കിടങ്ങറ പ്രദേശവാസികൾ കാട്ടുപന്നിയാക്രമണ ഭീതിയിൽ
1453110
Friday, September 13, 2024 11:50 PM IST
മങ്കൊമ്പ്: കുട്ടനാട്ടിലെ കിടങ്ങറ പ്രദേശവാസികൾ കാട്ടുപന്നിയാക്രമണ ഭീതിയിൽ. കഴിഞ്ഞ ഒരുമാസത്തിലേറെയായി വിവിധ വിളകൾ നശിപ്പിച്ചുവരുന്ന ജീവി കാട്ടുപന്നി തന്നെയാണെന്ന ഉറപ്പിച്ചു കഴിഞ്ഞു നാട്ടുകാർ. ഒരു മാസം മുൻപ് കെ.സി പാലത്തിന് വടക്കേക്കരയിലുള്ള പ്രദേശത്താണ് ആദ്യം അജ്ഞാത ജീവിയുടെ ആക്രമണം അനുഭവപ്പെട്ടത്.
ആദ്യം നേരിൽ കണ്ടവർ പലരും പന്നിയെ കണ്ട വിവരം പറഞ്ഞെങ്കിലും നാട്ടുകാർ വിശ്വസിച്ചില്ല. ഇതിനിടെ സമീപത്തെ പള്ളിയിലെ സിസിടിവി കാമറയിൽ പന്നിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. ആദ്യം പ്രദേശത്തെ ഒരു കർഷകന്റെ പുരയിടത്തിൽ നിന്നിരുന്ന തെങ്ങിൽ തൈകൾ ചുവടോടെ മറിച്ചിട്ടു.
കഴിഞ്ഞദിവസം കിടങ്ങറ ഭാഗത്തെ ഒരു പുരയിടത്തിലെ ഒരാൾ പൊക്കമുള്ള കവുങ്ങിൻ തൈകളും പിഴുതു നീക്കി.
രാത്രിയിൽ പട്ടി കുരയ്ക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ ഗൃഹനാഥൻ കാട്ടുപന്നി വീടിനു സമി പത്തെ ഇടത്തോട് നീന്തിക്കടക്കുന്നത് കണ്ടതായി പറയുന്നു.
വ്യത്യസ്ത സിസി കാമറാ ദൃശ്യങ്ങളും നാട്ടുകാരുടെ വാദത്തിനു ആക്കം കൂട്ടുന്നു. ആളൊഴിഞ്ഞതും കാടുപിടിച്ചതുമായ നിരവധി പുരയിടങ്ങൾ പ്രദേശത്തുണ്ട്. ഇവിടെ താവളമടിക്കുന്ന ജീവി രാത്രികാലങ്ങളിൽ പുറത്തിറങ്ങി വിളകൾ നശിപ്പിക്കുകയാണെന്നാണ് നാട്ടുകാർ കരുതുന്നത്.
കാട്ടുപന്നി ഭീതി പടർന്നതോടെ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ ഭയക്കുകയാണ് പ്രദേശത്തെ ജനങ്ങൾ. ഏതാനും വർഷങ്ങൾക്ക് മുൻപ് എസി റോഡിൽ കിടങ്ങറ ഭാഗത്ത് മുള്ളൻപന്നി ലോറി കയറി ചത്തിരുന്നു. ഈ സംഭവം കാട്ടുപന്നിയുടെ സാന്നിധ്യം ഉറപ്പിക്കാൻ നാട്ടുകാരെ പ്രേരിപ്പിക്കുന്നു.
നാടാകെ ഭീതിയിലായതോടെ ഉറക്കം കെടുത്തുന്ന ജീവിയെ കണ്ടെത്തി വെടിവച്ചു കൊല്ലണമെന്നാവശ്യപ്പെട്ട് ബ്ബോക്ക് പഞ്ചായത്തംഗവും നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയംഗവുമായ സി.വി. രാജീവ് വെളിയനാട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. അടിയന്തര നടപടി സ്വീകരിക്കാൻ അനുകൂല നടപടിയുണ്ടാകുമെന്നു മറുപടി ലഭിച്ചതായും അദ്ദേഹം അറിയിച്ചു.