ ലോകശ്രദ്ധയിലെത്തിച്ച ഇട്ടി അച്യുതൻ വൈദ്യരുടെ ചേർത്തല കടക്കരപ്പള്ളിയിലെ സ്മൃതി കുടീരത്തിൽനിന്നാണ് ശാസ്ത്രമേളയുടെ പതാകജാഥ ആരംഭിക്കുന്നതും.
ഹരിതവിപ്ലവത്തിന്റെ നായകനായ കൃഷിശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥനും ആലപ്പുഴയുടെ മഹത്തായ സംഭാവനയാണ്. കുട്ടനാട്ടിലെ മങ്കൊന്പിലെ അദ്ദേഹത്തിന്റെ വീട്ടിൽനിന്നാണ് മേളയുടെ ദീപശിഖാ റാലി ആരംഭിക്കുന്നത്. ഡോ. മങ്കൊന്പ് കെ. സാംബശിവന്റെയും തങ്കത്തിന്റെയും മകനായ ഡോ. സ്വാമിനാഥന്റെ ഗവേഷണ പരിശ്രമങ്ങളുടെ ഫലമായി വികസിപ്പിച്ചെടുത്ത അത്യുപാദനശേഷിയുള്ള വിത്തുകളാണ് ഒട്ടേറെ രാജ്യങ്ങളെ പട്ടിണിയിൽനിന്ന് കരകയറ്റിയത്.
ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്ന ഡോ. ടെസി തോമസും ആലപ്പുഴയുടെ അഭിമാനമാണ്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ശേഷിയുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റിയ അഗ്നി മിസൈലിന്റെ അമരാക്കാരിയായ ഡോ. ടെസി ഡിആർഡിഒ സാങ്കേതിക വിഭാഗത്തിൽ ഡയറക്ടർ ജനറൽ സ്ഥാനത്തെത്തിയ രണ്ടാമത്തെ വനിതയുമാണ്. ആലപ്പുഴ തത്തംപള്ളി തൈപ്പറന്പിൽ ടി ജെ തോമസിന്റെയും കുഞ്ഞമ്മയുടെയും മകളായ ടെസി സാധാരണ കുടുംബത്തിൽ ജനിച്ച് ശാസ്ത്ര പഠനം കൊണ്ട ് ഉയരങ്ങൾ കീഴടക്കിയ വനിതയാണ്.
ആധുനിക വൈദ്യശാസ്ത്രത്തിന് കേരളം നൽകിയ വലിയ സംഭാവനയായ ഡോ. എം.എസ്. വല്യത്താനും ആലപ്പുഴക്കാരനാണ്. ഹൃദയശസ്ത്രക്രിയാവിദഗ്ധനും മെഡിക്കൽ സാങ്കേതികവിദ്യക്ക് ശ്രദ്ധേയമായ സംഭാവന നൽകിയ വ്യക്തിയുമായ അദ്ദേഹം മാർത്താണ്ഡവർമയുടെയും ജാനകിവർമയുടെയും മകനായി മാവേലിക്കരയിലാണ് ജനിച്ചത്.
ഐഎസ്ആർഒ ചെയർമാനായ ഡോ. എസ്. സോമനാഥ് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ മുൻഡയറക്ടറുമായിരുന്നു. റോക്കറ്റ് സാങ്കേതികവിദ്യയിലും രൂപകൽപനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലും മുഖ്യപങ്കുവഹിച്ചിട്ടുള്ള ആലപ്പുഴ തുറവൂർ സ്വദേശിയായ അദ്ദേഹം ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർമേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.
തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ഭൗമശാസ്ത്രജ്ഞനായിരുന്ന ഇല്ലിപ്പറന്പിൽ കോര ചാക്കോയാണ് ജില്ലയിലെ മറ്റൊരു ശാസ്ത്രപ്രതിഭ. കുട്ടനാട്ടിലെ പുളിങ്കുന്നിൽ ജനിച്ച അദ്ദേഹം ലണ്ടൻ ഇംപീരിയൽ കോളജ് വിദ്യാർഥിയായിരുന്നു. ഭാഷാശാസ്ത്രജ്ഞൻ കൂടിയായ അദ്ദേഹം കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരത്തിന് അർഹനായ രണ്ടാമത്തെ വ്യക്തികൂടിയാണ്.
കായൽകൃഷിയുടെ ഉപജ്ഞാതാക്കളിലൊരാളായ പള്ളിത്താനം ലൂക്കാ മത്തായിയും കുട്ടനാട് കൈനടി സ്വദേശിയായിരുന്നു. തിരുവിതാംകൂർ പ്രജാസഭ അംഗമായിരുന്ന അദ്ദേഹം കുട്ടനാട്ടിലെ കൂട്ടുകൃഷി പ്രസ്ഥാനത്തിന്റെ അമരക്കാരനും കുട്ടനാട് കർഷക സംഘത്തിന്റെ സ്ഥാപകനുമാണ്. ഇനിയും ഒട്ടേറെ പ്രമുഖർ ഈ നിരയിലുണ്ട്. 14 വർഷത്തിനുശേഷം ജില്ലയിലെത്തുന്ന ശാസ്ത്രമേളയുടെ വേദികൾ പ്രമുഖ ശാസ്ത്രജ്ഞരുടെ പേരിലാണ് ഒരുക്കിയിട്ടുള്ളത്.