ജപ്തി ചെയ്ത കുടുംബത്തെ സംരക്ഷിക്കുമെന്ന്
1453107
Friday, September 13, 2024 11:50 PM IST
മുഹമ്മ: കേരള ബാങ്ക് വീട് ജപ്തി ചെയ്തതിനെതുടർന്ന് പെരുവഴിയിലായ ആര്യക്കര പുളിക്കൽ രാജേന്ദ്രപ്രസാദിനെയും കുടുംബത്തെയും ഹിന്ദു ഐക്യവേദി പ്രവർത്തകർ സന്ദർശിച്ചു. സർക്കാർ നയത്തിന് വിരുദ്ധമായി വീട് ജപ്തി ചെയ്ത നടപടിയിൽ ഭൂമാഫിയാ ബന്ധമുള്ളതായി രാജേന്ദ്രപ്രസാദും കുടുംബവും ഹിന്ദു ഐക്യവേദി പ്രവർത്തകരോട് പറഞ്ഞു.
ജപ്തിക്കുശേഷം ബാങ്ക് ഉൾപ്പെടെയുള്ള അധികാരികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കുടുംബം പറയുന്നു. ഇത്തരം സമീപനങ്ങളെ അടിസ്ഥാനമാക്കിയാണ് ഭൂമാഫിയാ ബന്ധം സംശയിക്കുന്നതെന്നും പറഞ്ഞു. ബന്ധുവിന്റെ കാരുണ്യത്തിലാണ് കുടുംബം കഴിയുന്നത്. രാജേന്ദ്രപ്രസാദിന്റെ മകൻ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് വീട് ജപ്തി ചെയ്തത്. താമസിക്കുന്ന വീട് ജപ്തി ചെയ്യരുതെന്ന സർക്കാർ നയം മാനിക്കാതെയാണ് സർക്കാരിന്റെ അധീനതയിലുള്ള കേരളാ ബാങ്കിന്റെ നടപടിയെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികൾ പറഞ്ഞു.
രാജേന്ദ്രപ്രസാദിന്റെ മകൻ ഡെങ്കിപ്പനി ബാധയെതുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോഴാണ് കഴിഞ്ഞ ദിവസം ജപ്തി നടന്നത്. രാജേന്ദ്രപ്രസാദും കടുംബാംഗങ്ങളും ഈ സമയം മെഡിക്കൽ കോളജിൽ ആയിരുന്നു. അയൽവാസികൾ അരുതെന്ന് പറഞ്ഞെങ്കിലും പൂട്ട് പൊളിച്ച് അകത്തുകയറി പുതിയ പൂട്ടിട്ട് പൂട്ടുകയായിരുന്നുവെന്ന് രാജേന്ദ്രപ്രസാദ് പറയുന്നു. ഉടുവസ്ത്രം പോലും വീട്ടിൽനിന്ന് എടുക്കാനാവത്ത സ്ഥിതിയുണ്ടായെന്നും മകൾക്ക് പിഎസ് സി ടെസ്റ്റിനു ഹാജരാകാൻ കഴിയാതെ വന്നെന്നും പറയുന്നു. ഉപജീവന മാർഗമായുള്ള സോഡാ നിർമാണ യൂണിറ്റും വീടിനോട് ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. ഇതും തുറക്കാനാവാത്ത സ്ഥിതിയുണ്ടായി.
ഹിന്ദു ഐക്യവേദി ചേർത്തല താലൂക്ക് പ്രസിഡന്റ് കെ. പുരുഷോത്തമൻ, സെക്രട്ടറി മുരളീധരൻ, മുഹമ്മ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ആർ. പ്രസാദ് എന്നിവരാണ് വീട് സന്ദർശിച്ചത്.