കെപി റോഡിൽ അപകടങ്ങൾ വർധിക്കുന്നു; നിയന്ത്രണ പദ്ധതികൾ പ്രഖ്യാപനത്തിൽ മാത്രം
1450621
Wednesday, September 4, 2024 11:56 PM IST
കായംകുളം: അപകടനിയന്ത്രണ പദ്ധതികൾ പ്രഖ്യാപനത്തിൽ ഒതുങ്ങിയതോടെ കായംകുളം-പുനലൂർ കെപി റോഡിൽ അപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞത്. കൂടാതെ ചെറുതും വലുതുമായ അമ്പതിലേറെ അപകടങ്ങളുണ്ടാകുകയും ചെയ്തു.
കഴിഞ്ഞദിവസം രാത്രി കെപി റോഡിൽ സ്വകാര്യബസും കാറും ബൈക്കും ഉൾപ്പെടെ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറോടിച്ച ആൾ മരിച്ചതാണ് ഒടുവിലത്തെ അപകടം. ബസ് യാത്രക്കാർ ഉൾപ്പെ ടെ നിരവധിപേർക്കു പരിക്കേറ്റു. കാർ ഡ്രൈവർ ശൂരനാട് ശ്രീഭവനത്തിൽ ശ്രീരാജ് (43) ആണ് മരിച്ചത്.
കെഎസ്ആർടിസി പാലക്കാട് ഡിപ്പോയിലെ ഡ്രൈവറായിരുന്നു ശ്രീരാജ്. അപകടത്തിൽ 16 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ കറ്റാനത്തെ സ്വാകാര്യ ആശുപത്രിയിലും നൂറനാട് കെസി എം ആശുപത്രിയിലും പ്രവേശിപ്പിച്ചു. കായംകുളത്തുനിന്നും വന്ന സ്വകാര്യബസ് ചാരുംമൂട് ഭാഗത്തുനിന്നും വന്ന കാറിൽ ഇടിക്കുകയായിരുന്നു.
കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ റിനേഷ്, ബിജു, അജി അനീഷ് എന്നിവരെ വെട്ടിക്കോട് മേപ്പള്ളികുറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് അമിത വേഗത്തിൽ വന്നതാണ് അപകടത്തിനു കാരണമെന്ന് ബസിലെ യാത്രക്കാർ പറഞ്ഞു. ബൈക്ക് യാത്രികൻ നിസാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
സ്വകാര്യബസുകളും ടിപ്പറുക കൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അമിതവേഗതയും അപകടം വർധിക്കാൻ കാരണമാകുകയാണ്.
സ്വകാര്യബസുകളുടെ മത്സരയോട്ടവും ടിപ്പർ ലോറികളുടെ മരണപ്പാച്ചിലും കെപി റോഡിൽ അറുതിയില്ലാതെ തുടരുകയുമാണ്. അപകടനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതാണ് തുടർച്ചയായി അപകടങ്ങൾ ഉണ്ടാകാൻ പ്രാധാന കാരണം. ചാരുംമൂട് ജംഗ്ഷനിലും തിരക്കേറിയ കുറ്റിത്തെരുവ് ജംഗ്ഷനിലും സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റുകൾ മാത്രമാണ് കെ.പി.റോഡിൽ ആകെയുള്ള ഗതാഗത നിയന്ത്രണ സംവിധാനം.
മാതൃകാ ജംഗ്ഷനായി പ്രഖ്യാപിച്ച ചാരുംമൂട് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ തെറ്റിച്ച് വാഹനങ്ങൾ കടന്നുപോകുന്നതും പതിവാണ്. സിഗ്നൽ തെറ്റിച്ചുപോകുന്ന വാഹനങ്ങൾ കണ്ടെത്തി നടപടിയെടുക്കാനായി ജംഗ്ഷനിൽ സിസി ടിവി കാമറ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഇതൊന്നും ബാധകമല്ലെന്ന നലയിൽ വാഹനം ഓടിച്ചു പോകുന്നവരെ കണ്ടെത്തി നടപടി എടുക്കാൻ അധികൃതർക്ക് കഴിയുന്നുമില്ല.
