കുറുവാസംഘം വിലസുന്നു; വിറങ്ങലിച്ച് ജനം
1478635
Wednesday, November 13, 2024 4:46 AM IST
കുറുവാസംഘം കോമളപുരത്തെ വീടുകളിൽ മോഷണം നടത്തി
മുഹമ്മ: ആലപ്പുഴയെ ഭീതിലാഴ്ത്തിയ കുറുവാസംഘം കോമളപുരത്തെ വീടുകളിൽ കവർച്ച നടത്തി. ഇന്നലെ പുലർച്ചെയാണ് മോഷണം. മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കോമളപുരം കുഞ്ഞുമോന്റെ ഭാര്യ ഇന്ദുവിന്റെ മൂന്നരപ്പവന്റെ മാലയാണ് കവർന്നത്. പുലർച്ചെ വാതിൽ പൊളിച്ച് അകത്തുകടന്നസംഘം ഇന്ദുവിന്റെ കഴുത്തിൽ കിടന്ന മാല കവർന്നു. കോമളപുരം നായ്ക്കാംവെളി അജയകുമാറിന്റെ വീട്ടിലും അടുക്കള വാതിൽ പൊളിച്ച് അകത്തുകടന്നാണ് കുഞ്ഞുമോന്റെ ഭാര്യ ജയന്തിയുടെ മാല കവർന്നത്.
എന്തോ വീഴുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. ലൈറ്റിട്ട് നോക്കിയപ്പോൾ തറയിൽ കാൽപ്പാദം പതിഞ്ഞ പാട് കണ്ടു. സംശയം തോന്നി നോക്കിയപ്പോഴാണ് വാതിൽ പൊളിച്ചതായി കണ്ടത്. ജയന്തിയുടെ മാലയിലെ താലിയും കൊളുത്തും മാത്രമാണ് സ്വർണമായി ഉണ്ടായിരുന്നത്.
ഇതിൽ താലി നിലത്ത് വീഴുന്ന ശബ്ദമാണ് വീട്ടുകാർ കേട്ടത്. താലി വീട്ടുകാർക്ക് ലഭിച്ചിട്ടുണ്ട്. മോഷണം അറിഞ്ഞ് പോലീസ് എത്തി പരിശോധന നടക്കുമ്പോഴാണ് സമീപ വീട്ടിൽ മോഷണം നടന്നത്.
കഴിഞ്ഞദിവസം കുറുവാസംഘത്തിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. നേതാജി മണ്ണേഴത്ത് വെളി രേണുകയുടെ വീടിനു സമീപത്തായിരുന്നു കവർച്ചാസംഘം എത്തിയത്. മുഖം മറച്ച് അര്‍ധനഗ്നരായാണ് സാധാരണഗതിയിൽ കുറുവാസംഘം എത്താറുള്ളതെന്ന് പോലീസ് പറഞ്ഞു.
പകല്ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങുന്ന കുറുവാസംഘം രാത്രിയാണ് മോഷണത്തിനിറങ്ങുക. എതിര്‍ത്താല്‍ ക്രൂരമായി ആക്രമിക്കുകയും ചെയ്യും. സംസ്ഥാനത്തു പലയിടത്തും ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്.
കേരള -തമിഴ്നാട് അതിര്‍ത്തിയിലാണ് ഇവരുടെ താവളം. കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളും ഇവരുടെ കേന്ദ്രങ്ങളാണ്. വീടുകളുടെ പിന്‍വാതില്‍ തകര്‍ത്ത് അകത്തുകയറുന്നതാണ് ഇവരുടെ രീതി. ശരീരത്തില്‍ എണ്ണയും കരിയും പുരട്ടും. പിടികൂടിയാല്‍ വഴുതി രക്ഷപ്പെടാനാണിത്.
വീടിനു പുറത്തെത്തി കുട്ടികളുടെ കരച്ചില് പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്തു വാതില്‍ തുറക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കാറുണ്ട്. പുറത്തിറങ്ങുന്നവരെ ആക്രമിച്ചശേഷം അകത്തേക്ക് കയറുകയാണ് ചെയ്യുക. നാടുമുഴുവൻ കുറുവാ സംഘം വിലസുന്പോഴും സംഘത്തെ പിടിക്കാനോ മോഷണം തടയാനോ പോലീസിനാകുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.
ഫോട്ടോ : മോഷണം വിവരിക്കുന്ന ഇന്ദു.