മതമൈത്രി സന്ദേശമായി നാടെങ്ങും നബിദിന റാലി
1453660
Tuesday, September 17, 2024 12:07 AM IST
മാന്നാർ: മതമൈത്രിയുടെ സന്ദേശമുണർത്തി നബിദിന റാലിക്ക് ക്ഷേത്രനടകളിൽ സ്വീകരണം. മാന്നാർ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്ന മതപ്രസംഗ പരമ്പരയ്ക്ക് സമാപനം കുറിച്ച് മാന്നാറിൽ നടന്ന നബിദിന റാലിക്കാണ് മാന്നാര്‍ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്ര നടയിലും ശ്രീകുരട്ടിശേരിയിലമ്മ ഭഗവതി ക്ഷേത്ര നടയിലും സ്വീകരണം നല്‍കിയത്. പുത്തൻപള്ളിയിൽനിന്ന് ആരംഭിച്ച റാലിക്ക് ശ്രീകുരട്ടിശേരിയിലമ്മ ഭഗവതി ക്ഷേത്രനടയില്‍ സജി കുട്ടപ്പൻ, പ്രഭകുമാർ, ശിവൻപിള്ള, ശിവൻകുട്ടി, രാജേന്ദ്രൻ, അജിത്കുമാർ, ഗിരീഷ്, രാജേഷ്, സന്തോഷ് കുട്ടപ്പൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
തുടർന്ന് തൃക്കുരട്ടി ക്ഷേത്രനടയിൽ എത്തിയ റാലിക്ക് മാന്നാർ തൃക്കുരട്ടി ക്ഷേത്ര ഉപദേശകസമിതിയും തൃക്കുരട്ടി മഹാദേവ സേവാസമിതിയും സംയുക്തമായി സ്വീകരണം നൽകി. ഉപദേശകസമിതി പ്രസിഡന്റ് ഹരികുമാർ ശിവം, സേവാസമിതി പ്രസിഡന്റ് കലാധരൻ കൈലാസം, ഉപദേശകസമിതി സെക്രട്ടറി അനിൽ നായർ ഉത്രാടം, സമിതി സെക്രട്ടറി അനിരുദ്ധൻ ചിത്രാഭവൻ, വൈസ് പ്രസിഡന്റ് അനുകുമാർ ഭാനുഭവനം, ഭാരവാഹികളായ കണ്ണൻ ഗോകുലം, സുന്ദരേശൻ പിള്ളൈ, വിനു കാരാഞ്ചേരില്‍, ഗിരീഷ്കുമാർ, വേണു ഏനാത്ത്, മഹേശ്വരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊന്നാടയും ബൊക്കയും നൽകി വാദ്യമേളങ്ങളോടെയാണ് സ്വീകരിച്ചത്.
ഹരിപ്പാട്: പടിഞ്ഞാറെമുട്ടം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗലൂദ് സദസും നബിദിന റാലിയും സംഘടിപ്പിച്ചു. ജമാഅത്ത് പള്ളിയിൽ നടന്ന മൗലൂദ് സദസിനു ചീഫ് ഇമാം ഹാരിസ് സഖാഫി, മുഹമ്മദ് കുഞ്ഞ് സഖാഫി, അബ്ദുസലാം മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി. കിഴക്കേ മുട്ടം മുഹിയദ്ദീൻ മസ്ജിദിൽ നടന്ന മൗലൂദ് സദസ് പി.എസ്.എം. അഷറഫ് മുസ്ലിയാർ നേതൃത്വം നൽകി. ദാറുൽ മുസ്തഫ മദ്രസയിൽ നടന്ന മൗലൂദിന് തുഫൈൽ നിസാമി നേതൃത്വം നൽകി. തുടർന്ന് കിഴക്കേ മുട്ടം മുഹിയദ്ധീൻ പള്ളിയിൽനിന്നു രാവിലെ 9ന് ആരംഭിച്ച റാലി നഗരം ചുറ്റി പടിഞ്ഞാറേമുട്ടം പള്ളിയിൽ സമാപിച്ചു.
ജമാഅത്തിലെ മൂന്ന് മദ്രസകളിലെയും വിദ്യാർഥികളും റാലിയിൽ അണിനിരന്നു. വിവിധ സ്ഥലങ്ങളിൽ റാലിയെ സ്വീകരിച്ചു ഇതര മതസ്ഥരും നബിദിന റാലിക്ക് മധുരം വിളമ്പി. റാലിക്കുശേഷം പള്ളിയിൽ അന്നദാനവും നൽകി. ജമാഅത്ത് ഭാരവാഹികളായ ബദറുദ്ദീൻ, ഷാജി, മുജീബ്, ഷംസുദ്ദീൻ, ഹനീഫ, അബ്ദുറഹ്മാൻ, അബ്ദുൽ റഷീദ്, സലിം, അഷറഫ്, അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
ചേര്‍ത്തല: ചേർത്തല മുസ്ലിം ജമാഅത്തിന്റെയും നെടുമ്പ്രക്കാട് രിഫാഇയ്യ ജുമാ മസ്ജിദിന്റെയും നേതൃത്വത്തിൽ നടത്തുന്ന നബിദിനാഘോഷങ്ങളുടെ ഭാഗമായി നബിദിന സന്ദേശറാലി നടത്തി. ചേർത്തല സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം ആബിദ് ഹുസൈൻ മിസ്ബാഹി, രിഫാഇയ്യാ ജുമാ മസ്ജിദ് ചീഫ് ഇമാം യൂസുഫ് ബാഖവി, രിഫാഇയ്യാ ജുമാ മസ്ജിദ് പ്രസിഡന്റ് ബി. ഫൈസൽ, മുജീബ്, സി.എ. മജീദ്, വി.എച്ച്.റഫീഖ്, സിറാജുദ്ദീൻ സുഹ്രി, നാസർ നിസാമി എന്നിവർ നേതൃത്വം നൽകി.
മണ്ണഞ്ചേരി: വടക്കനാര്യാട് മുസ്ലിം ജമാത്ത് കമ്മിറ്റിയുടെയും മദർ മസ്ജിദിന്റെയും നേതൃത്വത്തിൽ നടത്തിയ നബിദിന റാലി മതമൈത്രിയുടെ സന്ദേശം വിളിച്ചോതി. മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി മുജീബ്റഹ്മാൻ, നഹാസ് നഈമി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ നബിദിന സന്ദേശ ജാഥയ്ക്ക് അഖില കേരള ധീവരസഭ വടക്കനാര്യാട് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി. ജാഥയിൽ അണിചേർന്നവർക്കായി പായാസവിതരണവും നടത്തി. പ്രസിഡന്റ് ഭുവനചന്ദ്രൻ, വൈസ് പ്രസിഡന്റ് സാരസാക്ഷൻ, സെക്രട്ടറി വിനോദ് കുമാർ എന്നിവർ സ്വീകരണത്തിനു നേതൃത്വം നൽകി.