കുറ്റിത്തെരുവ് ജംഗ്ഷനും ഇപ്പോൾ സ്ഥിരം അപകടമേഖലയായി മാറി. സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയെങ്കിലും വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ സംവിധാനമില്ല. ജംഗ്ഷനിൽ പോലീസ് സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ദിനംപ്രതി കെപി റോഡിൽ അപകടങ്ങൾ കൂടുകയാണ്. ഭരണിക്കാവ് പഞ്ചായത്ത് മുമ്പ് സമ്പൂർണ അപകടനിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പഞ്ചായത്തിലെ കറ്റാനം ഉൾപ്പെടുന്ന മേഖലയിലാണ് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രധാന ജംഗ്ഷനുകളിലെ റോഡരുകിലെ അനധികൃത വാഹന പാർക്കിഗും കൂടിയിട്ടുണ്ട്. കെപി റോഡിലെ വർധിച്ചുവരുന്ന അപകടങ്ങൾ നിയന്ത്രിക്കാൻ റോഡിൽ സുരക്ഷാവരകൾ, ദിശാ സൂചകങ്ങൾ, സ്പീഡ് ബ്രേക്കറുകൾ എന്നിവ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ചാരുംമൂട് ജംഗ്ഷനിൽ
ഗതാഗതനിയമങ്ങൾ ലംഘിക്കുന്നു
ചാരുംമൂട്: കെപി റോഡും കൊല്ലം-തേനി ദേശീയപാതയും സംഗമിക്കുന്ന ചാരുംമൂട് ജംഗ്ഷനിൽ കെഎസ്ആർടിസി ബസുകളും സ്വകാര്യബസുകളും ഗതാഗതനിയമങ്ങൾ ലംഘിക്കുന്നു. ഈ രണ്ടു റോഡുകളിലുംകൂടി ബസുകളടക്കം നൂറുകണക്കിനു വാഹനങ്ങൾ ദിവസേന സർവീസ് നടത്തുന്നുണ്ട്.
നൂറോളം കെഎസ്ആർടിസി, സ്വകാര്യബസുകളാണ് സർവീസ് നടത്തുന്നത്. ബസുകൾക്ക് റോഡുകളിൽനിന്നുമാറി പാർക്കുചെയ്യാൻ സ്ഥലമില്ലാത്തത് ചാരുംമുട്ടിലെ ഗതാഗതക്കുരുക്കിനു പ്രധാനകാരണമാണ്. ചാരുംമൂട്ടിൽ നാലു ഭാഗത്തായുള്ള കാത്തിരിപ്പുകേ ന്ദ്രങ്ങളിലേക്ക് ബസുകളെത്താതെ ജംഗ്ഷനിൽ നിർത്തി യാത്രക്കാരെ ഇറക്കുന്നതാണ് എല്ലാദിവസവും രാവിലെയുണ്ടാകുന്ന പ്രശ്നം.
പിന്നാലെയെത്തുന്ന ബസുകൾ റോഡിനു കുറുകെ നിർത്തിയിടുന്നതുമൂലം രണ്ടുറോഡുകളിലും ഗതാഗതസ്തംഭനമുണ്ടാകുന്നു. അതേപോലെ പകൽസമയം സിഗ്നൽ കാത്തുകിടക്കുന്ന ബസുകളിൽനിന്നു വാതിൽ തുറന്ന് യാത്രക്കാരെ ഇറക്കാൻ ജീവനക്കാർ കാണിക്കുന്ന ധൃതിയും യാത്രക്കാരുടെയും പിന്നാലെവരുന്ന ഇരുചക്രവാഹനയാത്രക്കാരുടെയും ജീവനു ഭീഷണിയാണ്.