ഭക്ഷ്യവിഷബാധയേറ്റ സംഭവം: നടപടി ആവശ്യപ്പെട്ട് പരാതി
1478677
Wednesday, November 13, 2024 4:55 AM IST
അന്പലപ്പുഴ: സ്കൂളിൽനിന്നു വിനോദയാത്രയ്ക്കു പോയ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് രക്ഷാകര്‍ത്താവ് ഡിഡി, എംഎല്‍എ, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്കു പരാതി നല്കി. പുന്നപ്ര പനന്താനത്ത് സന്തോഷാണ് പരാതി നല്‍കിയത്.
പുന്നപ്രയിലെ ഒരു ഹയർ സെക്കൻഡറി സ്കൂളിൽനിന്നുപോയ കുട്ടികളിൽ ചിലർക്കാണ് വയറുവേദനയും ഛർദിയും വയറിളക്കവും ഉണ്ടായത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയാണ് കുട്ടികളുമായി വിനോദയാത്ര പുറപ്പെട്ടത്. ശനിയാഴ്ച രണ്ടോടെ ഉച്ചഭക്ഷണം നൽകിയശേഷം രാത്രി 11 ഓടെയാണ് പിന്നീട് ഭക്ഷണം നൽകിയത്.
തുടർന്നാണ് കുട്ടികൾക്ക് അസ്വസ്ഥതയുണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. ഒരു കുട്ടിക്ക് അപസ്മാര ലക്ഷണങ്ങൾ കാണിച്ചതായും പറയുന്നു. കുട്ടികളുടെ ഹാജർനില ചൊവ്വാഴ്ചയും കുറവായിരുന്നു. ടൂർ പാക്കേജ് ഏറ്റെടുത്തവരിലെ പിഴവാണെന്നാണ് കുട്ടികൾ പറയുന്നത്. അഞ്ച് ബസുകളിൽ 220 ഓളം കുട്ടികളാണ് വിനോദയാത്രയ്ക്കു പോയത്.
തിരിച്ചുവരുന്നതിനിടെ ഒരു ബസിന് തകരാർ സംഭവിച്ചു. തുടർന്ന് ആൺകുട്ടികൾക്ക് അവിടെ തങ്ങാനുള്ള അവസരം നൽകി. പെൺകുട്ടികളെ നിർത്തിയാണ് മറ്റ് ബസുകളിലായി യാത്ര തുടർന്നതെന്നും ആരോപിക്കുന്നു. ശനിയാഴ്ച രാത്രിയിൽ കുട്ടികൾക്ക് വിളമ്പിയ ഭക്ഷണമാണ് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമെന്നാണ് ആരോപണം.
എന്നാൽ, കോ-ഓർഡിനേറ്റ് ചെയ്ത അധ്യാപകരിൽനിന്ന് വീഴ്ചയുണ്ടായതായി പരാതിയിൽ പറയുന്നു. അപസ്മാര ലക്ഷണങ്ങൾ കാണിച്ച കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് മറ്റ് സഹപാഠികൾ അറിയിച്ചെങ്കിലും കൂട്ടാക്കിയില്ലെന്നും യാത്രയിൽ ഒപ്പം ഉണ്ടായിരുന്ന മറ്റൊരു അധ്യാപകനാണ് കൊണ്ടുപോയതെന്നും പരാതിയിൽ പറയുന്നു.
സകൂൾ മാനേജ്മെന്റിനും രക്ഷിതാവ് പരാതി നൽകിയിട്ടുണ്ട്. വീഴ്ചവരുത്തിയ അധ്യാപകർക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.