അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ: ഗതാഗതം സുഗമമാക്കാൻ പുനഃക്രമീകരണം
1435523
Friday, July 12, 2024 10:21 PM IST
ചേര്‍ത്തല: തുറവൂര്‍-അരൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് എലിവേറ്റഡ് ഹൈവേയുടെ പടിഞ്ഞാറുഭാഗത്തെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നിര്‍മാണ പ്രവൃത്തികള്‍ ഇന്നലെ രാത്രിയോടെ ആരംഭിച്ചു. ഇതോടെ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം നിയന്ത്രണത്തിലായി.
ഗതാഗതപ്രശ്നങ്ങള്‍ കുറയ് ക്കാന്‍ ആരംഭിച്ച കിഴക്കേ റോഡ് സഞ്ചാരയോഗ്യമാക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നു നല്‍കിയിട്ടുണ്ട്. ഇതുവഴി വടക്ക് അരൂര്‍ ഭാഗത്തേക്കുള്ള സിംഗിള്‍ ലൈന്‍ ട്രാഫിക്കാണ് അനുവദിച്ചിരിക്കുന്നത്. വരുന്ന രണ്ടുമൂന്നു ദിവസങ്ങള്‍ അവധി ആയതിനാല്‍ അത് പരമാവധി ഉപയോഗപ്പെടുത്തി റോഡ് സഞ്ചാരയോഗ്യമാക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.
പുതിയ ഗതാഗത
ക്രമീകരണം
ഫ്ലൈഓവറിന്റെ പടിഞ്ഞാറുഭാഗത്തെ റോഡ് ഗതാഗതം തടയുന്നതോടെ തുറവൂരിൽനിന്നും അരൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ പണി പൂര്‍ത്തിയാക്കിയ കിഴക്കേ റോഡിലൂടെ സിംഗിൾ ലൈന്‍ ട്രാഫിക്കായി വടക്കോട്ട് പോകാന്‍ അനുവദിക്കും. നിലവില്‍ അരൂരില്‍നിന്നു തുറവൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ നേരത്തെ ക്രമീകരിച്ചിട്ടുള്ളതുപോലെ അരൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്തുനിന്ന് വളഞ്ഞ് അരൂക്കുറ്റി വഴി തൈക്കാട്ടുശേരി വഴി തിരിഞ്ഞുതന്നെ പോകണം. തെക്ക് നിന്നുവരുന്ന വാഹനങ്ങള്‍ തുറവൂരില്‍നിന്ന് കുമ്പളങ്ങി വഴി തിരിച്ചുവിടുന്നത് റെയില്‍വേ ക്രോസ് ഉള്ളതിനാല്‍ പ്രായോഗികമല്ല എന്ന് കണ്ടതിനാലാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചേര്‍ത്തലയില്‍
അടിയന്തരയോഗം
ഗതാഗതനിയന്ത്രണം നടപ്പിലാക്കിയതോടെ അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിലയിരുത്താനായി ജില്ലാ കളടക്ടര്‍ അലക്സ് വർഗീസിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേർത്തല റസ്റ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു.
ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. പ്രസാദിന്റെ നിര്‍ദേശപ്രകാരമാണ് യോഗം ചേര്‍ന്നത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, പോലീസ് ഉദ്യോഗസ്ഥര്‍, അഗ്നിശമനസേന-മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍, ദേശീയപാത ഹൈവേ അഥോറിറ്റി പ്രതിനിധികള്‍, വിവിധ വകുപ്പുമേധാവികള്‍, പദ്ധതിയുമായി നേരിട്ടുബനധമുള്ള പഞ്ചായത്തുപ്രസിഡന്റുമാര്, തദ്ദേശസ്വയംഭരണവകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍, കരാര്‍ ഏറ്റെടുത്തവരുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കുഴിയെടുക്കുമ്പോള്‍
ഉണ്ടാകുന്ന ചെളി നീക്കും
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ നിര്‍മാണത്തിനായി കുഴിക്കുമ്പോൾ ഉണ്ടാകുന്ന ചെളി എത്രയും പെട്ടെന്ന് നീക്കം ചെയ്യാന്‍ യോഗത്തില്‍ ധാരണയായി. കുഴിയെടുക്കുമ്പോൾ പുറന്തള്ളുന്ന ചെളി റോഡിലേക്ക് ഒഴുകി കാൽനടപോലും ബുദ്ധി മുട്ടിലാവുന്നത് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇതിന് ഈ ആഴ്ച സമയം അനുവദിച്ചു. പണി പുരോഗമിക്കുമ്പോൾ അത് റോഡിലേക്ക് ഒഴുകാതെ കുഴിയെടുത്ത് ഒഴുക്കിമാറ്റും. നിലവിലെ ചെളി നീക്കുന്നതിന് സ്ഥലം നോക്കി വരുകയാണെന്ന് ദേശീയ പാത അധികൃതർ യോഗത്തിൽ പറഞ്ഞു.
ഗതാഗതം തിരിച്ചുവിടാൻ പോലീസ്
ഗതാഗതം തിരിച്ചുവിടുന്ന ഭാഗങ്ങളിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കുന്നതിനൊപ്പം ആവശ്യത്തിന് ട്രാഫിക് മാർഷൽമാരെ നിയോഗിക്കാൻ ദേശീയ പാത അഥോറിട്ടി ഉദ്യോഗസ്ഥർക്ക് യോഗം നിർദേശം നൽകി. എലിവേറ്റഡ് ഹൈവേ നിർമാണം നടക്കുന്ന ഇടം വേർതിരിക്കുന്നതിന് സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡ് ഏറെ ഉയർന്നതായതിനാൽ കാഴ്ച മറയ്ക്കുന്നത് ഒഴിവാക്കാൻ ബാരിക്കേഡിന്റെ ഉയരം കുറയ്ക്കും. സ്കൂളുകളുടെ മുന്നിൽ കുട്ടികൾക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിന് പ്രത്യേകം നടപടിസ്വീകരിക്കും. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാർ സ്വീകരിക്കേണ്ട കാര്യങ്ങൾ വിശദമാക്കുന്ന ഡിപിആർ ജില്ലാ കളക്ടർക്ക് നൽകി. രണ്ടാഴ്ച കൂടുമ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരാനും തീരുമാനിച്ചു.
ഭാരവാഹനങ്ങള്‍ എംസി റോഡ് വഴി പോകണം
കണ്ടെയ്നര്‍, ലോഡുമായി വരുന്ന ലോറികള്‍, ടാങ്കര്‍ ലോറികല്‍, ഗ്യാസ് വാഹനങ്ങള്‍ തുടങ്ങിയ എറണാകുളം ഭാഗത്തുനിന്നു വരുന്ന ഭാരവാഹനങ്ങള്‍ പൂര്‍ണമായും എംസി റോഡ് വഴിയാകും. തിരുവനന്തപുരത്തുനിന്നു വരുന്ന വാഹനങ്ങളും എംസി റോഡ് വഴി പോകാനാണ് ധാരണ. ഇതിനായി അതത് മേഖലകളില്‍ വാഹനങ്ങള്‍ തിരിച്ചുവിടുവാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും. അതേസമയം കെഎസ്ആര്‍ടിസി, സ്വകാര്യബസ് തുടങ്ങിയപോലുള്ള യാത്രാവാഹനങ്ങളെ ആലപ്പുഴ വഴി കടത്തിവിടും.