മഴക്കാല പൂര്‍വ ശുചീകരണം; പൊതുവിടങ്ങളില്‍ മെഗാക്ലീനിംഗ് ഇന്ന്
1423449
Sunday, May 19, 2024 6:04 AM IST
ആലപ്പുഴ: ജനപങ്കാളിത്തത്തോടെയുള്ള മഴക്കാലപൂര്‍വ ശുചീകരണത്തിന് ജില്ലയില്‍ തുടക്കം. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് രണ്ടു ദിവസത്തെ മെഗാ ക്ലീനിംഗ് നടക്കുന്നത്. ആദ്യ ദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ശുചീകരിച്ചത്. പെരുമ്പളം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. ഇന്ന് പൊതുവിടങ്ങള്‍ ശുചിയാക്കും.
ജില്ലാ പഞ്ചായത്ത്, നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ തുടങ്ങിയ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സാംസ്കാരികരംഗത്തുള്ളവര്‍, തൊഴിലാളികള്‍, സന്നദ്ധ സേവകര്‍ എന്നിവരുടെ നേതൃത്വത്തിലുമാണ് ജില്ലയിലെ 78 തദ്ദേശസ്ഥാപനങ്ങളിലും മെഗാ ക്ലീനിംഗ് നടത്തുന്നത്.
മെഗാ ക്ലീനിംഗിന്റെ ഭാഗമായി ജില്ലയിലെ 1169 പഞ്ചായത്ത് വാര്‍ഡുകളിലും 215 മുനിസിപ്പല്‍ വാര്‍ഡുകളിലും നാല് വീതം ശുചീകരണ കേന്ദ്രങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഇവിടെ കുറഞ്ഞത് 25 സന്നദ്ധ സേവകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. കഴിഞ്ഞ പതിനാലിന് ഇതുസംബന്ധിച്ച് ഭരണസമിതിയോഗം ചേര്‍ന്ന് പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു.
എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഭരണ സമിതി അംഗങ്ങള്‍, റസിഡന്‍സ് അസോസിയേഷന്, യുവജന സംഘടനകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മസേന അംഗങ്ങള്‍ എന്നിവ വൃത്തിയാക്കലിന്റെ ഭാഗമാകും.
പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി ഹോട്ട് സ്പോട്ടുകള്‍, മാലിന്യ കൂമ്പാരങ്ങള്‍ എന്നിവയുടെ പട്ടിക മെഗാ ക്ലീനിംഗിന്റെ ഭാഗമായി തയാറാക്കിയിട്ടുണ്ട്. ഇവിടെയെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ ഓടകളും കനാലുകളും ചെറുതോടുകളും വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കും.