കുട്ടനാട്ടിൽ വീണ്ടും രാഷ്ട്രീയ കൂടുമാറ്റം: സിപിഎം, കോൺഗ്രസ് പ്രവർത്തകർ സിപിഐയിലേക്ക്
1478925
Thursday, November 14, 2024 5:09 AM IST
മങ്കൊമ്പ്: സിപിഎമ്മിൽനിന്നും കോൺഗ്രസിൽനിന്നും പ്രവർത്തകർ സിപിഐയിൽ ചേർന്നു. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി, മുൻ പഞ്ചായത്ത് വനിത പ്രസിഡന്റ് എന്നിവരക്കമുള്ള പ്രവർത്തകരാണ് സിപിഐയിൽ അംഗത്വമെടുത്തത്.
ഏറെക്കാലമായി സിപിഎം നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്നവരാണ് ഇപ്പോൾ കൂടുമാറിയിരിക്കുന്നത്. സിപിഎമ്മിന് പുറമേ പുളിങ്കുന്ന്, എടത്വ പഞ്ചായത്തുകളിൽനിന്നായി ഏതാനും കോൺഗ്രസ് പ്രവർത്തകരും അംഗത്വമെടുത്തവരിൽപ്പെടുന്നു.
ഇവരിൽ സിപിഎം ചുമട്ടുതൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയംഗവും ഉൾപ്പെടുന്നു. രാമങ്കരി മാരാപറമ്പ് ബിൽഡിംഗിൽ നടന്ന ചടങ്ങിൽ ഇവർ പാർട്ടി അംഗത്വമെടുത്തു. സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് യോഗം ഉദ്ഘാടനം ചെയ്തു.
സിപിഐ കുട്ടനാട് സൗത്ത് മണ്ഡലം സെക്രട്ടറി ടി.ഡി. സുശീലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നോർത്ത് മണ്ഡലം കമ്മിറ്റി സെക്രട്ടറി ആർ. രാജേന്ദ്രകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. കാർത്തികേയൻ തുടങ്ങിയവർ പ്രസംഗിച്ചു.