അരൂര്‍-തുറവൂര്‍ ദേശീയപാത നിര്‍മാണം: ഒട്ടേറെ അപകടങ്ങളുണ്ടായെന്ന് പോലീസ് ഹൈക്കോടതിയിൽ
1443183
Thursday, August 8, 2024 11:34 PM IST
കൊച്ചി: അരൂര്‍-തുറവൂര്‍ ദേശീയപാത നിര്‍മാണം നടക്കുന്ന ഭാഗത്ത് ഒട്ടേറെ അപകടങ്ങളുണ്ടായെന്ന് പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു. കുത്തിയതോട് എസ്ഐ കോടതിയില്‍ നേരിട്ടു ഹാജരായാണ് വിശദീകരണം നല്‍കിയത്. പണി നടക്കുന്നിടത്ത് ഗതാഗത നിയന്ത്രണത്തിന് എല്ലാ നടപടിയും സ്വീകരിക്കുമെന്നും നിര്‍മാണാവശിഷ്ടങ്ങളും രാസദ്രാവകങ്ങളും നീക്കംചെയ്യാന്‍ ബന്ധപ്പെട്ട ഏജന്‍സികളോടു നിര്‍ദേശിക്കുമെന്നും പോലീസ് ആവശ്യപ്പെട്ടു.
നിര്‍മാണമേഖലയില്‍ സര്‍വീസ് റോഡുകളും കാനകളും കാര്യക്ഷമമാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് എഴുപുന്ന സൗത്ത് സ്വദേശി ലിജിന്‍ നല്കിയ ഹര്‍ജിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റീസ് എസ്. മനുവും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. റോഡ് നിര്‍മാണത്തിന് അലൈന്മെന്റില് എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ വിശദീകരണം നല്കാന് കോടതി ദേശീയപാതാ അഥോറിറ്റിയോട് നിര്‍ദേശിച്ചു.