കെഎച്ച്ആര്‍എ മാര്‍ച്ചും ധര്‍ണയും നടത്തി
1478683
Wednesday, November 13, 2024 4:55 AM IST
ആലപ്പുഴ: വ്യാപാരികള്‍ക്ക് വാടകയ്ക്കുമേല്‍ 18% അധിക ജിഎസ്ടി ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജിഎസ്ടി ഡിവിഷന് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി.
ഇഎംഎസ് സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ ജില്ലയിലെ നൂറുകണക്കിന് ഹോട്ടല്‍ ഉടമകളും ഭക്ഷ്യോല്‍പ്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കെടുത്തു.
തുടര്‍ന്ന് ജിഎസ്ടി ഡിവിഷന് ഓഫീസിനു മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണ കെഎച്ച്ആര്‍എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ ഉദ്ഘാടനം ചെയ്തു. 18% ജിഎസ്ടി ഏര്‍പ്പെടുത്തിയ വ്യാപാര വിരുദ്ധ നടപടി പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് മനാഫ് കുബാബ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നാസര്‍ ബി. താജ്, റോയി മഡോണ, വി. മുരളീധരന്, എം.എ. കരീം, എസ്.കെ. നസീര്‍, കബീര്‍ റഹ്മാനിയ, ബേക്കേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ജോളിച്ചന്‍, എ. ഇ. നവാസ്, രാജേഷ് പടിപ്പുര, മുഹമ്മദ് കോയ, മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.